ജിഷ്ണു പ്രണോയ് ഓര്‍മ്മകള്‍ക്ക് ഒരാണ്ട് ; പാതകങ്ങള്‍ തുടരുമ്പോള്‍ പ്രതിരോധം തീര്‍ക്കാം

By എം കെ രിജിന്‍ | Saturday January 6th, 2018

SHARE NEWS

ജിഷ്ണു പ്രണോയ് എന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയുടെ രക്തസാക്ഷിത്വത്തിന് ഇന്ന് ഒരു വയസ്സ് തികയുന്നു. ജിഷ്ണുവിന്റെ ദുരൂഹ മരണവും ആളിക്കത്തിയ പ്രതിഷേധ അഗ്നിയും ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ത്തി വിദ്യാഭ്യാസരംഗത്തെ ഗൗരവമേറിയ പ്രശ്നങ്ങള്‍ സമൂഹ ശ്രദ്ധയില്‍ കൊണ്ടുവന്നു. എന്നാല്‍ പാമ്പാടി നെഹ്റു കോളേജിലെ ‘ഇടിമുറിയില്‍ ‘ ജിഷ്ണുവിന് മരണത്തിലേക്ക് നയിക്കാന്‍ കാരണക്കാരായ പ്രതികള്‍ ഇപ്പോള്‍ എവിടെയാണ് ? പ്രതികളെ കയ്യാമം വയ്ക്കാന്‍ നിയുക്തരായ നിയമവ്യവസ്ഥയുടെ കാവലാളുകള്‍ കേവലം നിശബ്ദ കാഴ്ചക്കാരായി മാറിയെങ്കില്‍ അതിനുത്തരവാദികള്‍ ആരൊക്കെയാണ്?
അമ്മ മഹിജയുടെ കണ്ണുനീര്‍ ഒന്നാം വാര്‍ഷികത്തിലും തോര്‍ന്നിട്ടില്ല. അതൊരു അമ്മയുടെ ഒറ്റപ്പെട്ട കണ്ണീരോ വിലാപമോ അല്ലെന്ന് തിരിച്ചറിയാന്‍ അധികം വൈകിയില്ല. ഏറിയും കുറഞ്ഞുമുള്ള അളവില്‍ എല്ലായിടങ്ങളിലും വ്യത്യസ്തതരം പീഡനങ്ങള്‍ അനുഭവിക്കുന്നവരാണ്. സ്വാശ്രയ കലാലയത്തിലെ വിദ്യാര്‍ഥികള്‍ എന്ന യാഥാര്‍ത്ഥ്യം അധികാരികള്‍ക്ക് അംഗീകരിക്കേണ്ടി വന്നല്ലോ. സംഭവത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ എങ്കിലും വിഷ്ണുവിന് നീതി ലഭിച്ചോ എന്ന് പരിശോധിക്കേണ്ടതല്ലേ.?
.ജിഷ്ണുവിന്റ മരണത്തോടെ സ്വാശ്രയ വിദ്യാഭ്യാസ രംഗത്തെ ഗൗരവമേറിയ പ്രശ്നങ്ങള്‍ സമൂഹശ്രദ്ധയില്‍ കൊണ്ടുവരികയുണ്ടായി .എന്നാല്‍ നെഹ്രു കോളജിലെ ഇടിമുറിയില്‍ ജിഷ്ണുവിനെ മരണത്തിലേക്ക് നയിക്കാന്‍ കാരണക്കാരായ പ്രതികള്‍ ഇപ്പോയും കാണാമറയത്ത് .പ്രതികളെ കൈയ്യാമം വെക്കാന്‍ നിയുക്തരായവര്‍ ഭരണ കര്‍ത്താക്കള്‍ നിശബ്ദ കാഴ്ചക്കാറായി മാറിയതിന് നാം സാക്ഷിയാകേണ്ടി വന്നു. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടരുതെന്ന് ഉറപ്പാക്കാന്‍ എഫ് ഐ ആര്‍ ല്‍ കുറ്റവാളികള്‍ രക്ഷപ്പെടാനുള്ള എല്ലാപഴുതുകളും പോലീസിലെ ചിലര്‍ കോളേജ് ചെയര്‍മാന്‍ കൃഷ്ണദാസിന് വേണ്ടി സഹായം ചെയ്തത് ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്തു.

