വേനലില്‍ വാടാതിരിക്കാന്‍

By | Friday April 20th, 2018

SHARE NEWS

ചൂടില്‍ ഉരുകിയൊലിക്കുകയാണ് നാടും നഗരവും. ഉച്ചനേരങ്ങളില്‍ മാത്രമല്ല രാവിലെത്തന്നെ വെയിലിന് ചൂടുപിടിക്കുന്നു. വൈകീട്ടും കുറയുന്നില്ല. ചൂടില്‍ പാലക്കാടാണ് സംസ്ഥാനത്ത് മുന്‍പന്തിയിലുള്ളത്. തൊട്ടുപിന്നാലെ കോഴിക്കോടും. ഏപ്രില്‍ തുടങ്ങിയിട്ടേ ഉള്ളൂവെങ്കിലും 30 -40 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് പല ജില്ലകളിലും രേഖപ്പെടുത്തുന്ന ശരാശരി ചൂട്. നിലവിലെ സ്ഥിതി അനുസരിച്ച് ഇനിയുള്ള രണ്ട് മാസം; ചുട്ടുപൊള്ളുമെന്നുറപ്പാണ്.

ഉച്ചിയില്‍ സൂര്യന്‍ തൊടുമ്പോള്‍ തളര്‍ച്ചയെ വിയര്‍പ്പുതുള്ളിക്കൊപ്പം തൂത്തെറിയാന്‍ വിധിക്കപ്പെട്ട ഒരുപാടു പേരുണ്ട് നമുക്ക് ചുറ്റും. ചുമട്ടുതൊഴിലാളിയായി, നിര്‍മാണമേഖലയിലെ പണിക്കാരനായി, ട്രാഫിക് പോലീസുകാരായി; പല റോളുകളില്‍ കാണാം അവരെ. ഉച്ചസമയങ്ങളില്‍ പണി ചെയ്യുന്നത് ഒഴിവാക്കണമെന്ന് നിര്‍ദേശമുണ്ടാവാറുണ്ടെങ്കിലും അത് പാലിക്കാന്‍ പറ്റാത്തവരാണിവര്‍.
കെട്ടിടം പണിയുന്നവരും മഴ വരുന്നതിന് മുമ്പ് അറ്റകുറ്റപ്പണി നടത്തുന്നവരുമെല്ലാം പൊള്ളുന്ന വെയിലത്ത് തന്നെയാണ്. ചിലരെങ്കിലും ജോലിസമയത്തില്‍ ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്. ‘പണിയെടുക്കാതിരിക്കുന്നതെങ്ങനെ. കുടുംബം പുലര്‍ത്താന്‍ വേറെന്തു ചെയ്യും. അപ്പോള്‍ പിന്നെ വെയിലു കൊള്ളുക തന്നെ’
ഇതുതന്നെയാണ് ചുമട്ടുകാരുടേയും അവസ്ഥ. സാധനങ്ങള്‍ എത്തുന്നതിനനുസരിച്ചായിരിക്കും പണി. വലിയ തലച്ചുമടുമേന്തി വെയിലില്‍ നടക്കുന്നത് അസഹനീയം തന്നെയാണ്. ചെരുപ്പു പോലുമിടാതെ റോഡിലൂടെ കൈവണ്ടി വലിച്ചു നീങ്ങുന്നവരുമുണ്ട്.
ട്രാഫിക് പോലീസുകാരാണ് മറ്റൊരു കൂട്ടര്‍. റോഡിലെ ചൂടും സൂര്യന്റെ ചൂടും ഒപ്പം പൊടിയും ബഹളവും. എല്ലാത്തിനും നടുവില്‍നിന്ന് വാഹനങ്ങളെ പലവഴി തിരിച്ചുവിടാന്‍ സാഹസപ്പെടുകയാണ് ഇവര്‍. മണിക്കൂറുകളോളം ഒന്നിരിക്കാന്‍ പോലും പറ്റാതെയാണ് ഇവരുടെ ജോലി

ഉന്തുവണ്ടി കച്ചവടക്കാരുടെ സ്ഥിതിയും ഭിന്നമല്ല. ഇത്തിരി തണുപ്പു തേടി പൊരിവെയിലില്‍ വലഞ്ഞവര്‍ ഈ കച്ചവടക്കാരുടെ അടുത്തേക്കാണ് എത്തുന്നത്. കച്ചവടം കൂടുമെങ്കിലും താങ്ങാനാവാത്ത ചൂടാണിതെന്ന് ഇവരും പറയുന്നു.

ശീതളപാനീയവിപണി സജീവം

നഗരത്തെ തണുപ്പിക്കാന്‍ വത്തയ്ക്കയും ഇളനീരും സംഭാരവുമെല്ലാം വില്‍ക്കുന്നുണ്ട്, പല ഭാഗങ്ങളിലും. ഏറെയും വഴിയോര വിപണികളാണ്. വത്തയ്ക്ക ജ്യൂസിന് ഒരു ഗ്ലാസിന് 10 15 രൂപയാണ് വില. തണ്ണിമത്തന്റെ ഒരു കഷ്ണത്തിന് അഞ്ച് രൂപയാണ്. ഈ രീതിയില്‍ തന്നെയാണ് പപ്പായ, കൈതച്ചക്ക, കക്കിരി തുടങ്ങിയവയും വില്‍ക്കുന്നത്. ഇളനീരിന് 30 രൂപയായിട്ടുണ്ട്.

