---
title: "കുടിശ്ശിക അടച്ചില്ല; മൂന്നുമാസമായി വെള്ളമില്ല"
english_title: "Dues not paid; There is no water for three months"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/100127/dues-not-paid-there-is-no-water-for-three-months"
published_at: "2023-02-27T22:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fcdb78ba37b_vellam_pic.jpg"
keywords: []
---

# കുടിശ്ശിക അടച്ചില്ല; മൂന്നുമാസമായി വെള്ളമില്ല

> **Lead Summary:** **നാദാപുരം: **കുടിശ്ശിക അടക്കാത്തതിനാൽ ജല അതോറിറ്റി കണക്ഷൻ വിഛേദിച്ചു . നാദാപുരം മിനി സിവിൽ സ്റ്റേഷനിലാണ് സംഭവം. അത്യാവശ്യ കാര്യങ്ങൾക്ക് പോലും വെള്ളം കിട്ടാതെ മിനി സിവിൽ സ്റ്റേഷനിലെ ജീവനക്കാർ തീരാ ദുരിതത്തിൽ. 75 ഓളം ജീവനക്കാർ മൂന്നുമാസത്തിലേറെയായി കഷ്ടപ്പെടുകയാണ്. കല്ലാച്ചി ഉണ്ണംനാട്ടിൽ പ്രവർത്തിക്കുന്ന മിനി സിവിൽ സ്റ്റേഷൻ ജീവനക്കാർക്കാണ് ഈ ദുർഗതി വന്നിരിക്കുന്നത് .

## Article Content

**നാദാപുരം: **കുടിശ്ശിക അടക്കാത്തതിനാൽ ജല അതോറിറ്റി കണക്ഷൻ വിഛേദിച്ചു . നാദാപുരം മിനി സിവിൽ സ്റ്റേഷനിലാണ് സംഭവം. അത്യാവശ്യ കാര്യങ്ങൾക്ക് പോലും വെള്ളം കിട്ടാതെ മിനി സിവിൽ സ്റ്റേഷനിലെ ജീവനക്കാർ തീരാ ദുരിതത്തിൽ. 75 ഓളം ജീവനക്കാർ മൂന്നുമാസത്തിലേറെയായി കഷ്ടപ്പെടുകയാണ്. കല്ലാച്ചി ഉണ്ണംനാട്ടിൽ പ്രവർത്തിക്കുന്ന മിനി സിവിൽ സ്റ്റേഷൻ ജീവനക്കാർക്കാണ് ഈ ദുർഗതി വന്നിരിക്കുന്നത് .

ഓഫീസിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറ്റിൽ നിന്നും മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്താണ് ഓഫീസിൽ കഴിഞ്ഞ ഏഴ് വർഷമായി വെള്ളം ഉപയോഗിച്ചിരുന്നത് . എന്നാൽ ഫെബ്രുവരി മുതൽ വേനൽ കനത്തതോടെ കിണർ വറ്റിയിരിക്കുകയാണ്. സമീപവാസികളായ നിരവധി വീട്ടുകാരും കുടിവെള്ളത്തിന് ഈ കിണറിനെയാണ് ആശ്രയിക്കുന്നത്. വേനൽ കനത്തത്തോടെ കിണറ്റിലെ ജലവിതാനം കുറഞ്ഞു.

പരിസരവാസികളും ജലക്ഷാമത്തിൽ വലയുകയാണ് . ഇതോടെ ഓഫീസിലേക്കുള്ള പമ്പിങ് പാടേ നിലക്കുകയായിരുന്നു. കുടിശ്ശികയുടെ പേരിൽ വാട്ടർ അതോറിറ്റി കണക്ഷൻ വിഛേദിച്ചിട്ട് നാല് മാസത്തോളമായി. അറുപതിനായിരം രൂപയാണ് കുടിശ്ശികയായ അറുപതിനായിരം രൂപ ജില്ലാ ഭരണാധികാരികൾ ബന്ധപ്പെട്ട് തീർത്താൽ മാത്രമേ കണക്ഷൻ പുനസ്ഥാപിക്കാൻ കഴിയൂ.

വടകര താലൂക്ക് ഓഫീസിന് കീഴിലെ സ്ഥാപനമായതിനാൽ ഇതിന് മുൻകൈ എടുക്കേണ്ടത് താലൂക്ക് ഓഫീസിൽ നിന്നാണ്. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്, എക്സൈസ്, ലാൻഡ് ട്രൈ ബ്യൂണൽ, ട്രഷറി എന്നീ പ്രധാനപ്പെട്ട നാല് ഓഫീസുകൾ ആണ് നിലവിൽ ഇവിടെ പ്രവർത്തിക്കുന്നത്. ഓഫീസ് ജീവനക്കാർക്കൊപ്പം വിവിധ ആവശ്യങ്ങൾക്ക് ഓഫീസിലെത്തുന്നവരും വെള്ളം ഇല്ലാത്തതിനാൽ പ്രയാസത്തിലാണ്. സിവിൽ സ്റ്റേഷൻ മുറ്റത്ത് കിണർ, കുഴൽ കിണർ എന്നിവ നിർമ്മിച്ചാൽ ശാശ്വത പരിഹാരം കാണാൻ കഴിയുമെന്നാണ് നാട്ടുകാരും ജീവനക്കാരും പറയുന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/100127/dues-not-paid-there-is-no-water-for-three-months)