---
title: "പടവുകൾ കയറി; ചെക്യാട് കുടുംബാരോഗ്യ കേന്ദ്രം"
english_title: "up the stairs; Chekyat Family Health Centre"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/103975/up-the-stairs-chekyat-family-health-centre"
published_at: "2023-03-19T19:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64171ae2892ea_chekyad.jpg"
keywords: []
---

# പടവുകൾ കയറി; ചെക്യാട് കുടുംബാരോഗ്യ കേന്ദ്രം

> **Lead Summary:** ** ചെക്യാട്: **നാട്ടിലെ സ്വകാര്യ ആശുപത്രികളെ വെല്ലുന്ന രീതിയിലുള്ള അടിസ്ഥാന സൗകര്യമാണ് ചെക്യാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഉള്ളത്. ആരും അതിശയിച്ചു പോകും, ഇത് സർക്കാർ ആരോഗ്യ കേന്ദ്രം ആണോ എന്ന്. അത്രയ്ക്ക് അടിസ്ഥാന സൗകര്യവും പശ്ചാത്തലവും ആണ് ആരോഗ്യ കേന്ദ്രത്തിലുള്ളത്. രണ്ടുദിവസം മുമ്പ് 'കായകൽപ്പ്' അവാർഡ് പ്രഖ്യാപനത്തിൽ ചെക്യാട് കുടുംബാരോഗ്യ കേന്ദ്രത്തിന് കോഴിക്കോട് ജില്ലയിൽ ഒന്നാം സ്ഥാനമാണ് ആരോഗ്യമന്ത്രി വീണ ജോർജ് പ്രഖ്യാപിച്ചത്. സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കാൻ സർക്കാർ ആവിഷ്കരിച്ച അവാർഡാണ് കായകൽപ്പ്. കേരളത്തിലെ എല്ലാ ആശുപത്രികളിൽ നിന്നും തെരഞ്ഞെടുക്കുന്ന മികച്ച ആശുപത്രികൾക്കാണ് അവാർഡ്.

## Article Content

** ചെക്യാട്: **നാട്ടിലെ സ്വകാര്യ ആശുപത്രികളെ വെല്ലുന്ന രീതിയിലുള്ള അടിസ്ഥാന സൗകര്യമാണ് ചെക്യാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഉള്ളത്. ആരും അതിശയിച്ചു പോകും, ഇത് സർക്കാർ ആരോഗ്യ കേന്ദ്രം ആണോ എന്ന്. അത്രയ്ക്ക് അടിസ്ഥാന സൗകര്യവും പശ്ചാത്തലവും ആണ് ആരോഗ്യ കേന്ദ്രത്തിലുള്ളത്. രണ്ടുദിവസം മുമ്പ് 'കായകൽപ്പ്' അവാർഡ് പ്രഖ്യാപനത്തിൽ ചെക്യാട് കുടുംബാരോഗ്യ കേന്ദ്രത്തിന് കോഴിക്കോട് ജില്ലയിൽ ഒന്നാം സ്ഥാനമാണ് ആരോഗ്യമന്ത്രി വീണ ജോർജ് പ്രഖ്യാപിച്ചത്. സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കാൻ സർക്കാർ ആവിഷ്കരിച്ച അവാർഡാണ് കായകൽപ്പ്. കേരളത്തിലെ എല്ലാ ആശുപത്രികളിൽ നിന്നും തെരഞ്ഞെടുക്കുന്ന മികച്ച ആശുപത്രികൾക്കാണ് അവാർഡ്.

