കേരളത്തിലെ വോളി സ്നേഹികളുടെ കയ്യടി നേടുകയാണ് നാദാപുരത്തുകാരുടെ അഭിമാന താരം അബ്ദുൽ നാസര്‍

By | Friday April 13th, 2018

SHARE NEWS

നാദാപുരം : കേരളത്തിലെ വോളി സ്നേഹികളുടെ കയ്യടി  നേടുകയാണ് പരിശീലകൻ കെ. അബ്ദുൽ നാസറും.  നാദാപുരത്തുകാര്‍ക്ക് അഭിമാനിക്കാം ,വളയം ചെരുമോത്തിന്റെ മണ്ണില്‍ പിറന്ന  ഈ താരത്തെ ഓര്‍ത്ത് . എതിർ ടീമിൽ പ്രഭാകരനോ മലയാളിയായ മനു ജോസഫോ സുബ്ബറാവുവോ ആകട്ടെ, ആത്മവിശ്വാസം കൈവിടാതെ കളിക്കാനാണ് കേരള താരങ്ങളെ നാസർ പഠിപ്പിച്ചത്.
നഷ്ടപ്പെടാനൊന്നുമില്ലെന്ന മട്ടിൽ കളിക്കണം.  എന്തായാലും നാസറിന്റെ തന്ത്രങ്ങൾ ഫലം കണ്ടു.  കഴിഞ്ഞ രണ്ടുതവണയായി  ദേശീയ സീനിയർ കിരീടവും  ഫെഡറേഷൻ കപ്പ് ചാംപ്യൻഷിപ്പുമാണ് കേരളത്തിലേക്കെത്തിയത്.

മൂന്നു ഫൈനലുകളിലും തോൽപിച്ചത് റെയിൽവേ ടീമിനെയാണെന്നതും ശ്രദ്ധേയമായി.  ദേശീയ സീനിയർ ചാംപ്യൻഷിപ്പിൽ മൊത്തം നാലുതവണ കേരള പുരുഷ ടീമിന്റെ പരിശീലകനായി.

 രണ്ടുതവണയും കിരീടം. രണ്ടുതവണ രണ്ടാംസ്ഥാനവും.  കേരള ടീമിലെ എല്ലാവരും മികച്ച താരങ്ങളാണെന്നാണ് നാസറിന്റെ അഭിപ്രായം. കഴിഞ്ഞമാസം നടന്ന ദേശീയ സീനിയർ വോളിയിലെ താരങ്ങളായിരുന്ന ജറോമും വിബിൻ ജോർജും ഇല്ലാതെയാണ് ടീം ഫെഡറേഷൻ കപ്പിനിറങ്ങിയത്.
എങ്കിലും ആദ്യമായി ദേശീയ ചാംപ്യൻഷിപ് കളിക്കുന്ന ഷോൺ ടി. ജോണടക്കം എല്ലാവരും നന്നായി കളിച്ചതിന്റെ ഫലമാണ്  ചാപ്യൻഷിപ് വിജയമെന്നും നാസർ പറയുന്നു.

വളയം ഹൈസ്കൂളിലെ പോക്കർ സാർ കയ്യിൽ വച്ചുകൊടുത്ത പന്താണ് നാദാപുരം ചെറുമോത്ത് കുനിയിൽ വീട്ടിൽ അബ്ദുൽ നാസറിനെ വോളിബോളിലേക്കു നയിച്ചത്. പിന്നീട് മൊകേരി ഗവ. കോളജിൽ പ്രീഡിഗ്രിക്കു ചേർന്നപ്പോൾ എൻ.വി. അശോകനെന്ന കായികാധ്യാപകൻ നാസറിലെ പ്രതിഭയെ തിരിച്ചറിയുകയും ചെയ്തു. അങ്ങനെ 1987 മുതൽ 1991 വരെ  കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീമിന്റെ കരുത്തനായ കൗണ്ടർ അറ്റാക്കറായി. 91ൽ ഇന്ത്യൻ യൂണിവേഴ്സിറ്റി ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. 1992ലാണ് കൊച്ചിൻ  പോർട്ടിലെത്തുന്നത്.

പിന്നീട്  മിഡിൽ ബ്ലോക്കറെന്ന റോളിലായി കളി. സംസ്ഥാനത്തെ മികച്ച താരത്തിന് വോളിബോൾ അസോസിയേഷൻ നൽകുന്ന അവാർഡും 1994ൽ നാസറിനെ തേടിയെത്തി. അഞ്ചുതവണയാണ് കേരളത്തിനുവേണ്ടി ദേശീയ സീനിയർ ചാംപ്യൻഷിപ്പുകൾ കളിച്ചത്. രണ്ടുതവണ ഫെഡറേഷൻ കപ്പ് നേടിയ കൊച്ചിൻ പോർട്ട് ട്രസ്റ്റ് ടീമിലും കളിച്ചു. 2004 മുതൽ പോർട്ടിലെ പരിശീലകനാണ്. 2007ൽ ദേശീയ യൂത്ത് വോളിയിൽ കിരീടം നേടിയ കേരള ടീമിന്റെയും 2016 ലെ ദേശീയ ബീച്ച് വോളി കിരീടം നേടിയ കേരള ടീമിന്റെയും കോച്ചായിരുന്നു നാസർ.

2010ൽ ദേശീയ ഗെയിംസിൽ റണ്ണറപ്പ് നേടിയ കേരള പുരുഷ ടീമിനെയും പരിശീലിപ്പിച്ചിട്ടുണ്ട്. മികച്ച താരങ്ങളെ കേരളത്തിൽ നിർത്താനായി വിവിധ വകുപ്പുകൾ റിക്രൂട്മെന്റ് വിപുലീകരിക്കണമെന്നാണ് നാസറിന്റെ അഭിപ്രായം. കേരളത്തിന്റെ അഭിമാനമായ താരങ്ങളെ പ്രോൽസാഹിപ്പിക്കാനും അംഗീകരിക്കാനും ഒട്ടും മടികാണിക്കരുതെന്നും പറയുന്നു. കൊച്ചിൻ പോർട്ടിൽ സീനിയർ അക്കൗണ്ടന്റായ നാസർ ഇപ്പോൾ കോഴിക്കോട് ചെറൂട്ടി നഗറിലാണ് താമസം.   ഭാര്യ ബേനിയാസ്, മക്കൾ അഷീഗ, അക്വിബ്, ഫാത്തിമ.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16