സന്ധ്യകള്‍ എന്നെ എന്നും വേദനപ്പിക്കുമായിരുന്നു.

By | Monday March 10th, 2014

SHARE NEWS
sandya
അനുശ്രീ

സന്ധ്യകള്‍ എന്നെ എന്നും വേദനപ്പിക്കുമായിരുന്നു. ആകാശത്തിന്‍െറ പടിഞ്ഞാറുഭാഗത്ത് ചുവപ്പുരാശി, മരങ്ങളില്‍ ഉരുണ്ടുകൂടുന്ന നിഴലുകള്‍, കൂടണയാന്‍ വെമ്പുന്ന പറവകളുടെ ശബ്ദം ഇതെല്ലാം എന്‍െറ മനസ്സിനകത്ത് ഒരു വല്ലാത്ത ഭാരം നിറക്കും. അമ്മ ‘വിളക്കുവെക്കാറായി’ എന്ന് പറയുമ്പോഴേ എന്‍െറ മനസ്സില്‍ ഇരുള്‍മൂടുകയായി.
ആറങ്ങോട്ടുകര സ്കൂളില്‍നിന്ന് ഏഴാംക്ളാസ് ജയിച്ച് പിന്നീടൊരു വര്‍ഷക്കാലം ചില്ലറ അസുഖങ്ങളെ തുടര്‍ന്ന് പഠിക്കാന്‍ കഴിഞ്ഞിരുന്നില്ല. ചികിത്സക്കായി ഒരു വര്‍ഷത്തെ വിശ്രമകാലം. ആ ദിവസങ്ങള്‍ എന്നില്‍ നിറച്ചത് ഭീകരമായ ഏകാന്തതയായിരുന്നു. ചേച്ചി ബിന്ദു അപ്പോഴാണ് പ്രീഡിഗ്രിക്ക് പട്ടാമ്പി കോളജില്‍ ചേര്‍ന്നത്. കോളജ് വിശേഷങ്ങള്‍ കേള്‍ക്കാന്‍, ബിന്ദു വരുന്നതും കാത്ത് ഞാനിരുന്നു. ബിന്ദുവിന്‍െറ വാക്കുകളിലൂടെ തെളിയുന്ന കോളജിന്‍െറ ചിത്രം എന്നെ വല്ലാതെ മോഹിപ്പിച്ചിട്ടുണ്ട്. അതിരുകളില്ലാത്ത, സ്വാതന്ത്ര്യം പൂക്കുന്ന കോളജായിരുന്നു എന്‍െറ ലക്ഷ്യം.
1986ലാണ് ബിന്ദു പട്ടാമ്പി കോളജില്‍ ചേരുന്നത്. അപ്പോള്‍ത്തന്നെ ശ്രീജോപ്പോള്‍ (ശ്രീജ ആറങ്ങോട്ടുകര) അവിടെ ബി.എസ്സി കെമിസ്ട്രിക്ക് പഠിക്കുന്നുണ്ട്. ശശിയേട്ടന്‍ (സിനിമാ സംവിധായകന്‍ എം.ജി. ശശി) അവിടെ എം.എക്ക് പഠിക്കുന്നു. ശൈലേച്ചി (ശശിയേട്ടന്‍െറ അനിയത്തി), വാപ്പു, ഹൈദ്രോസ്, വിജി, ജയന്‍ അങ്ങനെ ഒരുസംഘംതന്നെ ആറങ്ങോട്ടുകരയില്‍നിന്നും പട്ടാമ്പി കോളജില്‍ പഠിക്കുന്നുണ്ട്. അവരുടെ സംഘത്തിലെ തീരെ ചെറിയ പൊടിപ്പായി പ്രീഡിഗ്രിക്ക് പഠിക്കുന്ന ബിന്ദു. വസന്തത്തിന്‍െറ ഇടിമുഴങ്ങിക്കൊണ്ടിരിക്കുന്ന കാലമാണ്. കാലത്തിന് മുമ്പേനടന്ന ഒരുകൂട്ടം യുവതീ-യുവാക്കള്‍. അവരിലൊരാളായി എന്‍െറ ചേച്ചിയും. ആറങ്ങോട്ടുകര എന്ന എന്‍െറ ഗ്രാമം അന്നറിയപ്പെട്ടിരുന്നത് ‘ലിറ്റില്‍ മോസ്കോ’ എന്ന പേരിലാണ്. CRC  CPIML ന്‍െറ യുവജന പ്രസ്ഥാനമായ യുവ
