---
title: "കത്വ മംഗല്യം; ക്ഷണിതാവായി സി കെ സുബൈറും "
english_title: "Katwa Mangalyam; CK Zubair as guest"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/103229/katwa-mangalyam-ck-zubair-as-guest"
published_at: "2023-03-15T19:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6411cc65d84d7_CK_SUBAIR.jpg"
keywords: []
---

# കത്വ മംഗല്യം; ക്ഷണിതാവായി സി കെ സുബൈറും 

> **Lead Summary:** **നാദാപുരം : **ജമ്മു കാശ്മീരിലെ കത്വവയിൽ മംഗല്യത്തിൽ പങ്കെടുത്ത് സി കെ സുബൈർ. കത്വവയിൽ ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ സഹോദരിയുടെ വിവാഹത്തിന് പ്രത്യേക ക്ഷണിതാക്കളായിട്ടാണ് സി കെ സുബൈർ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്തത്.

## Article Content

**നാദാപുരം : **ജമ്മു കാശ്മീരിലെ കത്വവയിൽ മംഗല്യത്തിൽ പങ്കെടുത്ത് സി കെ സുബൈർ. കത്വവയിൽ ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ സഹോദരിയുടെ വിവാഹത്തിന് പ്രത്യേക ക്ഷണിതാക്കളായിട്ടാണ് സി കെ സുബൈർ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്തത്.

ജമ്മുവിൽ നിന്ന് 45 കിലോമീറ്റർ അകലെയുള്ള സാംബാ ടൗണിന്റെ പരിസരത്തെ പെൺകുട്ടിയുടെ ചാച്ച (അച്ഛൻറെ അനുജൻ) അംജദ് ഭായിയുടെ വീട്ടിലായിരുന്നു വിവാഹം. പോലീസിൽ ജോലിയുള്ള ഇമ്രാനാണ് വരൻ. സയ്യിദ് സാദിഖലി തങ്ങളുടെയും പികെ കുഞ്ഞാലിക്കുട്ടിയുടെയും നിർദ്ദേശപ്രകാരമാണ് കുടുംബത്തിന്റെ ക്ഷണം സ്വീകരിച്ച് മുസ്ലിം ലീഗ് സംഘം ഇവിടെയെത്തിയത്.

നാടോടി ജീവിതം നയിക്കുന്ന കത്വാ പെൺകുട്ടിയുടെ കുടുംബം നിയമപരമായും രാഷ്ട്രീയമായും കൂടെ നിന്ന യൂത്ത് ലീഗ് നേതാക്കളെ ആദരവോടെ സ്വീകരിക്കുകയും സൽക്കരിക്കുകയും ചെയ്തു. മുസ്ലിം ലീഗ് ദേശീയ അസിസ്റ്റൻറ് സെക്രട്ടറിയും വാണിമേൽ സ്വദേശിയുമായ സി കെ സുബൈർ, യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ: വി.കെ ഫൈസൽ ബാബു, നിയമ പോരാട്ടത്തിന് നേതൃത്വം നൽകുന്ന അഡ്വ: മുബീൻ ഫാറൂഖി എന്നിവരാണ് വിവാഹത്തിൽ പങ്കെടുത്തത്.

ഉപ്പ അക്തർ യൂസഫ്, ചാച്ചാ അംജദ് ഭായ്, സഹോദരങ്ങളായ സദ്ദാം, ഷിഫാസ്, എല്ലാവരും യൂത്ത് ലീഗ് നേതാക്കൾക്കൊപ്പം സന്തോഷപൂർവ്വം സെൽഫിയെടുത്തു. ഗുജ്ജാർ നാടോടി ഇടയ പാരമ്പര്യത്തിലെ ഗോത്ര രീതികൾ അനുസരിച്ചായിരുന്നു വിവാഹം. നൂറിൽ താഴെ മാത്രം ആളുകൾ പങ്കെടുത്ത കല്യാണത്തിനാണ് കുടുംബം പാർട്ടി നേതാക്കളെ പ്രത്യേകം ക്ഷണിച്ചത്.

കത്വാ കേസിൽ നിരന്തരം ഇടപെടുകയും നീതി വാങ്ങാൻ പോരാടുകയും ചെയ്യുന്നതിന് യൂത്ത് ലീഗ് സംഘത്തെ കുടുംബം കൃതജ്ഞത അറിയിച്ചു. ചെന്നൈയിൽ നടന്ന മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തിനു ശേഷമാണ് നേതാക്കൾ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി ജമ്മുവിലേക്ക് തിരിച്ചത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/103229/katwa-mangalyam-ck-zubair-as-guest)