ഭരണതലത്തിലെ സ്വാധീനം ഉപയോഗിച്ച് തേച്ചുമായ്ക്കാന്‍ ശ്രമിച്ച ജിഷ്ണു കൊലക്കേസ് പുതിയ വഴിത്തിരിവില്‍ എത്തിച്ചത് പെണ്‍കരുത്തിന്റെ ചോരാത്ത ആര്‍ജ്ജവം ഒന്നും മാത്രമായിരുന്നു .കേസിലെ പ്രതികളുടെ ഉന്നതതലത്തിലെ സ്വാധീനം ഉപയോഗിച്ചു കേസ് അന്വേഷണം അട്ടിമറിക്കാന്‍ ഗൂഡാലോചന നടക്കുന്നതായാണ് കേസിന്റെ തുടക്കം മുതലേ ബന്ധുക്കള്‍ ആരോപിച്ചിരുന്നത്. 2017 ജനുവരി ആറിന് നടന്ന സംഭവത്തില്‍ ഫെബ്രുവരി പതിനാറിനാണ് പോലീസ്സ് എഫ്.ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു കേസ് എടുത്തത് . ഈ കാലയളവില്‍ കേസിനു തെളിവാകേണ്ട പ്രധാനപ്പെട്ട കാര്യങ്ങളെല്ലാം നഷ്ടമായിരുന്നു .പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലും തിരി മാറി നടന്നതായാണ് ബന്ധുക്കക്കള്‍ അന്നേ ആരോപണം ഉന്നയിച്ചിരുന്നു .

കേസിലെ ഒന്നാം പ്രതി കൃഷ്ണ പ്രസാദിന് ഹൈക്കോടതിയില്‍ നിന്നും മുന്‍ കൂര്‍ ജാമ്യം ലഭിക്കാനിടയാക്കിയത് പ്രോസിക്യൂഷന്റെ പരാജയം മൂലമാണെന്ന് പരാതി ഉയര്‍ന്നതോടെ നേരത്തെ കേസില്‍ ഹാജരായ പ്രോസിക്യൂട്ടറെ മാറ്റാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകുകയായിരുന്നു . തുടര്‍ന്നു മുതിര്‍ന്ന അഭിഭാഷകന്‍ സി.പി ഉദയഭാനുവിനെ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. സംഭവം നടന്ന് തൊണ്ണൂറു ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടി കൂടാനുള്ള ഒരു നടപടിയും പോലീസിന്റെ ഭാഗത്തു നിന്നും ഇല്ലാതായതോടെ കുടുംബം തിരുവന്തപുരത്ത് സമരം നടത്താന്‍ തീരുമാനിക്കുകയായിരുന്നു .പിന്നീട് തിരുവനന്ത പുരത്ത് നടത്താന്‍ നിശ്ചയിച്ച സമര നീക്കം ഡി.ജി.പി യുടെ ഉറപ്പിനെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. ഡല്‍ഹിയിലടക്കം നീതി തേടിയുള്ള യാത്ര ഈ അമ്മയ്ക്കും കുടുംബത്തിനും നടത്തേണ്ടി വന്നു. ഒടുവില്‍ എല്ലാ പ്രതീക്ഷയും ഇല്ലാതായാതോടെയാണ് തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്തിനു മുമ്പില്‍ നിരാഹാരമിരിക്കാന്‍ മഹിജയടക്കമുള്ള പതിനാലംഗ സംഘം പുറപ്പെട്ടത് .എന്നാല്‍ മകന്‍ നഷ്ടപ്പെട്ട അമ്മയുടെ നീതിക്കായുള്ള പോരാട്ടത്തെ പൊലീസ് നേരിട്ട രീതി കേരളത്തില്‍ ചര്‍ച്ചയാവുകയും ജനകീയ പിന്തുണ ഈ വീട്ടമ്മ നേടിയെടുക്കുകയും ചെയ്തു.