ജനവേദി വളരെ സജീവമായിരുന്നു അന്ന്. പട്ടാമ്പി കോളജില്‍ ആറങ്ങോട്ടുകരയിലെ ഈ സംഘത്തോടൊപ്പം ബിന്ദുവും പ്രവര്‍ത്തിച്ചുതുടങ്ങി. ‘നക്സലൈറ്റ്’ എന്ന പേരുതന്നെ വളരെ ഭീതിയോടെയാണ് ആളുകള്‍ അന്ന് ഉച്ചരിച്ചിരുന്നത്. അതേസമയം, അവര്‍ ശരിയുടെ ആള്‍രൂപങ്ങളുമായിരുന്നു. അവരുടെ പെണ്‍ശരികള്‍ അവരെ കൊണ്ടെത്തിച്ചത് കേരളത്തിലെ സ്ത്രീവിമോചന പ്രസ്ഥാനങ്ങളുടെ ആദ്യവാക്കായ മാനുഷിയുടെ ജനനത്തിലാണ്. ഞാനെന്ന പന്ത്രണ്ടു വയസ്സുകാരിയുടെയും ഒരു പതിനാറുവയസ്സുകാരി ചേച്ചിയുടെയും ബുദ്ധിയില്‍ സ്ത്രീവിമോചന പ്രസ്ഥാനത്തിന്‍െറ സിദ്ധാന്തങ്ങള്‍, അവയിലെ ശരികള്‍ എത്രയുണ്ടാകാം? അറിയില്ല.
പിന്നെയാണ് സന്ധ്യകളെ ഞാന്‍ ഇഷ്ടപ്പെട്ടുതുടങ്ങിയത്. ശ്രീജോപ്പോളുടെ വീട്ടില്‍ എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ ഞങ്ങള്‍ ഒത്തുചേരുമായിരുന്നു. ഞാനും ബിന്ദുവും സതിച്ചേച്ചിയും ശ്രീജോപ്പോളുമാണ് സ്ഥിരം അംഗങ്ങള്‍. ചില ദിവസങ്ങളില്‍ ആള്‍ക്കാരുടെ സ്ഥിരം എണ്ണം വര്‍ധിച്ച് അതൊരു വലിയ സംഘമാകും. കോളജിലെ സംഭവങ്ങള്‍, രാഷ്ട്രീയ പ്രശ്നങ്ങള്‍, സമരങ്ങള്‍, വായിച്ച പുസ്തകങ്ങള്‍, കേട്ട പാട്ടുകള്‍, അന്നുണ്ടാക്കിയ വഴക്കുകള്‍ അങ്ങനെ എന്തും ആ സദസ്സിന്‍െറ ചര്‍ച്ചാവിഷയമായിരുന്നു. പാടത്തോ കുളത്തിന്‍െറ കരയിലോ ശ്രീജോപ്പോളുടെ വീട്ടിലോ എവിടെയെങ്കിലുമായിരിക്കും ഞങ്ങളിരിക്കുക. വിഷയത്തിന്‍െറ ഗൗരവം അനുസരിച്ച് ഇതിന്‍െറ സമയം ദീര്‍ഘിച്ചു ദീര്‍ഘിച്ച് പോകും. ഇരുട്ടത്ത് തിരിച്ച് വീട്ടിലേക്ക് ഒരോട്ടമാണ്. പാമ്പിനെ ചവിട്ടിയാല്‍പോലും അവക്ക് തിരിച്ചുകടിക്കാന്‍ ഇടനല്‍കാത്തത്ര വേഗത്തിലായിരുന്നു ഓട്ടം. വീട്ടിലെത്തുമ്പോള്‍ അമ്മ മുഖം വീര്‍പ്പിച്ചിരിക്കുന്നുണ്ടാവും. ഈ ചര്‍ച്ചകളില്‍ വെറും കേള്‍വിക്കാരിയായെങ്കിലും എന്‍െറ ജീവിതത്തില്‍ വെളിച്ചംനിറച്ചത്, എന്നെ വാര്‍ത്തെടുത്തത് ആ സന്ധ്യകളായിരുന്നു.
