നാദാപുരം

By | Saturday March 8th, 2014

SHARE NEWS

L-2
ചരിത്രം

വടക്കന്‍ വീരഗാഥകള്‍കേട്ട് ആവേശപുളകിതമായ നാട്, അങ്കത്തട്ടുകളുടെയും പടകാളി മുറ്റങ്ങളുടെയും കളരിപരമ്പരകളുടെയും ചരിത്രമുറങ്ങുന്ന നാട്, പുറമേരിയിലെ കടത്തനാടന്‍ കൊട്ടാരങ്ങള്‍ക്കും കുറ്റിപ്രം കോവിലകത്തിനുമിടയില്‍ നീണ്ടുനിവര്‍ന്നു നില്‍ക്കുന്ന വിശാലമായ ഭൂമി എന്നീ വിശേഷണങ്ങള്‍ നാദാപുരം ഗ്രാമപഞ്ചായത്തിന് അര്‍ഹമായതാണ്. 1869-ല്‍ ഡോ:ഹെര്‍മന്‍ ഗുണ്ടര്‍ട്ട് മലയാളരാജ്യം- ചരിത്രത്തോടുകൂടിയ ഭൂമിശാസ്ത്രം എന്ന തന്റെ കൃതിയില്‍ നാദാപുരത്ത് അങ്ങാടിയെക്കുറിച്ച് ഇങ്ങിനെ രേഖപ്പെടുത്തിയിരിക്കുന്നു. നാദാപുരം എന്നത് കുറ്റിപ്പുറത്തിന്റെ 2 മൈല്‍ വടക്കുപടിഞ്ഞാറ്, അവിടെ ഒരു വലിയ അങ്ങാടിയും മാപ്പിളമാരുടെ പള്ളിയും ഉണ്ട്. അങ്ങാടിയില്‍ കുരുമുളക് കച്ചവടം മുഖ്യം. കുരുമുളകിന്റെയും കേരവൃക്ഷങ്ങളുടെയും സമൃദ്ധിയില്‍ പരിലസിച്ചിരുന്ന പഴയ കുറുമ്പ്രനാട് താലൂക്കില്‍ ഉള്‍പ്പെട്ടതായിരുന്നു ചരിത്രപ്രസിദ്ധമായ കടത്തനാട് രാജാക്കന്മാരുടെ ഭരണസിരാകേന്ദ്രമായ കുറ്റിപ്പുറം കോവിലകം. ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട് കുറ്റിപ്പുറം കോവിലകത്തെക്കുറിച്ച് തന്റെ യാത്രാവിവരണ ഗ്രന്ഥത്തില്‍ ഇങ്ങിനെ സൂചിപ്പിക്കുന്നു. വടകരയില്‍ നിന്ന് മാനന്തവാടിക്ക് പോകുന്ന നിരത്തില്‍ കൂടി 8 മൈല്‍ ദൂരം പോയാല്‍ കടത്തനാട് രാജാവ് വസിക്കുന്ന കുറ്റിപ്പുറത്ത് എത്തും. അതിന്റെ കുറെ തെക്കുപടിഞ്ഞാറുള്ള പുറമേരിയിലും കോവിലകം ഉണ്ട്. ഉണ്ണിയാര്‍ച്ച ജോനകന്‍മാരെ നനഞ്ഞ മുണ്ട്കൊണ്ട് നേരിട്ടു എന്നു പറയപ്പെടുന്ന നാദാപുരത്തങ്ങാടിയും കുറ്റിപ്പുറം കോവിലകം ഉള്‍പ്പെട്ടിരുന്ന പ്രദേശവും ഇന്ന് നാദാപുരം ഗ്രാമപഞ്ചായത്തിലെ ഹൃദയഭാഗങ്ങളാണ്. കുറ്റിപ്പുറം കോവിലകത്തിന്റെ ചരിത്രാവശേഷിപ്പ് പൊട്ടിപ്പൊളിഞ്ഞ കല്‍പ്പടവുകളോടെ ഇന്ന് കാണുന്ന പായല്‍ മൂടിയ ഒരു കുളം മാത്രമാണ്. തെങ്ങും കവുങ്ങും കുരുമുളകും കൊണ്ട് സമൃദ്ധമായ തൊടികള്‍ നിറഞ്ഞതാണ് നാദാപുരം. ടിപ്പുസുല്‍ത്താന്‍ ഈ പഞ്ചായത്തില്‍ വന്നതിന്റെ ഓര്‍മ്മ നിലനിര്‍ത്താന്‍ എന്നാണം ആവോലം കല്ലാച്ചി റോഡ് ടിപ്പുസുല്‍ത്താന്‍ റോഡ് എന്ന പേരിലാണ് ഇപ്പോഴും അറിയപ്പെടുന്നത്. ഏകദേശം 10 നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ഇസ്ളാം മതപ്രചരണത്തിനായി പണ്ഡിതരായ സൂഫിവര്യന്‍മാര്‍ ഈ നാട്ടില്‍ എത്തിയിരുന്നതായി സൂചനകളുണ്ട്. ചരിത്രത്തില്‍ സ്ഥാനം പിടിച്ച പൂച്ചാക്കൂല്‍ ഓര്‍ (അവര്‍കള്‍) എന്ന പണ്ഡിതന്‍ താമസിച്ചിരുന്ന ഭവനത്തിന് ഏതാണ്ട് 750 വര്‍ഷത്തെ പഴക്കമുണ്ട്. പ്രസ്തുത ഭവനം ഇന്നും നിലനില്‍ക്കുന്നു. നാദാപുരത്തെ ജുമാ-അത്ത് പള്ളിയിലെ ദറസ് കേരളത്തിലാകെ പ്രസിദ്ധമായിരുന്നു. ഇസ്ളാം മതപഠന രംഗത്ത് പൊന്നാനിയായിരുന്നു കേരളത്തില്‍ ഒന്നാം സ്ഥാനത്ത്. നാദാപുരം രണ്ടാം പൊന്നാനി എന്നറിയപ്പെട്ടിരുന്നു. ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ സ്വാധീനത്തില്‍ ഈ പഞ്ചായത്തും ഉള്‍പ്പെട്ടിരുന്നു. സ്വാതന്ത്ര്യദാഹത്തിന്റെ തീവ്രതയില്‍ അന്ന് ബ്രിട്ടീഷ് ആധിപത്യത്തിലുള്ള മുന്‍സീഫ് കോടതി ബോംബ് വെച്ച് തകര്‍ക്കാനുള്ള സാഹസിക യത്നത്തിനുപോലും മുതിര്‍ന്ന ചരിത്രം ഇവിടെയുണ്ട്. കുനിയില്‍ അപ്പുക്കുറുപ്പായിരുന്നു അതിനു നേതൃത്വം കൊടുത്തത്. ബ്രിട്ടീഷ് പട്ടാളത്തെപ്പോലും വകവയ്ക്കാതെ ചില ധീരസാഹസികര്‍ നടത്തിയ രജിസ്ട്രാഫീസ് പിക്കറ്റിംഗ് ഈ പ്രദേശത്ത് കോളിളക്കം സൃഷ്ടിച്ച മറ്റൊരു സംഭവമായിരുന്നു. സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിലേക്ക് എല്ലാം മറന്ന് എടുത്തുചാടിയ പി.രൈരുക്കുറുപ്പ്, പി.കൃഷ്ണന്‍ നമ്പ്യാര്‍, എടവലത്ത് കരുണാകരന്‍ മാസ്റ്റര്‍, ചിങ്ങോത്ത് കുഞ്ഞിരാമന്‍ നായര്‍ എന്നിവര്‍ നാദാപുരത്തിന്റെ അഭിമാനഭാജനങ്ങളാണ്. ദേശീയ പ്രസ്ഥാനത്തിന്റെയും സാമൂഹ്യനവോത്ഥാന യത്നങ്ങളുടെയും ഫലമായി ജാതിക്കും അനാചാരങ്ങള്‍ക്കുമെതിരായ നീക്കങ്ങള്‍ ഈ നാട്ടിലും ശക്തിപ്പെട്ടു വന്നു. സംഘടിത കര്‍ഷകതൊഴിലാളി ബഹുജന പ്രസ്ഥാനങ്ങളും ശക്തി പ്രാപിച്ചുവന്നു. ഇതിന്റെയെല്ലാം പരിണിത ഫലമായി അന്ന് ചുരുക്കം ചില വ്യക്തികളുടെ അധീനതയിലായിരുന്ന ഭൂസ്വത്തുക്കള്‍ പില്‍ക്കാലത്ത് വീതിക്കപ്പെട്ടു. 1913-ല്‍ ആണ് നാദാപുരത്ത് ആദ്യത്തെ എലിമെന്ററി സ്കൂള്‍ സ്ഥാപിതമായത്. ബോര്‍ഡ് മാപ്പിള എല്‍.പി.സ്കൂള്‍ എന്നായിരുന്നു അന്നത്തെ പേര്. അതാണ് ഇന്നത്തെ നാദാപുരം ഗവണ്‍മെന്റ് മാപ്പിള യു.പി.സ്കൂള്‍. പയന്തോങ്ങില്‍ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് നടത്തിയിരുന്ന എലിമെന്ററി സ്കൂളാണ് പില്‍ക്കാലത്ത് കല്ലാച്ചി ഗവണ്‍മെന്റ് യു.പി.സ്കൂളായി മാറിയത്.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്