---
title: "അരികെ റംസാൻ; വരവേൽക്കാനൊരുങ്ങി വീടുകളും പള്ളികളും"
english_title: "Arike Ramzan; Houses and churches ready to arrive"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/102907/arike-ramzan-houses-and-churches-ready-to-arrive"
published_at: "2023-03-13T21:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640f4d612af2e_ramsan.jpg"
keywords: []
---

# അരികെ റംസാൻ; വരവേൽക്കാനൊരുങ്ങി വീടുകളും പള്ളികളും

> **Lead Summary:**  **നാദാപുരം: **വിശുദ്ധ നാളുകളെ വരവേൽക്കാനൊരുങ്ങി വിശ്വാസി വീടുകളും മസ്ജിദുകളും. പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റമദാനിലെ പവിത്രമായ ദിനരാത്രങ്ങളെ വരവേൽക്കാനൊരുങ്ങി നാദാപുരത്തെ വീടുകളും മസ്ജിദുകളും. ഒരുമാസം നീണ്ടുനിൽക്കുന്ന വ്രതകാലത്തെ പൂർണമായി ഉൾക്കൊള്ളാൻ മനസ്സും ശരീരവും പാകപ്പെടുത്തുന്ന വലിയ തയ്യാറെടുപ്പുകളിലാണ് വിശ്വാസികൾ.

## Article Content

 **നാദാപുരം: **വിശുദ്ധ നാളുകളെ വരവേൽക്കാനൊരുങ്ങി വിശ്വാസി വീടുകളും മസ്ജിദുകളും. പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റമദാനിലെ പവിത്രമായ ദിനരാത്രങ്ങളെ വരവേൽക്കാനൊരുങ്ങി നാദാപുരത്തെ വീടുകളും മസ്ജിദുകളും. ഒരുമാസം നീണ്ടുനിൽക്കുന്ന വ്രതകാലത്തെ പൂർണമായി ഉൾക്കൊള്ളാൻ മനസ്സും ശരീരവും പാകപ്പെടുത്തുന്ന വലിയ തയ്യാറെടുപ്പുകളിലാണ് വിശ്വാസികൾ.

പള്ളികളിൽ അറ്റ കുറ്റപണികൾ ചെയ്തും, സൗകര്യങ്ങൾ വർദ്ധിപ്പിച്ചും, മോടി കൂട്ടൽ അവസാന ഘട്ടത്തിലാണ്. വിശ്വാസികൾക്ക് റമദാനിനെ ധന്യമാക്കാൻ വിപുലമായ സൗകര്യങ്ങൾ ഒരുക്കുന്നതിലാണ് പള്ളി പരിപാലകരുടെ ശ്രദ്ധ. റമദാനിൽ പ്രത്യേക പ്രഭാഷണം, ഖുർആൻ പഠന സദസ്സുകൾ, എന്നിവ പള്ളി- മദ്രസകൾ കേന്ദ്രീകരിച്ച് സംഘടിപ്പിക്കുന്നതിന് ഒരുക്കം തുടങ്ങി.

പള്ളികൾ കേന്ദ്രീകരിച്ചും, വഴിയോരങ്ങളിലും, നോമ്പുതുറക്ക് ആവശ്യമായ വിഭവസമാഹരണവും പൂർത്തിയായി വരുന്നു. വിശ്വാസികളുടെ ഭവനങ്ങളിലും റമദാനിനെ സ്വീകരിക്കാൻ തകൃതിയായ ഒരുക്കങ്ങളാണ് നടക്കുന്നത്. വീട് പൂർണമായും വൃത്തിയാക്കുന്ന തിരക്കിലാണ് സ്ത്രീകൾ അടക്കമുള്ള കുടുംബാംഗങ്ങൾ.

മലബാറിൽ 'നനച്ചു കുളി' എന്നാണ് ഇതിനെ വിളിക്കാറ്. നോമ്പ് തുറക്കും, അത്താഴത്തിനുമുള്ള വിഭവങ്ങൾക്കാവശ്യമായ വസ്തുക്കൾ ശേഖരിക്കുകയും ചെയ്യുന്നുണ്ട്. മല്ലി, മുളക്, അരിപ്പൊടി തുടങ്ങിയവയെല്ലാം നേരത്തെ തയ്യാറാക്കി വയ്ക്കുന്ന തിരക്കിലാണ് വീട്ടുകാർ. നോമ്പുതുറ സൽക്കാരത്തിനുള്ള മുന്നൊരുക്കങ്ങളും വീടുകളിൽ കാണാം. കാരുണ്യ പ്രവർത്തനങ്ങൾക്കായി സംഘടനകൾ മുന്നിട്ടിറങ്ങുന്ന മാസം കൂടിയാണ് റമദാൻ. മുസ്ലിം സംഘടനകളും, പാർട്ടികളും മറ്റും റിലീഫ് പ്രവർത്തനങ്ങൾക്കാണ് കൂടുതൽ ശ്രദ്ധ കൊടുക്കുന്നത്. പാവപ്പെട്ടവർക്ക് സ്വാന്തനമാകാൻ വിവിധ കൂട്ടായ്മകളുടെ ഫണ്ട് ശേഖരണവുമുണ്ട്. സംഘടനകളുടെ, റിലീഫ് വിഭാഗങ്ങൾക്ക് പുറമേ മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തിലും ഇത്തരം പ്രവർത്തനങ്ങൾ നടക്കും. ഭക്ഷ്യവസ്തുക്കളും സാമ്പത്തിക സഹായവും എല്ലാം നോമ്പിന് മുമ്പായി അർഹതപ്പെട്ടവരുടെ വീടുകളിൽ എത്തിക്കാനും റിലീഫ് കമ്മിറ്റികൾ മുന്നിട്ടിറങ്ങി കഴിഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/102907/arike-ramzan-houses-and-churches-ready-to-arrive)