സ്വപ്നലോകമായ പട്ടാമ്പിയിലേക്ക് പോകാന്‍ ഞാനെന്നും വാശിപിടിച്ചു. ശല്യം സഹിക്കാന്‍ വയ്യാതെ ഒരു ദിവസം ബിന്ദു എന്നെയും കൂടെകൂട്ടി. അങ്ങനെ ഹൈസ്കൂളില്‍ കടക്കുംമുമ്പ് ഞാന്‍ കോളജില്‍ പോയി. ക്ളാസ് നടക്കുമ്പോഴും പുറത്തലഞ്ഞു നടക്കുന്ന കുട്ടികള്‍. ആരും ചീത്തപറയില്ല. ആവശ്യമുണ്ടെങ്കില്‍ ക്ളാസില്‍ കയറിയാല്‍ മതി. ഒരു സ്വര്‍ഗംതന്നെ. അന്നവിടെ ഇവരുടെ സംഘം ഒരു സിനിമാപ്രദര്‍ശനം നടത്തുന്നുണ്ടായിരുന്നു. പോയ ഉടനെത്തന്നെ എനിക്ക് പണികിട്ടി. ഓഡിറ്റോറിയത്തിന്‍െറ ചില്ലുജാലകങ്ങള്‍ മുഴുവന്‍ പേപ്പറും പശയുംവെച്ചൊട്ടിച്ച് അകം മുഴുവന്‍ ഇരുട്ടാക്കി സിനിമാപ്രദര്‍ശനത്തിന് സജ്ജമാക്കുക. എന്നെ അവിടെയാക്കി ബിന്ദു ക്ളാസില്‍പോയി. ഒരു കാര്യം എനിക്കന്ന് മനസ്സിലായി, കോളജെന്നുപറഞ്ഞാല്‍ സ്കൂളുപോലെ പഠിക്കാനും പഠിപ്പിക്കാനും ഉള്ള സ്ഥലമൊന്നുമല്ല. കവിത ചൊല്ലി, സിനിമ കണ്ട്, പ്രകടനം നടത്തി, സമരം ചെയ്ത് നടക്കാനുള്ള സ്ഥലം.
എന്‍െറ വീട് അന്നൊരു പെണ്‍കൂടായിരുന്നു. അമ്മയും  രണ്ട് ചേച്ചിമാരും ഞാനും മാത്രമാണ് വീട്ടില്‍. അച്ഛന്‍ മരിച്ചിട്ട് നാലഞ്ചു വര്‍ഷം കഴിഞ്ഞിരുന്നു. ചേട്ടന്മാര്‍ കേരളത്തിന് പുറത്തും. ആണ്‍പോരിമ കാണിക്കാന്‍ ആരുമില്ല. അതുകൊണ്ട്, ഞങ്ങള്‍ നാലുപേരും ആ രാജ്യത്തിലെ പ്രജകളും രാജ്ഞിമാരുമായി. ഞങ്ങള്‍ പറയുന്നതെന്തും അമ്മയുടെ ശരിയാണ്. കുറുമ്പുകാട്ടി അമ്മയുടെ കൈയില്‍നിന്നും തല്ലുവാങ്ങുന്ന കാര്യത്തില്‍പോലും ഒറ്റക്കെട്ടായിരുന്ന ഞങ്ങള്‍ക്കിടയിലേക്കാണ് മാനുഷി കടന്നുവന്നത്. ഞങ്ങള്‍ മക്കള്‍ മൂന്നുപേര്‍ രണ്ടു ചേരികളിലായി. അത്രനാളും ചേച്ചി (ബേബിചേച്ചി) പറയുന്നതെന്തും അനുസരിച്ചുനടക്കുന്ന നല്ല അനിയത്തിമാരായിരുന്നു ഞാനും ബിന്ദുവും. രാഷ്ട്രീയപ്രവര്‍ത്തനത്തെ ബേബിചേച്ചി ഒരിക്കലും അനുകൂലിച്ചിട്ടില്ല. കമ്മലിടാത്ത, മാലയിടാത്ത, തുണിസഞ്ചി തൂക്കിനടക്കുന്ന നിറമില്ലാത്ത ലോകത്തെ ബേബിചേച്ചി വെറുത്തു. അനിയത്തിമാര്‍ അങ്ങോട്ട് വഴിതെറ്റിപ്പോകുന്നത് ചേച്ചിയെ ഭ്രാന്തുപിടിപ്പിച്ചു കാണണം (ഞങ്ങളോടുള്ള ഇഷ്ടക്കൂടുതല്‍കൊണ്ട്). മാനുഷിയെക്കുറിച്ച് വീട്ടില്‍വെച്ച് സംസാരിക്കുന്നതുപോലും വിലക്കപ്പെട്ടു. ഞങ്ങള്‍ സംസാരിച്ചതൊക്കെ പറമ്പിലായിരുന്നു. കവുങ്ങിനും വാഴക്കും വെള്ളംതേവുന്നിടത്ത്. സ്ത്രീകള്‍ നിരന്തരം പീഡിപ്പിക്കപ്പെടുന്നതിനെകുറിച്ച്, അപമാനിക്കപ്പെടുന്നതിനെ കുറിച്ച് തങ്കമണിയിലെ പൊലീസ് നരനായാട്ടിനെ കുറിച്ച്. പക്ഷംപിടിക്കേണ്ടതെവിടെ എന്നെനിക്ക് സംശയമേ ഉണ്ടായില്ല. നിസ്സംഗരായവര്‍ എന്നെ വേദനിപ്പിച്ചു.
ഒരു ദിവസം ബിന്ദു കോളജില്‍നിന്നും വന്നത് പത്രം പൊതിഞ്ഞെത്തുന്ന ഇളംകാക്കിനിറമുളള കട്ടിയുള്ള ഒരുകെട്ട് പേപ്പറും ബ്രഷുമൊക്കെയായിട്ടാണ്. പോസ്റ്റര്‍ എഴുതാന്‍. (ചാര്‍ട്ട് പേപ്പറും സ്കെച്ച് പെന്നുകളും ഇല്ലാത്ത കാലമായിരിക്കണം അത്.) വീട്ടിനകത്തേക്ക് ഇതെല്ലാം എങ്ങനെ ഒളിച്ചുകടത്തി എന്നെനിക്കറിഞ്ഞുകൂടാ. രാത്രി പഠിക്കുകയാണെന്ന വ്യാജേന മുകളിലത്തെ മുറിയിലിരുന്നാണ് ബിന്ദു പോസ്റ്ററെഴുതിയത്. അങ്ങോട്ട് ആരും വരാതിരിക്കാന്‍ ഞാന്‍ കോണിപ്പടിമേല്‍ കാവലിരുന്നു. ‘മാനുഷി – ചിന്തിക്കുന്ന സ്ത്രീകളുടെ സംഘടന’ അതെന്നെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. ഒരെണ്ണമെങ്കിലും എഴുതണമെന്ന് എനിക്കും കൊതിതോന്നി. സ്വന്തം കൈപ്പടയെക്കുറിച്ച് അഹങ്കാരമുണ്ടായിരുന്ന ബിന്ദു എനിക്കത് തന്നില്ല. വെറും ഏഴാംക്ളാസുകാരിയുടെ കൈപ്പടക്കെന്ത് വില? വീടിന്‍െറ രണ്ടാംതട്ടിലാണ് നീലമഷികൊണ്ടെഴുതിയ ആ പോസ്റ്ററുകള്‍ ഉണക്കാന്‍വെച്ചത്. അബദ്ധത്തില്‍പോലും ആരും കയറിനോക്കാത്ത സ്ഥലം. പക്ഷേ, രാത്രി മുഴുവന്‍ ഞങ്ങളുറങ്ങിയിട്ടില്ല. എലി ആ പോസ്റ്ററുകള്‍ കരണ്ടാലോ എന്ന പേടി കാരണം. രാവിലെ എഴുന്നേറ്റ ഉടനെ ഓടിച്ചെന്ന് നോക്കി. കുഴപ്പമൊന്നുമില്ല. പക്ഷേ, പ്രശ്നം പിന്നെയും