ഓര്‍മ്മകളിലെ കല്ലാച്ചി സ്‌കൂളില്‍ കുഞ്ഞുണ്ണി മാഷ് പ്രസംഗിക്കുമ്പോള്‍ 

By | Tuesday December 26th, 2017

SHARE NEWS

നാദാപുരം :സാംസ്‌കാരിക വകുപ്പിന്‍െ സഹകരണേേത്താടെ കല്ലാച്ചി ഗവ.സ്‌കൂളില്‍ സഘടിപ്പിച്ച പൂര്‍വ വിദ്യാര്‍ത്ഥി
സംഗമത്തില്‍ മാധ്യമപ്രവര്‍ത്തകനും പൂര്‍വ്വവിദ്യാര്‍ത്ഥിയുമായ
വിഷ്ണുമംഗലം കുമാര്‍ കുട്ടികളുടെ പ്രിയ്യങ്കരനായ കുഞ്ഞുണ്ണി മാഷ് സ്‌കൂളിലെത്തിയ ഓര്‍മ്മകള്‍ പങ്കുവെച്ചപ്പോള്‍.


മനസ്സില്‍ ഇപ്പോഴും നിറഞ്ഞുനില്‍ക്കുന്ന അത്യോറക്കുന്ന് സ്‌കൂളിലെ പഠനം കഴിഞ്ഞു വര്‍ഷങ്ങള്‍ ഒഴുകിപ്പോയിരുന്നു. ബാംഗ്ലൂരില്‍ ജീവിതവും പത്രപ്രവര്‍ത്തനവും അഭ്യസിക്കുന്ന കാലയളവില്‍  ഒരിക്കല്‍  സ്‌കൂളിലേക്ക് ചെന്നു. പ്രിയപ്പെട്ട കുഞ്ഞുണ്ണി മാഷ് പ്രസംഗിക്കുകയാണ്!. അന്ന് ശ്രോതാക്കളായിരുന്നവരുടെ സ്മരണയില്‍ ആ പ്രസംഗം ഇപ്പോഴും ചിരിയുണര്‍ത്തുന്നുണ്ടാവും. അന്നത്തെ പ്രസംഗം കുറിച്ചെടുത്ത കടലാസുകഷണം പഴയൊരു ഫയലില്‍ നിന്നുകിട്ടി. സജീവന്‍ മാഷുടെ വിളിയാണ് ഈ കുറിപ്പുകാരന്റെ വിദ്യാര്‍ത്ഥിമനസ്സിനെ ആ ഫയലിലേക്ക് കൂട്ടിക്കൊണ്ടുപോയത്. പഴയകാലത്തെ  അടയാളപ്പെടുത്തി, മാറിയ പുതിയ കാലവുമായി  താരതമ്യം ചെയ്യാനും എന്നെന്നേക്കുമായി നമ്മെ വിട്ടുപിരിഞ്ഞുപോയ കുഞ്ഞുണ്ണി മാഷെ കല്ലാച്ചി സ്‌കൂളുമായി കൂട്ടിക്കെട്ടാനുമായി ആ പ്രസംഗം ഇവിടെ എടുത്തുചേര്‍ക്കട്ടെ

കല്ലാച്ചി ഗവ. ഹൈസ്‌കൂള്‍ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച് നടന്ന സാഹിത്യസമ്മേളനത്തില്‍ പങ്കെടുക്കാന്‍ ബാലകേരളത്തിന്റെ പ്രിയങ്കരനായ സുഹൃത്തും വഴികാട്ടിയുമായ കുഞ്ഞുണ്ണിമാഷും വന്നെത്തിയിരുന്നു. മുട്ടോളമെത്തുന്ന മുണ്ടും മുറിയന്‍ കുപ്പായവും ധരിച്ച ആ കുറിയ മനുഷ്യന്‍ പ്രസംഗിക്കാനെഴുന്നേറ്റപ്പോള്‍ തന്നെ സദസ്സ് ഒന്നിളകി. ‘എനിക്ക് നല്‍കിയിരിക്കുന്ന വിഷയം വിദ്യാര്‍ത്ഥികളും കവിതാസ്വാദനവുമാണോ അതോ വിദ്യാലയവും കവിതാസ്വാദനവുമാണോ? .വിദ്യാര്‍ത്ഥികള്‍ കവിത ആസ്വദിക്കുന്ന പതിവ് ഇക്കാലത്ത് ഇല്ലാത്തതുകൊണ്ട് വിഷയം വിദ്യാലയവും കവിതാസ്വാദനവുമാകാനേ വഴിയുള്ളൂ!. പ്രിയപ്പെട്ട വിദ്യാലയഭിത്തികളേ നിങ്ങള്‍  കവിതകളാസ്വദിക്കൂ!. വിദ്യാര്‍ത്ഥികളായ കൂട്ടുകാരെ നിങ്ങള്‍ ഇതൊന്നും കേള്‍ക്കേണ്ട, അറിയുകയും വേണ്ട!. ‘നമ്മുടെ സാംസ്‌കാരിക രംഗത്തെ ജീര്‍ണ്ണതയെപ്പറ്റിയും ഇളംതലമുറ കവിതയോട് കാട്ടുന്ന വൈമുഖ്യത്തെപ്പറ്റിയും തനിക്കുള്ള ഉല്‍ക്കടമായ ദുഃഖം അടക്കിപ്പിടിച്ചുകൊണ്ട് സ്വതഃസിദ്ധമായ നര്‍മ്മഭാഷയില്‍ മാഷ് പ്രസംഗമാരംഭിച്ചു.