അമ്മക്ക് പിന്തുണയുമായി മകള്‍ അവിഷ്ണ വളയത്തെ വീട്ടിലും തുടങ്ങിയ സമരത്തെ പ്രദേശത്തെ ജനങ്ങള്‍ ഏറ്റെടുത്തതോടെ ജനകീയ സമരമായി വഴി മാറുകയും ചെയ്തു .നാല് ദിവസം നിരാഹാരം കിടന്ന അവിഷ്ണയുടെ ആരോഗ്യ നിലയുമായി ബന്ധപ്പെട്ട ആശങ്ക നില നില്‍ക്കുകയായിരുന്നു.കുട്ടിയെ അറസ്റ്റു ചെയ്തു ആശുപത്രിയിലേക്ക് നീക്കണമെന്ന പൊലീസിന്റെയും ആരോഗ്യവകുപ്പിന്റെയും നീക്കങ്ങള്‍ ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റി വെച്ചെങ്കിലും വൈകുന്നേരം വരെ പൊലീസിനെ കുഴക്കിയ പ്രധാന വിഷയം അവിഷ്ണയുടെ ആരോഗ്യ നിലയെക്കുറിച്ചായിരുന്നു. എന്നാല്‍ സമരം നിര്‍ത്താനുള്ള തീരുമാനം വന്നതോടെ പൊ ലീസിനും ആരോഗ്യ വകുപ്പിനും ഏറെ ആശ്വാസമായിരിക്കുകയാണ്.

ഇതോടൊപ്പം ചങ്കുറപ്പോടെ മകന്റെ മരണത്തിനുത്തരവാദികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് പോരാട്ടത്തിനിറങ്ങിയ അമ്മയുടെയും പതിനാറു വയസ്സുകാരിമകളുടെയും പോരാട്ട വീര്യത്തിന്റെയും നേര്‍ക്കാഴ്ചക്കായിരുന്നു നാട് സാക്ഷ്യം വഹിച്ചത്. മൂന്നു ദിവസമായിവീട്ടില്‍ നിരാഹാരം തുടരുന്ന അവിഷ്ണയുടെ ആരോഗ്യസ്ഥിതി കൂടുതല്‍ മോശമായി. മെഡിക്കല്‍ സംഘം ഡ്രിപ്പ് നല്‍കി താല്‍ക്കാലിക പരിഹാരമേകി. സ്ഥിതി മോശമായതിനെ തുടര്‍ന്ന് പൊലിസ് മെഡിക്കല്‍ സംഘത്തിന് വിവരം നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് വളയം പി.എച്ച്.സി യില്‍ നിന്നും വീട്ടില്‍ എത്തിയ ഡോക്ടര്‍മാര്‍ പരിശോധന നടത്തുകയും അടിയന്തിര ചികിത്സ ശുപാര്‍ശ ചെയ്യുകയും ചെയ്തു.