ബാക്കിനിന്നു. കരിങ്കാലികളായ അമ്മയും ബേച്ചിയും  കാണാതെ പോസ്റ്റര്‍ എങ്ങനെ വീടിന് പുറത്തെത്തിക്കും? ബിന്ദുവിന് എന്നെത്തന്നെ ശരണംപ്രാപിക്കേണ്ടിവന്നു. ബിന്ദു കോളജിലേക്ക് ഇറങ്ങുന്നതിന് പത്തുമിനിറ്റ് മുമ്പ് ഞാന്‍ പോസ്റ്ററുമായി ഇറങ്ങി പടിപ്പുരയുടെ മറവില്‍ പതുങ്ങിനിന്നു. അമ്മയോട് യാത്രയൊക്കെ പറഞ്ഞ് പാവം കുട്ടിയായി ബിന്ദു വീട്ടില്‍നിന്നിറങ്ങി. പടിപ്പുരയുടെ മറവില്‍നിന്നും ഞാന്‍ പോസ്റ്റര്‍ ബിന്ദുവിന് കൈമാറുന്നു. ബിന്ദു മിടുക്കത്തിയായി കോളജിലേക്ക്…
നാട്ടില്‍ അന്ന് ഒരു തിയറ്ററേ ഉണ്ടായിരുന്നുള്ളൂ. തിയറ്റര്‍ എന്നൊന്നും പറയാന്‍ പറ്റില്ല. സിനിമാ കൊട്ടക. എങ്കിലും ഞങ്ങള്‍ക്ക് പ്രിയപ്പെട്ട സ്ഥലമായിരുന്നു സത്യന്‍ ടാക്കീസ്. ചിലപ്പോഴക്കെ അവിടെ ‘എ’ പടങ്ങളും വരും. അന്നൊരു വെള്ളിയാഴ്ചയാണ്. ഞാനും അമ്മയും കൂടി ഏതോ ബന്ധുവീട് സന്ദര്‍ശനം കഴിഞ്ഞ് ബസ്സ്റ്റോപ്പിലിറങ്ങി. ബസിറങ്ങുമ്പോള്‍തന്നെ ആദ്യം കണ്ണിലേക്കെത്തുക ചായക്കടയിലെ സിനിമാ പോസ്റ്ററാണ്. പക്ഷേ, അന്നവിടെ പോസ്റ്ററിന് മുകളില്‍ കറുത്ത ചായമടിച്ചുവെച്ചിരിക്കുന്നു. അതിന് മുകളില്‍ മാനുഷിയുടെ പോസ്റ്ററും. ‘സ്ത്രീകളുടെ അശ്ളീലചിത്രപ്രദര്‍ശനം അവസാനിപ്പിക്കുക’ എന്നോ മറ്റോ ആയിരുന്നു അത്. നോക്കിയപ്പോള്‍ ബിന്ദുവും ശ്രീജോപ്പോളും അങ്ങനെ കുറച്ചുപേരും കരിഓയിലും പോസ്റ്ററും പശയുമൊക്കെയായി അങ്ങനെ നില്‍ക്കുകയാണ്. അമ്മ അവിടെവെച്ച് ബിന്ദുവിനെ നോക്കിയപ്പോള്‍ ആ കണ്ണുകളില്‍ ഒരു അഗ്നിപര്‍വതം ജ്വലിക്കുന്നത് ഞാന്‍ കണ്ടു. ഒരു നിമിഷത്തേക്ക് മാത്രം. റോഡില്‍വെച്ച് തന്നെയാരോ അപമാനിച്ചതുപോലെ നിസ്സഹായമായി എന്‍െറ കൈയുംപിടിച്ചുകൊണ്ട് അമ്മ അവിടെനിന്നും വീട്ടിലേക്ക് പോന്നു. റോഡിലൂടെ തലയുംതാഴ്ത്തി തന്‍െറ പാദപതനം ഭൂമിയെപ്പോലും അറിയിക്കാതെ കടന്നുപോകേണ്ട പെണ്‍കുട്ടി ഇതാ പരസ്യമായി കരിഓയിലും ബ്രഷുമായി സിനിമാ പോസ്റ്റര്‍ നശിപ്പിക്കാന്‍ നടക്കുന്നു. അമ്മയെ സംബന്ധിച്ചിടത്തോളം നഗ്നമായ സിനിമാ പോസ്റ്ററുകളെക്കാളും നടുറോഡിലൂടെ തന്‍േറടത്തോടെ നടക്കുന്ന പെണ്‍കുട്ടിയായിരുന്നു സ്ത്രീത്വത്തിനപമാനം. കുറച്ചുകഴിഞ്ഞ് ബിന്ദു പൂച്ചയെപോലെ പതുങ്ങി വീട്ടില്‍വന്നു. അന്ന് അമ്മയുടെ അടുത്തുനിന്നും കുറെ വഴക്ക് കേട്ടു. പക്ഷേ, ഭൂമി കുലുങ്ങിയാലും മാനുഷി കുലുങ്ങുമോ? എന്നോടല്ല ഇതൊന്നും പറയുന്നത് എന്ന ഭാവത്തിലായിരുന്നു ബിന്ദു. അന്ന് മാനുഷിയില്‍ ഉണ്ടായിരുന്നവരെല്ലാം പല പ്രതിബന്ധങ്ങളെയും തരണംചെയ്താണ് പ്രവര്‍ത്തിച്ചിരുന്നത്. എന്‍േറത് ഒരു പെണ്ണരശു വീടായിരുന്നതുകൊണ്ട് താരതമ്യേന എളുപ്പമായിരുന്നിരിക്കാം കാര്യങ്ങള്‍.
ആയിടക്കാണ് വാവന്നൂരുവെച്ച് മാനുഷി ഒരു ക്യാമ്പ് സംഘടിപ്പിക്കുന്നത്. മാനുഷി കാമ്പസിന് പുറത്തേക്ക് പടര്‍ന്നുപിടിച്ചത് അതിലൂടെയായിരുന്നു. രണ്ടുദിവസത്തെ ക്യാമ്പ്. പെണ്‍കുട്ടികള്‍ ഒരു ദിവസം വീടുവിട്ടുനിന്നാല്‍ നശിച്ചുപോകുമെന്ന് കരുതിയിരുന്ന കാലം. ക്യാമ്പിലേക്ക് പങ്കെടുക്കുന്നതിനായി അനുവാദം ചോദിക്കുന്നതിന് സാറ ടീച്ചര്‍ വീട്ടില്‍ വന്നു. ഞാന്‍ വീടിന്‍െറ വടക്കുവശത്തിരുന്ന് ചക്കച്ചുള തിന്നുകൊണ്ടിരിക്കുമ്പോഴാണ് സാറടീച്ചറും ഗീതേച്ചിയും കുറച്ചുപേരുംകൂടി വീട്ടിലേക്ക് വരുന്നത്. മാനുഷി എന്ന പേരും അതിലെ അംഗങ്ങളെയും എന്‍െറ വീട്ടുകാര്‍ ഇഷ്ടപ്പെട്ടിരുന്നില്ല. ഞാന്‍ ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ചു. പക്ഷേ, ഒന്നുമുണ്ടായില്ല. എന്തൊക്കെ പറഞ്ഞാലും കോളജില്‍ കുട്ടിയെ പഠിപ്പിക്കുന്ന ടീച്ചറാണ് വീട്ടിലേക്ക് വന്നിരിക്കുന്നത്. അമ്മ ആതിഥ്യമര്യാദകൊണ്ട് വീര്‍പ്പുമുട്ടി. ക്യാമ്പില്‍ പങ്കെടുക്കാനുള്ള അനുവാദംചോദിച്ച ടീച്ചറോട് അമ്മ എന്തുപറഞ്ഞുവെന്ന് എനിക്കറിയില്ല. പക്ഷേ, വലിയ വിദ്യാഭ്യാസമൊന്നുമില്ലാത്ത ആ സ്ത്രീ രണ്ടാമതൊന്ന് ആലോചിച്ചിട്ടുപോലുമുണ്ടാവില്ല അനുവാദംകൊടുക്കാന്‍.