‘വിദ്യാര്‍ത്ഥികള്‍ ഇന്ന് കവിത ആസ്വദിക്കുന്നില്ല എന്നതൊരു പരാമര്‍ത്ഥമാണ്. അതിന് ഞാനവരെ കുറ്റപ്പെടുത്തുന്നില്ല. കവിത പഠിപ്പിക്കുന്ന ഞാനടക്കമുള്ള അധ്യാപകരും ഇക്കാര്യത്തില്‍ കുറ്റക്കാരല്ല. കുട്ടികള്‍ കവിത ആസ്വദിക്കാത്തതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും അവരുടെ വീട്ടുകാരിയ്ക്ക്, അതായത് അമ്മയ്ക്കാണ്. കുട്ടിയെ ഗര്‍ഭം ധരിച്ചിരുന്ന കാലത്ത് അമ്മ ചെയ്തിരുന്ന പ്രവൃത്തികള്‍ കുട്ടിയെ വളരെയധികം സ്വാധീനിക്കും. ഇന്ന് ഗര്‍ഭിണികളായ സ്ത്രീകള്‍ രാമായണമോ മഹാഭാരതമോ വായിക്കുന്നില്ല. ശീലാവതിയോ രമണനോ ഈണത്തില്‍ പാടുന്നില്ല. വര്‍ വായിക്കുന്നത് പൈങ്കിളിക്കഥകളാണ്. പാടുന്നതോ കേട്ടാലറക്കുന്ന സിനിമാഗാനങ്ങളും. ഇതൊക്കെയാണ് ഗര്‍ഭസ്ഥശിശു ശ്രദ്ധിക്കുന്നതും ഗ്രഹിക്കുന്നതും. പിന്നെയെങ്ങനെ അവനില്‍ കവിതാസ്വാദന താത്പര്യം വളരും? ആര്‍ത്തുചിരിക്കുന്ന, വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളും അദ്ധ്യാപകരും രക്ഷിതാക്കളുമടങ്ങിയ സദസ്സിനോട് ഒരു ചെറുപുഞ്ചിരിയോടെ മാഷ് ചോദിച്ചു. പിറന്നുവീഴുന്ന പിഞ്ചുകുഞ്ഞിന്റെ ചെവിയില്‍ ഇടതടവില്ലാതെ പതിക്കുന്നത് അമ്പലക്കുളത്തില്‍ കുളിക്കാന്‍ പോയപ്പോള്‍ അയലത്തെ പെണ്ണുങ്ങള്‍ കളിയാക്കിയതും ഇളനീര്‍ക്കുടം ഉടച്ചതുമൊക്കെയാണ്. കുട്ടി ആദ്യം കയ്യിലെടുക്കുന്നത് മഞ്ഞപുസ്തകമാണ്, അത് അമ്മയുടെ തലയിണച്ചോട്ടില്‍ തന്നെ കാണും!. ഇത്തരം ഒരു ചുറ്റുപാടില്‍ വളരുന്ന കുട്ടിയുടെ ശ്രദ്ധ എങ്ങനെ കവിതയിലേക്ക് തിരിയും? ‘മാഷ് ആരാഞ്ഞു. ഇന്നത്തെ അമ്മമാര്‍ക്ക് താരാട്ടുപാടാനറിയില്ല. തപ്പുകൊട്ടാനറിയില്ല. ആധുനിക അമ്മമാര്‍ കുഞ്ഞുങ്ങളെ ഉറക്കുന്നത് റിക്കാര്‍ഡ് ചെയ്തുവെച്ച പാശ്ചാത്യ സംഗീതം കേള്‍പ്പിച്ചാണ്. ഇതുകൊണ്ട് താരാട്ടിന്റെ മാധുര്യമോ തപ്പുകൊട്ടിന്റെ ലയഭംഗിയോ ആസ്വദിക്കാനുള്ള അവസരം നമ്മുടെ കൊച്ചുകൂട്ടുകാര്‍ക്ക് ലഭിക്കുന്നില്ല. ചാഞ്ചാടുണ്ണി ചാഞ്ചാട് /ചാഞ്ചക്കം  ചാഞ്ചക്കം ചരിഞ്ഞാട്… ഇതുപോലുള്ള മനോഹരമായ താരാട്ടുകള്‍ അറിയാവുന്ന എത്ര അമ്മമാരുണ്ട് ഇന്ന് നമ്മുടെ നാട്ടില്‍ ? കുഞ്ഞുണ്ണി മാഷ് ചോദിച്ചു. അതുകൊണ്ടാണ് കുട്ടികള്‍ കവിതാസ്വാദനത്തില്‍ വിപ്രതിപത്തി കാട്ടുന്നതിന്റെ ഉത്തരവാദികള്‍ അവരുടെ അമ്മമാരാണെന്ന് ഞാന്‍ പറഞ്ഞത്. ‘ഗര്‍ഭിണികളായ സകല മഹിളകളും നാളെമുതല്‍ മനസ്സിരുത്തി രാമായണവും മഹാഭാരതവും വായിക്കട്ടെ. ലീലാവതിയും കൃഷ്ണഗാഥയും ഈണത്തില്‍ ആലപിക്കട്ടെ. കുറ്റാന്വേഷണ കഥകളും പൈങ്കിളി നോവലുകളും ഉപേക്ഷിച്ച് മലയാളത്തിന്റെ തനതായ നാടന്‍പാട്ടുകളും ശീലുകളും പാടിരസിക്കട്ടെ. അവര്‍ പ്രസവിക്കുന്ന കുഞ്ഞുങ്ങളെ താരാട്ടുപാടിയുറക്കട്ടെ. തപ്പുകൊട്ടി രസിപ്പിക്കട്ടെ. ഇത്രയും ചെയ്യാന്‍ അവര്‍ സന്നദ്ധരായാല്‍ ആ അന്തരീക്ഷത്തില്‍ വളരുന്ന കുട്ടി ഒരിക്കലും കവിതയോട് അപ്രിയം കാട്ടുകയില്ലെന്ന് മാത്രമല്ല, അവരില്‍ കവിതാസ്വാദന കൗതുകം വളരുകയും ചെയ്യും .കവിത ആസ്വദിച്ച് കവിത പഠിച്ച് കവിതയെപ്പറ്റി പറയാന്‍ കഴിവുള്ളവരായി വളരാന്‍ കുഞ്ഞുങ്ങളെ സഹായിക്കുക .കുട്ടികള്‍ക്ക് കവിതയില്‍ താത്പര്യം തോന്നത്തക്ക വിധത്തിലുള്ള അന്തരീക്ഷം വീട്ടില്‍ സൃഷ്ടിക്കുക .പ്രിയപ്പെട്ട അമ്മമാരോടും സഹോദരിമാരോടും ഇതാണ് എനിക്ക് പറയാനുള്ളത്. ‘കരഘോഷങ്ങള്‍ക്കിടയില്‍ മാഷ് കൂട്ടിച്ചേര്‍ത്തു. ഒന്നുരണ്ട് ചെറുകവിതകള്‍ ചൊല്ലി ഞാനെന്റെ വാക്കുകള്‍ ഉപസംഹരിക്കാം .’മടിയന്‍ കുട്ടിക്ക് ഒരടി /മടിയന്‍ മാഷ്‌ക്ക് ഒരിടി /മുടിയന്‍ മന്ത്രിയ്‌ക്കൊരു വെടി / ‘ആ വെടി ആരുവെക്കും എന്നുള്ളതാണ് ഇന്ന് നമ്മുടെ മുമ്പിലുള്ള പ്രശ്‌നം. കേള്‍ക്കാനും പഠിക്കാനും രസമുള്ള റൈമുകള്‍ ചൊല്ലിക്കൊടുത്ത് കുട്ടികളെ കവിതാസ്വാദനത്തിന്റെ മേഖലയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ അദ്ധ്യാപക സുഹൃത്തുക്കളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. സാമ്പിളിന് ഒരു റൈം ഞാനിവിടെ ചൊല്ലാം