നാരാങ്ങാവെള്ളത്തിനും ആവശ്യക്കാര്‍ കൂടിയിട്ടുണ്ട്. അതോടെ ചെറുനാരങ്ങയുടെ വിലയും കുത്തനെ കൂടി. കിലോയ്ക്ക് 100 രൂപ വരെയായി. പത്ത് രൂപയ്ക്ക് മൂന്ന് ചെറുനാരങ്ങയായിരുന്നു ഏതാനും ദിവസം മുമ്പ് വരെ നല്‍കിയിരുന്നത്. ഇപ്പോഴത് 20 ന് മൂന്നെണ്ണം എന്ന രീതിയിലായിട്ടുണ്ട്. ആവശ്യക്കാര്‍ ഏറിയതോടെയാണ് വില കൂടിയതെന്ന് വ്യാപാരികള്‍ പറഞ്ഞു


ഏപ്രില്‍, മേയ് മാസങ്ങളില്‍ ചൂട് സാധാരണയായി കൂടും. ഏറ്റവും ഉയര്‍ന്ന ചൂട് ഈ സമയത്തായിരിക്കും. കഴിഞ്ഞ വര്‍ഷം പാലക്കാട് 41.9 ഡിഗ്രി വരെ ചൂടുയര്‍ന്നിരുന്നു. ഈ വര്‍ഷവും വരും ദിവസങ്ങളില്‍ ചൂട് ഉയരുക തന്നെ ചെയ്യും. പല ഭാഗങ്ങളിലും ഒറ്റപ്പെട്ട വേനല്‍മഴയുണ്ടാകുന്നത് മാത്രമായിരിക്കും ആശ്വാസം.

ആരോഗ്യം സംരക്ഷിക്കാം.

ഏതാനും നേരം വെയില്‍ കൊണ്ടാല്‍ത്തന്നെ തളരുന്ന അവസ്ഥയാണ്. സൂര്യാഘാതമുള്‍പ്പെടെ ഏല്‍ക്കാനുള്ള സാധ്യതയുണ്ട്. ഉച്ചനേരത്ത് വെയിലത്ത് പണിയെടുക്കുന്നത് പരമാവധി ഒഴിവാക്കുക തന്നെയാണ് ഏറ്റവും പ്രധാനം. ഇതിലൂടെ നേരിട്ടുള്ള വെയിലില്‍നിന്ന് രക്ഷനേടാം.

ശരീരത്തിന്റെ ചൂടുകൂട്ടുന്ന തരം ഭക്ഷണം ഒവിവാക്കുക. അമിതമായി ഭക്ഷണം കഴിക്കാതെ ആവശ്യത്തിന് മാത്രം കഴിക്കുക.പച്ചക്കറികള്‍ കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണംകൂടിയ തോതിലുള്ള എരിവും പുളിയും ഒഴിവാക്കുക

മാംസാഹാരത്തിന്റെ ഉപയോഗം കുറയ്ക്കണം. പ്രത്യേകിച്ചും മുട്ടയും ചിക്കനുമെല്ലാം. എരിവും പുളിയും കുറച്ച് വേണം മീന്‍ പാകം ചെയ്യാന്‍വെള്ളം നന്നായി കുടിക്കുക. മല്ലി, നന്നാറി, രാമച്ചം എന്നിവയിട്ട് തിളപ്പിച്ചാറിയ വെള്ളമാണ് നല്ലത്. നാരങ്ങവെള്ളമാണെങ്കില്‍ ഉപ്പും പഞ്ചസാരയും ചേര്‍ത്ത് കുടിക്കുന്നത് നിര്‍ജലീകരണം ഒഴിവാക്കാം

ശരീരത്തിന്റെ ചൂടു കുറയ്ക്കുകയാണ് പ്രധാനം
കുളിക്കാന്‍ ചൂടുവെള്ളം ഒഴിവാക്കണം. രണ്ടു നേരം തണുത്ത വെള്ളത്തില്‍ കുളിക്കണം. വിയര്‍പ്പു മാറിയ ശേഷം കുളിക്കുന്നതാണ് നല്ലത്. നാല്‍പ്പാമരം ഇട്ട് തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കാം.സോപ്പ് കൂടുതലായി ഉപയോഗിക്കേണ്ട. ചെറുപയര്‍ പൊടി, താളിപ്പൊടി, പിണ്ഡതൈലം പോലുള്ള എണ്ണകള്‍ എന്നിവ നല്ലതാണ്.ശരീരത്തിന് വിശ്രമം അത്യാവശ്യമാണ്. പകല്‍ ചെറിയ സമയം ഉറങ്ങാം.

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read