വാവന്നൂര്‍ ക്യാമ്പിനോടനുബന്ധിച്ച് നടന്ന ചര്‍ച്ചകളെക്കുറിച്ചുള്ള ചര്‍ച്ചകളായിരുന്നു പിന്നീടുള്ള എന്‍െറ വൈകുന്നേരങ്ങളെ സമ്പന്നമാക്കിയത്. എനിക്ക് ചുറ്റും നാടകങ്ങള്‍, സ്റ്റഡിക്ളാസുകള്‍, ചര്‍ച്ചകള്‍, സിനിമകള്‍ എന്തെല്ലാമോ നടന്നു. ഞാന്‍ നിശ്ശബ്ദയായ കേള്‍വിക്കാരി മാത്രമായി. ബിന്ദു കോളജിലേക്കാണെന്നുംപറഞ്ഞ് സമരംനടക്കുന്ന സ്ഥലങ്ങളിലേക്കൊക്കെ പോയി. കോളജ് വിട്ടുവരുന്ന സമയത്ത് കൃത്യമായി വീട്ടിലെത്തി.
അങ്ങനെയിരിക്കെയാണ് മാനുഷിയുടെ പ്രചാരണജാഥ ആറങ്ങോട്ടുകരയിലെത്തിയത്. ആറങ്ങോട്ടുകരയിലെ മുല്ലക്കല്‍ പറമ്പിലായിരുന്നു നാടകാവതരണവും മറ്റും. വീടിന് തൊട്ടടുത്ത് നടക്കുന്ന പരിപാടിയായതിനാല്‍ വീട്ടില്‍പറയാതെ പോകാന്‍ തീരുമാനിച്ചു. ഉച്ചനേരത്താണ്. ഞാന്‍ കളിക്കുന്നതിനായി അയല്‍വീടുകള്‍ തെണ്ടുന്ന സമയം. അമ്മ ഉറക്കമായിരിക്കും. മുല്ലക്കല്‍ പറമ്പില്‍പോയി ഞാന്‍ കാത്തുനിന്നു. സാറടീച്ചറും പിന്നെ കുറെ കുട്ടികളും. അവര്‍ക്കിടയില്‍ കുഞ്ഞുകുട്ടിയുടെ പരിലാളനകളേറ്റ് ഞാനങ്ങനെ നിന്നു. അവര്‍ പാടിയ ഉണര്‍ത്തുപാട്ട് നേരത്തേതന്നെ എനിക്ക് കാണാപാഠമാണ്.
‘‘ഉണര്‍ന്നെണീക്കുക സോദരീ…
നമ്മെ ചുറ്റിയ നൂറ്റാണ്ടുകളുടെ
കള്ളച്ചങ്ങലകള്‍ തകര്‍ത്തു
തടവറ പൊട്ടിച്ചെറിഞ്ഞു
പുറത്തുപോരിക നാം…
അടിമകളില്ലിനി നാം…’’
അതുകഴിഞ്ഞ് നാടകം.  പിന്നീട്, സ്ത്രീധന വിരുദ്ധ പ്രതിജ്ഞ. അതില്‍ ഞാനും പങ്കെടുത്തു. സ്ത്രീധനത്തിനെതിരെ സാറടീച്ചര്‍ ചൊല്ലിത്തന്ന വാക്യങ്ങള്‍ ഏറ്റുപറഞ്ഞു. മാനുഷിയുടെ പരിപാടിയില്‍ ഞാനാദ്യമായി നേരിട്ട് പങ്കാളിയായത് അന്നാണ്. പുഴയുടെ തീരത്തുനിന്ന് വെള്ളത്തിലേക്ക് നോക്കി കൊതിയോടെ കാലുകള്‍ നനച്ചുകൊണ്ടിരുന്ന കുട്ടിക്ക് ഒരു ദിവസം നീന്തിത്തുടിക്കാന്‍ കഴിഞ്ഞാല്‍ എങ്ങനെയിരിക്കും? അത്രയും സന്തോഷവതിയായി ഞാന്‍.