‘വടകര വളവിലറുപതു തെങ്ങുണ്ടോരോ തെങ്ങിലുമോരോ പൊത്തുണ്ടോരോ പൊത്തിലു മോരോ നത്തുണ്ടെന്നാല്‍ നത്തിന് കണ്ണെത്ര? ‘ഇതുപോലുള്ള രസകരമായ റൈമുകള്‍ അദ്ധ്യാപകരും രക്ഷിതാക്കളും കുഞ്ഞുങ്ങളെ പഠിപ്പിക്കുകയും കുഞ്ഞുങ്ങള്‍ പഠിക്കുകയും വേണം. എന്നാല്‍ കവിതയും രക്ഷപ്പെടും കുഞ്ഞുങ്ങളും രക്ഷപ്പെടും. മറ്റൊന്നുകൂടി രക്ഷപ്പെടും. അത് രഹസ്യമായി, മുതിര്‍ന്ന കുട്ടികള്‍ കേള്‍ക്കാതെ പറയേണ്ട കാര്യമാണ്. അതുകൊണ്ട് മെല്ലെ പറയാം. കുറെ ട്രാന്‍സ്‌പോര്‍ട്ട് ബസ്സുകള്‍…! നിങ്ങള്‍ക്കെന്റെ നമസ്‌കാരം’

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read