---
title: "പ്രതിരോധവുമായി നാട്ടുകാർ; മഞ്ഞപ്പള്ളി ഭൂമി അളക്കാൻ സംഘം ഉടനെത്തും "
english_title: "Natives with resistance; The team will come soon to measure Manjapalli land"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/102952/natives-with-resistance-the-team-will-come-soon-to-measure-manjapalli-land"
published_at: "2023-03-14T11:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641008a9d891e_manjappallimayidanam1.jpg"
keywords: []
---

# പ്രതിരോധവുമായി നാട്ടുകാർ; മഞ്ഞപ്പള്ളി ഭൂമി അളക്കാൻ സംഘം ഉടനെത്തും 

> **Lead Summary:** **നാദാപുരം :** വിവാദമായ വളയം പഞ്ചായത്തിലെ മഞ്ഞപ്പള്ളി ഭൂമി അളക്കാൻ കോടതി നിർദേശപ്രകാരം സംഘം ഉടനെത്തും. ഇന്ന് പതിനൊന്നുമണിയോടെ വടകര സിവിൽ കോടതിയുടെ നിർദേശപ്രകാരം ഭൂമി അളക്കാൻ സംഘം എത്തുമെന്നാണ് ലഭിച്ച വിവരം.

## Article Content

**നാദാപുരം :** വിവാദമായ വളയം പഞ്ചായത്തിലെ മഞ്ഞപ്പള്ളി ഭൂമി അളക്കാൻ കോടതി നിർദേശപ്രകാരം സംഘം ഉടനെത്തും. ഇന്ന് പതിനൊന്നുമണിയോടെ വടകര സിവിൽ കോടതിയുടെ നിർദേശപ്രകാരം ഭൂമി അളക്കാൻ സംഘം എത്തുമെന്നാണ് ലഭിച്ച വിവരം.

മൂന്നര ഏക്കറോളം വരുന്ന കോടികൾ വില വരുന്ന മഞ്ഞപ്പള്ളി മൈതാനം ഭൂമാഫിയ തട്ടിയെടുക്കാൻ ശ്രമിക്കുകയാണെന്നും ഭൂമി ഒരു നൂറ്റാണ്ടുകാലത്തോളമായി പൊതുഭൂമിയാണെന്നുമാണ് നാട്ടുകാർ പറയുന്നത്. മഞ്ഞപ്പള്ളി ഭൂമിക്ക് സമീപത്ത് ഭൂമിയുണ്ടായിരുന്ന തയ്യിൽ , പുനത്തിൽ കുടുംബങ്ങളാണ് മഞ്ഞപ്പള്ളി ഭൂമിയിൽ അവകാശം സ്ഥാപിച്ച് രംഗത്ത് വന്നിട്ടുള്ളത്.

എന്നാൽ വർഷങ്ങൾക്ക് മുൻപ് പൊതു ശ്മശാനം ആയിരുന്ന സ്ഥലം പതിറ്റാണ്ടുകളായി പൊതു മൈതാനമായാണ് ഉപയോഗിക്കുന്നത്. ആയഞ്ചേരി കോവിലകത്തിന്റെ പിന്മുറക്കാരും തലശ്ശേരി കേന്ദ്രീകരിച്ചുള്ള റിയൽ എസ്റ്റേറ്റ് സംഘവും ബിമ്പുള്ളകണ്ടി മൂസഹാജി ഈ ഭൂമിയിൽ അവകാശം ഉന്നയിച്ചിരുന്നു.

പൊതുഭൂമി സ്വകാര്യ വ്യക്തികൾ തട്ടിയെടുക്കുന്നത് തടയാൻ നാട്ടുകാർ സർവകക്ഷി ആക്ഷൻ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി പ്രതീഷ് ഉൾപ്പെടെയുള്ള ഭൂമി സംരക്ഷണ സമിതി നേതാക്കൾക്കെതിരെ കേസുള്ളതിനാൽ ഭൂമിയിൽ പ്രവേശിക്കാൻ വിലക്കുണ്ട്.

ഇതുകാരണം നാട്ടുകാർ മൈതാനിയ്ക്ക് സമീപം സംഘടിച്ചെത്തിയിട്ടുണ്ട്. രാവിലെ പത്തുമണിയോടെ തന്നെ വളയം സി ഐയുടെ നേതൃത്വത്തിൽ കനത്ത പോലീസ് സന്നാഹം സംഭവ സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/102952/natives-with-resistance-the-team-will-come-soon-to-measure-manjapalli-land)