ആറങ്ങോട്ടുകരയില്‍ വലിയ കോളിളക്കമുണ്ടാക്കിയ സംഭവമായിരുന്നു ഈ സംഘത്തിലെ ഹൈദ്രോസും വിജിയും തമ്മിലുള്ള വിവാഹം. ഒരു മുസ്ലിം യുവാവ് നായര്‍ യുവതിയെ വിവാഹം കഴിച്ചത് നാട്ടിലും വീട്ടിലും വലിയ പ്രശ്നങ്ങളുണ്ടാക്കി. (ഇന്നും വിജിക്ക് സ്വന്തം വീട്ടിലേക്ക് വരാനുള്ള അനുവാദമില്ല.) ഞാന്‍ അയല്‍പക്കത്തെ വീടുകളില്‍ കളിക്കാന്‍ പോകുമ്പോള്‍ ഇതിനെക്കുറിച്ചൊക്കെ അവര്‍ എന്നോട് ചോദിച്ചുതുടങ്ങി. അവരുടെ പരിഹാസത്തിന്‍െറയും മാനുഷിയുടെ ശരികളുടെയും നടുവില്‍ ഞാന്‍ പെട്ടെന്ന് മുതിര്‍ന്ന കുട്ടിയായി മാറി. വീടുവെച്ച് കളിക്കാനും വട്ടുകളിക്കാനും അയല്‍വീടുകളില്‍ ചുറ്റിനടന്നിരുന്ന ഞാന്‍ പെട്ടെന്ന് എന്‍െറ കളിക്കൂട്ടുകാരില്‍നിന്നും അകന്നു. ഇവര്‍ ജാഥ നടത്തുന്നു, ധര്‍ണയിരിക്കുന്നു എന്നിങ്ങനെയുള്ള റിപ്പോര്‍ട്ടുകള്‍ വീട്ടില്‍ കിട്ടിക്കൊണ്ടിരുന്നു. ബിന്ദുവിന്‍െറ പട്ടാമ്പി കോളജിലെ പഠിത്തംനിര്‍ത്താന്‍ വീട്ടുകാര്‍ തീരുമാനിച്ചു. ബിന്ദുവിനെ മറ്റൊരു കോഴ്സിന് തൃശൂരില്‍ കൊണ്ടുപോയി ചേര്‍ത്തു. എന്‍െറ സ്വപ്നലോകത്തേക്കുള്ള ജാലകം അതോടെ അടഞ്ഞുപോയി. ഏക ആശ്വാസം സന്ധ്യകളിലെ ഒത്തുചേരലുകളായിരുന്നു. സമരങ്ങളിലും മീറ്റിങ്ങുകളിലും പങ്കെടുക്കുന്നതിനായി ബിന്ദു അപ്പോഴും തൃശൂര്‍ക്കെന്ന വ്യാജേന പട്ടാമ്പിയിലേക്ക് പോയിക്കൊണ്ടിരുന്നു. (അതെനിക്ക് മാത്രം അറിയാവുന്ന രഹസ്യമായിരുന്നു.)
മാനുഷിയും ക്രമേണ ഇല്ലാതാവുകയായിരുന്നു. മാനവി എന്ന പേരില്‍ ടീച്ചര്‍മാരുടെ ഒരു ഗ്രൂപ്പ്. മാനുഷി എന്ന പേരില്‍ത്തന്നെ പല സ്ഥലത്ത് പല ഗ്രൂപ്പുകള്‍. എല്ലാം പടുമുളകളായിരുന്നു എന്ന് കാലം തെളിയിച്ചു. ഒന്നും തഴച്ചുവന്നില്ല. അനൈക്യത്തിന്‍െറ വിള്ളലുകളെ ഞാന്‍ കേള്‍വിയിലൂടെ തൊട്ടറിയുന്നുണ്ടായിരുന്നു. അഭിപ്രായസമന്വയത്തിനായി ആരും പരിശ്രമിച്ചില്ല. എല്ലാവര്‍ക്കും അവരവരുടേതായ ശരികളുണ്ടായിരുന്നു.
ഇന്ന് കൊച്ചിയിലെ സന്ധ്യകളെ എനിക്ക് ഭയമാണ്. എന്‍െറ തിരക്കുകളെ മുഴുവന്‍ വൈകുന്നേരത്തേക്ക് കൂട്ടിവെക്കാറാണ് പതിവ്. മറ്റൊന്നും ഓര്‍ക്കാതിരിക്കാന്‍.

English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read