ജില്ലാതലത്തിലും, പിന്നീട് സംസ്ഥാന തലത്തിലും പരിശോധന നടത്തിയാണ് അവാർഡ് നിർണയിക്കുന്നത്. ജില്ലാതലത്തിൽ ഒന്നാം സ്ഥാനത്തിന് അർഹരായ ചെക്യാട് കുടുംബാരോഗ്യ കേന്ദ്രത്തിന് 2 ലക്ഷം ക്യാഷ് അവാർഡ് ലഭിക്കും. ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും, പ്രാഥമിക ആരോഗ്യ കേന്ദ്രം സ്ഥിതി ചെയ്യുന്ന പതിനഞ്ചാം വാർഡിലെ മെമ്പറുമായ നസീമ കൊട്ടാരം ട്രൂ വിഷൻ ന്യൂസുമായി നടത്തിയ അഭിമുഖത്തിൽ പടവുകൾ കയറി മുന്നേറുന്ന ചെക്യാട് കുടുംബാരോഗ്യ കേന്ദ്രത്തെ കുറിച്ചുള്ള വിവരങ്ങൾ കൈമാറി. നിയോജകമണ്ഡലം എംഎൽഎ യുടെ ഫണ്ട്, എംപി അബ്ദുള്ള ചാരിറ്റബിൾ ട്രസ്റ്റിന്റെ വകയായി 30 ലക്ഷത്തോളം രൂപ ചെലവ് വരുന്ന കെട്ടിടവും അനുബന്ധ ഉപകരണങ്ങളുമടക്കം ഏതാണ്ട് 50 ലക്ഷം രൂപയാണ് നൽകിയത്.

. ഇതിൽ ശീതീകരിച്ച റൂമുകൾ, ലാബ് & ഇമ്മ്യൂണൈസേഷൻ ഉൾപ്പെടെയുണ്ട്. കൂടാതെ ഉദാരമതികളായ നിരവധി പേർ, സാധാരണക്കാർ ഉൾപ്പെടെ ഇന്ന് കാണുന്ന ഈ ആധുനിക പ്രാഥമിക ആരോഗ്യ കേന്ദ്രം സ്ഥാപിക്കുന്നതിൽ നിർണായക പങ്കു വഹിച്ചു. 2019 മുതൽ കഴിഞ്ഞ മൂന്നുവർഷത്തിനിടയിലാണ് ഇത്തരത്തിലുള്ള ഒരു പുരോഗതി കൈവരിക്കുവാൻ സാധിച്ചത്.

കുട്ടികളുടെ പാർക്ക്, വായനാ മുറി, പൂന്തോട്ടം, ഷീ കോർണർ, ഒബ്സർവേഷൻ റൂം, പാർക്കിംഗ് ഏരിയ, റിസപ്ഷൻ, സോളാർ എനർജി വൈദ്യുതി ഇത്തരത്തിൽ വലിയ വിപ്ലവമാണ് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഏതാനും വർഷങ്ങൾ കൊണ്ട് സാധിച്ചത്. പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കുള്ള നിരവധി ഭാവി പദ്ധതികളും ഗ്രാമപഞ്ചായത്തിന്റെ ലക്ഷ്യത്തിലുണ്ട്. അതിൽ പ്രധാനമാണ് ഒരു കോടി രൂപ ചെലവ് വരുന്ന ഐസൊലേഷൻ വാർഡ്. നിലവിൽ മൂന്ന് ഡോക്ടർമാരുടെ സേവനമാണ് കേന്ദ്രത്തിൽ ഉള്ളത്. രണ്ട് സംസ്ഥാന സർക്കാർ നിയമിച്ച ഡോക്ടർമാരും, ഒരു ഗ്രാമപഞ്ചായത്ത് ഡോക്ടുമാണ് .

9 മണി മുതൽ 4 മണി വരെയാണ് പ്രവർത്തന സമയം. നിലവിൽ 22 ഓളം സ്റ്റാഫ് ആണ് ഇവിടെ സേവന സജ്ജരായി പ്രവർത്തിക്കുന്നത്. സൗജന്യ നിരക്കിൽ ഇ.സി.ജി ഉൾപ്പെടെയുള്ള ലാബ് സൗകര്യം എടുത്ത് പറയേണ്ടതാണ്. 17 വയസ്സിന് താഴെയുള്ള വർക്കും, ഗർഭിണികൾക്കും, ദാരിദ്രരേഖ താഴെയുള്ളവർക്കും, പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിലുള്ളവർക്കും, ഡയാലിസിസ്, ക്യാൻസർ രോഗികൾക്കുമുള്ള പരിശോധന പരിപൂർണ്ണമായും സൗജന്യമാണ്.

