---
title: "വൈകാരിക നിമിഷം; നാദാപുരത്തുകാർ തിരുമുറ്റത്ത് ഒത്തുകൂടി "
english_title: "emotional moment; The people of Nadapuram gathered in the courtyard"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/102384/emotional-moment-the-people-of-nadapuram-gathered-in-the-courtyard"
published_at: "2023-03-10T19:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640b36d720c60_muslim.jpg"
keywords: []
---

# വൈകാരിക നിമിഷം; നാദാപുരത്തുകാർ തിരുമുറ്റത്ത് ഒത്തുകൂടി 

> **Lead Summary:** **നാദാപുരം: **മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷം സമാപനത്തിലേക്ക്. 1948 മാർച്ച് 10ന് ആയിരുന്നു ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് രൂപം കൊണ്ടത്.പാർട്ടിയുടെ 75 വർഷം പൂർത്തിയാക്കിയതിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷമാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ചെന്നൈയിൽ നടന്നു വരുന്നത്.

## Article Content

**നാദാപുരം: **മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷം സമാപനത്തിലേക്ക്. 1948 മാർച്ച് 10ന് ആയിരുന്നു ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് രൂപം കൊണ്ടത്.പാർട്ടിയുടെ 75 വർഷം പൂർത്തിയാക്കിയതിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷമാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ചെന്നൈയിൽ നടന്നു വരുന്നത്.

പഴയ മദിരാശിയിലെ രാജാജി ഹാളിൽ മുസ്ലിം ലീഗ് ഇനി ഇന്ത്യയിൽ വേണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതിന് വേണ്ടിയായിരുന്നു 40ലധികം അവശിഷ്ട മുസ്ലിം ലീഗ് നേതാക്കന്മാർ ഒത്തുകൂടിയത്. ഖായിദേ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെ അധ്യക്ഷതയിലായിരുന്നു യോഗം ചേർന്നത്.

10 മണിക്കൂറിലധികം നീണ്ട ചർച്ചക്കൊടുവിൽ അവസാനം മുസ്ലിം ലീഗ് വേണമെന്ന് നിർദ്ദേശം മുന്നോട്ട് വെച്ചു. എന്നാൽ ഇതും അംഗീകരിക്കാൻ പല കൗൺസിലർമാരും തയ്യാറായില്ല. പിന്നീട് ഭൂരിപക്ഷ അഭിപ്രായത്തിന് വേണ്ടി വോട്ടിനിടുകയായിരുന്നു. പതിനഞ്ചോളം പേർ എതിർക്കുകയും 35ലധികം പേർ അനുകൂലിക്കുകയും ചെയ്തു.

അങ്ങനെയാണ് സ്വതന്ത്ര ഇന്ത്യയിൽ മുസ്ലിം ലീഗ് പിറവികൊണ്ടത്. ഈയൊരു വൈകാരിക നിമിഷത്തെ അന്വർത്ഥമാക്കും വിധത്തിലാണ് കഴിഞ്ഞ മണിക്കൂറുകൾ സാക്ഷിയായത്. മുസ്ലിം ലീഗ് പ്രഭാഷകന്മാരുടെയും, നേതാക്കന്മാരുടെയും പ്രസംഗത്തിൽ മാത്രം കേട്ട് പരിചയമുള്ള മദിരാശിയിലെ രാജാജി ഹാൾ നേരിട്ട് കാണുവാനുള്ള സുവർണാവസരം.

സ്വതന്ത്ര ഇന്ത്യയിൽ മുസ്ലിം ലീഗ് രൂപീകരിച്ച രാജാജി ഹാൾ നേരിട്ട് കാണുവാനുള്ള ഓരോ പ്രവർത്തകന്റെയും വികാരം. മംഗലാപുരം മുതൽ ചെന്നൈ വരെ ചാർട്ടേഡ് ട്രെയിൻ അടക്കം ബുക്ക് ചെയ്തു.ആയിരക്കണക്കിന് പേരായിരുന്നു ചെന്നൈ ലക്ഷ്യമാക്കി കുതിച്ചത്. നാദാപുരം മേഖലയിൽ നിന്നും നൂറുകണക്കിന് പേരായിരുന്നു രാജാജി ഹാളിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി എത്തിച്ചേർന്നത്.

നാദാപുരം നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് സൂപ്പി നരിക്കാട്ടേരി, നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ നാസർ, വാർഡ് മെമ്പർമാർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. തൂണേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ, തൂണേരി മുസ്ലിം ലീഗ് യൂത്ത് ലീഗ് പ്രവർത്തകർ ഉൾപ്പെടെ ട്രെയിൻ വഴിയായിരുന്നു എത്തിച്ചേർന്നത്.

പുറമേരി പഞ്ചായത്ത് യൂത്ത് ലീഗ് പ്രതിനിധി മുഹമ്മദ് പുറമേരി, ഉൾപ്പെടെ നാദാപുരം മേഖലയിൽ നിന്നും നൂറുകണക്കിന് പേരാണ് ചെന്നൈ ലക്ഷ്യമാക്കി എത്തിയത്. പലരും ആശ്ചര്യത്തോടെയാണ് രാജാജി നഗർ നോക്കി കണ്ടത്. ബ്രിട്ടീഷ് ഇന്ത്യയിൽ ബാൻക്വറ്റ് ഹാൾ എന്നായിരുന്നു അറിയപ്പെട്ടത്. പലരും രാജാജി ഹാളിന്റെ പുറത്തും ഉൾവശത്തും നിലയുറപ്പിക്കുകയും ചിത്രമെടുക്കുകയും ചെയ്തു.

1948 മാർച്ച് 10ന് നടന്ന മുസ്ലിം ലീഗ് കൗൺസിൽ യോഗം പ്രതീകാത്മകമായി ഇന്ന് പുനരാവിഷ്കരിച്ചു. 17 ഭാഷകളിലായി പ്രതിജ്ഞ ചൊല്ലിയായിരുന്നു കൗൺസിൽ മീറ്റിംഗ് തുടങ്ങിയത്. ഇതിൽ മലയാളത്തിൽ മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി കൂടിയായ പി കെ കുഞ്ഞാലിക്കുട്ടി എംഎൽഎ പ്രതിജ്ഞ ചൊല്ലി.

മറ്റു ഭാഷകളിലും നിരവധി നേതാക്കന്മാർ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും പ്രവർത്തകർ അത് ഏറ്റു പറയുകയും ചെയ്തു. സമാപന സമ്മേളനം തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആണ് ഉദ്ഘാടനം ചെയ്യുക. പ്ലാറ്റിനം ജൂബിലി വലിയ ആവേശമാണ് പ്രവർത്തകർക്കിടയിലും നേതാക്കന്മാർക്കിടയിലും ഉണ്ടാക്കിയത്. പ്ലാറ്റിനം ജൂബിലി സമ്മേളനത്തിന് ശേഷം ഡൽഹിയിൽ മഹാ സമ്മേളനം നടത്തുന്നതിനുള്ള ഒരുക്കത്തിലാണ് മുസ്ലിം ലീഗ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/102384/emotional-moment-the-people-of-nadapuram-gathered-in-the-courtyard)