ഇന്ത്യയിലെ ഏറ്റവുംമികച്ച ഗ്രാമപഞ്ചായത്തിനുള്ള പുരസ്കാരം നാദാപുരത്തിന്

By | Saturday April 11th, 2015

SHARE NEWS

SOOPPY NARIKKETERYനാദാപുരം: ഇന്ത്യയിലെ ഏറ്റവുംമികച്ച ഗ്രാമപഞ്ചായത്തിനുള്ള പുരസ്കാരം നാദാപുരത്തിന്. ഏപ്രില്‍ 24ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ന്യൂഡല്‍ഹിയില്‍ ചേരുന്ന ദേശീയ പഞ്ചായത്ത് ദിനാഘോഷത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയില്‍നിന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സൂപ്പി നരിക്കാട്ടേരി അവാര്‍ഡ് ഏറ്റുവാങ്ങും.
കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലം കൂട്ടായ്മയിലൂടെ പരമാവധി പുറംഫണ്ടുകളടക്കം ലഭ്യമാക്കി നടത്തിയ വികസനപ്രവര്‍ത്തനങ്ങളാണ് നാദാപുരം പഞ്ചായത്തിനെ ഇന്ത്യയുടെ നെറുകയിലത്തെിച്ചത്.
2014-15 വര്‍ഷത്തില്‍ കേരളത്തിലെ ഏറ്റവുംമികച്ച ഗ്രാമപഞ്ചായത്തായി നാദാപുരം തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് ദേശീയ അംഗീകാരം. നിര്‍മല്‍ പുരസ്കാരവും സ്വരാജ് ട്രോഫിയുമടക്കം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ അവാര്‍ഡ് നാദാപുരം സ്വന്തമാക്കുന്നത് 10ാം തവണയാണ്. ഇച്ഛാശക്തിയുള്ള ഭരണസമിതിയും കര്‍മനിരതരായ ഉദ്യോഗസ്ഥരും സഹകരണമനോഭാവമുള്ള ജനതയും ഒപ്പം, മുന്നില്‍ നയിക്കാന്‍ സൂപ്പി നരിക്കാട്ടേരിയുടെ നേതൃപാടവവും ഒരുമിച്ചപ്പോള്‍ നാദാപുരം വികസന വിപ്ളവം നടത്തുകയാണ്.
സേവനത്തിനുള്ള അന്താരാഷ്ട്ര നിലവാരമായ ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് ഇതിനകം നാദാപുരം നേടി. മികച്ച പശ്ചാത്തല സൗകര്യവും കമ്പ്യൂട്ടര്‍വത്കരിച്ച 4000 ചതുരശ്ര അടി വിസ്താരമുള്ള നാലുനില കെട്ടിടത്തിലാണ് ഗ്രാമപഞ്ചായത്ത് ഓഫിസ് പ്രവര്‍ത്തിക്കുന്നത്.
നാദാപുരം ഇന്‍ഡോര്‍ സ്റ്റേഡിയം, കല്ലാച്ചി പാലോഞ്ചാലകുന്നിലെ മാലിന്യ സംസ്കരണ പ്ളാന്‍റ് എന്നിവ ഇവിടത്തെ വന്‍ പദ്ധതികളാണ്. പരമാവധി പുറം ഫണ്ടുകള്‍ ലഭ്യമാക്കിയാണ് മൂന്നു കോടി രൂപ ചെലവില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മാണം പൂര്‍ത്തിയാക്കിയത്. കേരളത്തില്‍ ആദ്യമായാണ് ഒരു ഗ്രാമപഞ്ചായത്തിന് സ്വന്തമായി ഇന്‍ഡോര്‍ സ്റ്റേഡിയമുള്ളത്. 3000ത്തിലധികം പേര്‍ക്ക് ഇരിക്കാവുന്ന അത്യാധുനിക സംവിധാനത്തോടു കൂടിയുള്ളതാണ് സ്റ്റേഡിയം.
തദ്ദേശസ്ഥാപനങ്ങള്‍ക്ക് കീറാമുട്ടിയായി തീരാറുള്ള മാലിന്യസംസ്കരണത്തിനും ശാസ്ത്രീയ സംവിധാനമൊരുക്കി നാദാപുരം മാതൃക സൃഷ്ടിച്ചു. ജനകീയ പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന പാലോഞ്ചാല മാലിന്യ സംസ്കരണ പ്ളാന്‍റില്‍ മാലിന്യങ്ങള്‍ വളമാക്കി മാറ്റുന്നതിനുള്ള സംവിധാനവുമുണ്ട്. നാദാപുരം, കല്ലാച്ചി ടൗണുകളിലെ പ്ളാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങളാണ് സംസ്കരണ പ്ളാന്‍റിലേക്ക് മാറ്റുന്നത്. 20ഓളം തൊഴിലാളികള്‍ പ്ളാന്‍റില്‍ ജോലിനോക്കുന്നുണ്ട്.
കണിശമായ നികുതിപിരിവും ഫ്രണ്ട് ഓഫിസ് സംവിധാനം കാര്യക്ഷമമാക്കിയുള്ള ഗ്രാമപഞ്ചായത്ത് ഓഫിസിന്‍െറ പ്രവര്‍ത്തനവും നാദാപുരത്തെ വേറിട്ടതാക്കുന്നു. ഇടവഴികള്‍പോലും ടാറിങ് നടത്തി ഗതാഗതരംഗത്തും നാദാപുരം വിപ്ളവം സൃഷ്ടിച്ചു.
3000ത്തിലധികം പേര്‍ക്ക് പെന്‍ഷനുകള്‍ ഏര്‍പ്പെടുത്തി ക്ഷേമപ്രവര്‍ത്തനങ്ങളിലും പഞ്ചായത്ത് അടയാളപ്പെടുത്തല്‍ നടത്തി. പ്രസിഡന്‍റ് പദവിയില്‍ മൂന്നാമൂഴം പിന്നിട്ട സൂപ്പി നരിക്കാട്ടേരിക്ക് ഒരിക്കല്‍പോലും പ്രതിപക്ഷാംഗങ്ങളില്‍നിന്ന് എതിര്‍പ്പ് നേരിടേണ്ടിവന്നില്ളെന്നതുതന്നെ പ്രവര്‍ത്തനമികവിന്‍െറ നേര്‍സാക്ഷ്യമായി.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read