ഇതേ തുടര്‍ന്ന് കുട്ടിയെ അറസ്റ്റു ചെയ്തു ആശുപത്രിയില്‍ എത്തിക്കാനുള്ള നീക്കം പൊലീസ് ആരംഭിച്ചു.പൊലീസ് നീക്കത്തെ സ്ത്രീകളടക്കമുള്ള ബന്ധുക്കള്‍ എതിര്‍ത്തതോടെ ശ്രമം ഉപേക്ഷിക്കുകയും വീട്ടില്‍ തന്നെ ചികിത്സ നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തു. സമരത്തെതുടര്‍ന്ന് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്ന വടകര, കൊയിലാണ്ടി തഹസില്‍ദാരും നാദാപുരം ഡി.വൈ.എസ്.പി, സി.ഐ അടക്കമുള്ള പൊലിസ് ഉദ്യോഗസ്ഥരും ബന്ധുക്കളുമായി നടത്തിയ ചര്‍ച്ചയില്‍ വീട്ടില്‍ വെച്ച് ചികിത്സ നല്‍കാന്‍ തീരുമാനമെടുത്തു .എന്നാല്‍ വൈകുന്നേരത്തോടെ ഇവരുടെ ആരോഗ്യ നില വീണ്ടും മോശമായിരിക്കുകയാണ്.ഇതേ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് ആരോഗ്യ വകുപ്പ് ബന്ധുക്കള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. എന്നാല്‍ ഇതു അനുസരിക്കാന്‍ ബന്ധുക്കള്‍ തയ്യാറായിട്ടില്ല. ഇതേ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ജീവനക്കാരടക്കം അവിഷ്ണയുടെ വീട്ടില്‍ തങ്ങി ചികിത്സ നടത്തുകയായിരുന്നു .പിന്നീട് മഹിജ തിരുവന്തപുരത്ത് സമരം അവസാനിപ്പിച്ചതോടെയാണ് ആവിഷ്ണ സമരം നിര്‍ത്തിയത് കൂടപ്പിറപ്പിന്റെ വിയോഗത്തില്‍ കിടക്കുമ്പോള്‍ നീതിക്കായി കാതോര്‍ത്ത ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയെ എതിരേറ്റത് ദുരന്ത വാര്‍ത്ത . അമ്മയെ റോഡില്‍ വലിച്ചിഴച്ചു മര്‍ദ്ദിക്കുന്നത് വീട്ടിലെ ടി.വി സ്‌ക്രീനിലൂടെ നേരില്‍ കണ്ട അവിഷ്ണയുടെ നിയന്ത്രണങ്ങള്‍ നഷ്ടമായി . പിന്നീട് നടന്നത് കേസ് അട്ടിമറിക്കാനുള്ള പൊലീസിന്റെ പലതരത്തില്‍ ഉള്ള നാടകങ്ങള്‍ ആയിരുന്നു .ജിഷ്ണുവിന്റെ രക്തവും മാതാപിതാക്കളുടെ രക്തവും ഒന്നുതന്നെ ആണെന്ന് ക്രോസ്സ് മാച്ചിങ്ങിലൂടെ കണ്ടത്താനാണ് അന്വേഷണോദ്യോഗസ്ഥര്‍ നാദാപുരത്തെ സര്‍ക്കാര്‍ താലൂക്ക് ആശുപത്രിയിലെത്തി രക്ത സാമ്പിളുകള്‍ ശേഖരിച്ചത് .

