അരൂര്‍ ബോംബേറ്;കേസ് അന്വേഷണത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പോലീസിനെ തുണച്ചില്ല

By | Wednesday January 4th, 2017

SHARE NEWS
നാദാപുരം: അരൂര്‍ കോട്ടുമുക്കില്‍ അടുത്തടുത്ത ദിവസങ്ങളിലായി രണ്ട് ബോംബറുകള്‍ ഉണ്ടായ സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ബോംബേറുണ്ടായ റോഡിന് സമീപത്തെ സ്ഥാപനത്തിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസ് പരിശോധനയ്ക്കെടുത്തെങ്കിലും ബോംബറിയുന്ന ദൃശ്യം കാണാനായില്ല. റോഡില്‍ ബോംബുവീണ് പൊട്ടിത്തെറിക്കുന്നതും സ്ഫോടനത്തെ തുടര്‍ന്നുണ്ടായ പുകപടലങ്ങളും മാത്രമാണ് സി.സി.ടി.വി.യില്‍ കാണാനായത്.
ബോംബേറില്‍ പോലീസ് വാഹനത്തിന്റെ ഗ്ലാസ് തകര്‍ന്ന സംഭവത്തില്‍ പൊതു മുതല്‍ നശിപ്പിച്ചതിനും എക്സ്പ്ലോസീവ് ആക്‌ട് പ്രകാരവും നാദാപുരം പോലീസ് കേസെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി പത്തേ മുക്കാലിനാണ് അരൂര്‍ കോട്ടുമുക്കില്‍ ബോംബെറുണ്ടായത്. റോഡില്‍ പതിച്ച്‌ പൊട്ടിയ ബോംബിന്റെ ചീളുകള്‍ തെറിച്ച്‌ പോലീസ് ജീപ്പിന്റെ മുന്‍ ഭാഗത്തെ ഗ്ലാസിന് തകര്‍ന്നിരുന്നു. ഈസമയം പോലീസ് വാഹനപരിശോധന നടത്തുകയായിരുന്നു. അഡീ. എസ്.ഐ. വാസു ഉള്‍പ്പെടെ മൂന്ന് പോലീസുകാരാണ് സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നത്. ഇവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പുതിയ സ്റ്റീല്‍ ബോംബാണ് ആക്രമണത്തിന് ഉപയോഗിച്ചത്. ഞായറാഴ്ച രാത്രി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ വാഹനവ്യൂഹം കടന്നു പോയതിന് പിന്നാലെ കോട്ടുമുക്കിന് സമീപം ബോംബെറിഞ്ഞിരുന്നു.
ഉഗ്ര സ്ഫോടകശക്തിയുള്ള സ്റ്റീല്‍ ബോംബുകളാണെറിഞ്ഞത്. ഈ സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷിച്ചു വരുന്നതിനിടയിലാണ് തിങ്കളാഴ്ച രാത്രി വീണ്ടും ബോംബേറുണ്ടായത്. റൂറല്‍ എസ്.പി. എന്‍. വിജയകുമാര്‍, സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. കുബേരന്‍ നമ്പൂതിരി, നാദാപുരം സി.ഐ. ജോഷി ജോസ്, കുറ്റ്യാടി സി.ഐ. ടി. സജീവന്‍, എസ്.ഐ. കെ.പി. അഭിലാഷ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തി.
ഇതിനിടയില്‍ അരൂരിലെ കല്ലുംപുറത്ത് സി.പി.എം. ബ്രാഞ്ച് കമ്മിറ്റി ഓഫീസായി പ്രവര്‍ത്തിക്കുന്ന കേളുവേട്ടന്‍ സ്മാരകമന്ദിരത്തിന്റെ ചുമരിലു മറ്റും കരിയോയിലൊഴിച്ച്‌ വികൃതമാക്കി. കരിയോയില്‍ കൊണ്ടു വന്ന രണ്ട് ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികള്‍ കെട്ടിടത്തിന്റെ മുന്‍വശത്തെ റോഡില്‍ നിന്ന് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. നാദാപുരം എസ്.ഐ.യും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.  സംഭവത്തില്‍ പ്രതിഷേധിച്ച്‌ കല്ലുമ്ബുറത്ത് സി.പി.എം. പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.
കുറ്റ്യാടി എം.എല്‍.എ. പാറക്കല്‍ അബ്ദുള്ള അരൂരില്‍ സന്ദര്‍ശനം നടത്തി. ക്രമസമാധാനം തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് അരൂരിലുണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. സി.പി.ഐ., ബി.ജെ.പി., കോണ്‍ഗ്രസ് പാര്‍ട്ടിനേതാക്കളും സമഗ്രാന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു.

Tags: , , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read