കേളേജിലെ ഇടിമുറിയില്‍ നിന്നും ലഭിച്ച രക്തക്കറ പരിശോധനയില്‍ ജിഷ്ണുവുന്റെതാണെന്ന് തെളിഞ്ഞതായും ,ഡി എന്‍ എ റിപ്പോര്‍ട്ട് മാതാപിതാക്കളുടെത്തുമായി ഒത്തുനോക്കാനാണ് സാമ്പിളുകള്‍ ശേഖരിക്കുന്നത് എന്നാണ് അന്ന് പോലീസ് പറഞ്ഞത്. എന്നാല്‍ പിന്നീട് പുറത്ത് വന്ന റിപ്പോര്‍ട്ടില്‍ പരിശോധനയ്ക്കാവശ്യമായ രക്തസാമ്പിള്‍ ലഭിക്കാത്തതിനാല്‍ ഡി എന്‍ എ വേര്‍തിരിക്കാനാവില്ലെന്നാണ് ഫോറന്‍സിക് ലാബ് അധികൃതരുടെ നിലപാട് ആയിരുന്നു . എന്നാല്‍ ആവശ്യത്തിന് രക്ത സാമ്പിളുകള്‍ ലഭിക്കാതെ എന്തിനു അന്വേഷണസംഘം നാദാപുരത്തെത്തി മാതാപിതാക്കളില്‍ നിന്നും രക്തസാമ്പിള്‍ ശേഖരിച്ചു എന്ന ചോദ്യത്തിന് പോലീസിന് മറുപടിനല്‍കിയില്ല . നാദാപുരം താലൂക്ക് ആശുപത്രിയില്‍ അന്വഷണ സംഘം നല്‍കിയ അപേക്ഷയില്‍ ക്രോസ് മാച്ചിങ്ങിനു വേണ്ടിയാണ് രക്തം ശേഖരിക്കുന്നതെന്നാണ് അറിയിച്ചത് . കോളേജില്‍ നിന്നും ലഭിച്ച രക്തക്കറ ജിഷ്ണുവിന്റെതാണെന്നും , ജിഷ്ണുവിന്റേതിന് സമാനമായ ഒ പോസിറ്റീവ് ഗ്രൂപ്പാണെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു .
ഇപ്പോള്‍ രക്ത സാമ്പിളുകള്‍ വിഭജിക്കാനാവുന്നില്ലെന്ന വാദം പ്രതികളെ സംരക്ഷിക്കാനാണെന്നാണ് ബന്ധുക്കളുടെ ആരോപണം ചെവിക്കൊള്ളാന്‍ ആരും തയാറായില്ല .ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് സമരം ചെയ്ത മഹിജയ്ക്ക് മുഖ്യമന്ത്രി നല്‍കിയ ഉറപ്പുകള്‍ ഒന്നും തന്നെ പാലിച്ചില്ലന്നും സര്‍ക്കാരിലിലുള്ള വിശ്വാസം തനിക്ക് നഷ്ടപ്പെട്ടതായും പോലീസ് കേസ് അട്ടിമറിച്ചതായും ജിഷ്ണുവിന്റെ അമ്മ മഹിജ പറഞ്ഞിരുന്നു .മാത്രമല്ല സമരം അവസാനിപ്പിക്കുമ്പോള്‍ സര്‍ക്കാര്‍ തന്റെ കുടുംബവും തമ്മില്‍ ഉണ്ടാക്കിയ പത്ത് കരാറുകള്‍ പൂര്‍ണ്ണമായും സര്‍ക്കാര്‍ ലംഘിച്ചു.

നെഹ്റു കോളേജിലെ ഇടിമുറിയില്‍ നിന്നുലഭിച്ച രക്തം ജിഷ്ണുവിന്റെതാണ് എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു .ഇതു സ്ഥിരീകരിക്കാന്‍ നാദാപുരം താലൂക്ക് ആശുപത്രിയില്‍ വെച്ച് അച്ഛന്‍ അശോകന്റെയും ,’അമ്മ മഹിജയുടെയും രക്ത സാമ്പിള്‍ എടുത്തിരുന്നു .അന്ന് കണ്ടെത്തിയത് ഒ പോസിറ്റിവ് രക്തമാണെന്നും ജിഷ്ണുവിന്റെ രക്തവും ഒ പോസിറ്റിവ് ആയിരുന്നുവെന്നും ഇത് ജിഷ്ണുവിന്റെ താണെന്നും പൊലീസ്സ് പറഞ്ഞിരുന്നു . പിന്നീട് ഫോറന്‍സിക്ക് വിഭാഗം അന്വേഷണ സംഘത്തിന് നല്‍കിയ റിപ്പോട്ടില്‍ ജിഷ്ണുവിന്റെ ഡി. എന്‍ .എ സാമ്പിള്‍ വേര്‍തിരിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ലന്ന വിവരമാണ് നല്‍കിയത് .ഇതോടെ ഈ കേസില്‍ അന്വേഷണ സംഘത്തിന്റെ ശക്തമായഒരു തെളിവ് കൂടി ഇല്ലാതായി .ഈ തെളിവ് കൂടി നഷ്ടപ്പെട്ടാല്‍ ജിഷ്ണുവിന് കോളേജിലെ രഹസ്യമുറിയില്‍ വെച്ച് ഉണ്ടായ മര്‍ദ്ധനമാണ് മരണകാരണമെന്നുള്ള ബന്ധുക്കളുടെ ആരോപണത്തില്‍ കഴമ്പില്ലാതാകും.

ജിഷ്ണു മരിച്ച തൊട്ടടുത്ത ദിവസം തന്നെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും ഉള്‍പ്പെടുത്തി വളയത്ത് വിപുലമായ കര്‍മ്മ സമിതിക്കു രൂപം നല്‍കിയിരുന്നു. തുടക്കത്തിലേ കര്‍മ്മ സമിതിയെ രാഷ്ട്രീയ വല്‍ക്കരിക്കുകയാണെന്ന് യു.ഡി.എഫും ബിജെപിയും ആരോപണം ഉന്നയിക്കുകയും കര്‍മ്മ സമിതിയില്‍ നിന്ന് ഇവര്‍ പിന്‍വാങ്ങുകയും ചെയ്തു.പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ടു കര്‍മ്മ സമിതി വളയം അങ്ങാടിയില്‍ സംഘടിപ്പിച്ച പൊതു യോഗത്തില്‍ കോണ്‍ഗ്രസിനെയും ബിജെപിയെയും കുറ്റപ്പെടുത്തി സി പി എം സംസാരിച്ചതോടെ ഇടതു പക്ഷത്തെ പ്രവര്‍ത്തകര്‍ മാത്രമുള്ള കമ്മിറ്റിയായി കര്‍മ്മ സമിതി മാറി.കാര്യമായ ഇടപെടലുകള്‍ കര്‍മ്മ സമിതിയുടെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്ന് മാത്രമല്ല കേസിലെ പ്രതികളെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നടപടിയെ കര്‍മ്മ സമിതിയിലെ ചിലര്‍ പിന്തുണക്കുകയും ചെയ്തു .ഇതേ തുടര്‍ന്ന് ജിഷ്ണുവിന്റെ കുടുംബം ഒറ്റക്കാണ് പിന്നീട് നിയമ പോരാട്ടങ്ങള്‍ ഏറ്റെടുത്തു നടത്തിയത് . അന്വേഷണം എങ്ങുമെത്താതായതോടെ ‘അമ്മ മഹിജ മുഖ്യ മന്ത്രിയ്ക്ക് തുറന്ന കത്തെഴുതിയതോടെയാണ് സംഭവം സംസ്ഥാന രാഷ്ട്രീയം കൂടുതല്‍ ചര്‍ച്ച ചെയ്തത്. സംസ്ഥാന പോലീസ് അന്വേഷണം വഴിമുട്ടിയതോടെ കേസ് സി ബി യ്ക്ക് വിടാന്‍ കുടുംബം മുഖ്യമന്ത്രിക്ക് കത്ത് നല്‍കി .ഇതോടെ കേസ് സി ബി യ്ക്ക് വിട്ട് മുഖ്യമന്ത്രി ഉത്തരവ് ഇറക്കിയെങ്കിലും കേസ് ഏറ്റടുക്കാന്‍ സി ബി ഐ തയാറായില്ല .തുടര്‍ന്ന് മഹിജ സുപ്രിം കോടതിയെ സമീപിക്കുകയായിരുന്നു തുടര്‍ന്ന് കഴിഞ്ഞമാസമാണ് ജിഷ്ണു കേസ് സി ബി ഐ ഏറ്റടുത്തത് .ഇനി നീതി കിട്ടാന്‍ സി ബി ഐയില്‍ വിശ്വാസം അര്‍പ്പിച്ചു കാത്തിരിക്കുകയാണ് മഹിജയും കുടുംബവും

Tags: , , , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read