ഡയാലിസിസിന് വിധേയമാകുന്ന നിർധരരായ രോഗികൾക്ക് മാസത്തിൽ 25000 രൂപ വില ചെലവു വരുന്ന ടെസ്റ്റ് സൗജന്യമായാണ് ഇവിടെ നൽകിവരുന്നത്. കൂടാതെ രോഗികൾക്ക് സൗജന്യമായ മരുന്ന് വിതരണവും നൽകുന്നു. എഫ്.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ: അനിൽകുമാറിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ സുഗമമായി നടന്നുവരുന്നത്. കൂടാതെ കേന്ദ്രസർക്കാരിന്റെ അവാർഡ് കൂടി നേടുവാനുള്ള അക്ഷീണപ്രയത്നത്തിലാണ് ചെക്യാട് ആരോഗ്യ കേന്ദ്രം. നാഷണൽ ക്വാളിറ്റി എഷ്വുറൻസ് സ്റ്റാൻഡേർഡിന്റെ (NQAS) പരിശോധന സംഘം കഴിഞ്ഞ ദിവസം ചെക്യാട് വന്നിരുന്നു. 90 ദിവസങ്ങൾക്ക് ശേഷം ഫലം പ്രഖ്യാപനം ഉണ്ടാകും. ഇതിലും ഒന്നാം സ്ഥാനം നേടുമോ എന്ന പ്രതീക്ഷയിലാണ് ചെക്യാട് പ്രാഥമിക ആരോഗ്യ കുടുംബ കേന്ദ്രം.

പാലിയേറ്റീവ് പ്രവർത്തനവും വളരെ മികച്ച രീതിയിലാണ് ആരോഗ്യ കേന്ദ്രത്തിൽ നടന്നു വരുന്നത്. സ്വന്തമായി ആംബുലൻസ്, ആശാവർക്കർമാർ, നഴ്സുമാർ ഉൾപ്പെടെയുള്ളവരുടെ മികച്ച ഒരു ടീം വർക്ക് യോജിച്ചുള്ള പ്രവർത്തനത്തിന് മുതൽക്കൂട്ടാവുന്നുണ്ട്. 17 ലക്ഷത്തോളം രൂപ പാലിയേറ്റീവ് പ്രവർത്തനത്തിനായി പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ട്. ആരോഗ്യ കേന്ദ്രത്തിനു വേണ്ടി മരുന്നു വാങ്ങുന്നതിനായും പഞ്ചായത്ത് ഫണ്ട് വിനിയോഗിക്കുന്നു. അടിസ്ഥാന സൗകര്യ സൗന്ദര്യവൽക്കരണത്തിനു ഗ്രാമപഞ്ചായത്ത് ഫണ്ട് വിനിയോഗിച്ചു. പ്രാഥമിക ആരോഗ്യ കുടുംബ കേന്ദ്രത്തിലെ ആറോളം ജീവനക്കാർക്ക് ശമ്പളം നൽകി വരുന്നത് ഗ്രാമപഞ്ചായത്താണ്. 2021 -22 കാലഘട്ടത്തിൽ 50 ലക്ഷം രൂപയാണ് ആരോഗ്യ മേഖലയ്ക്ക് വേണ്ടി പഞ്ചായത്ത് അനുവദിച്ചത്.

നിരവധി തസ്തികകൾ പഞ്ചായത്ത് തന്നെ സ്ഥാപിച്ചതാണ്. ലാബ് ടെക്നീഷ്യൻ, അഡീഷണൽ ഡോക്ടർസ് ഉൾപ്പെടെയുള്ള ഇതിന് ഉദാഹരണമാണ്. പുതിയ പഞ്ചായത്ത് ഭരണസമിതി അധികാരത്തിലേറിയതിനുശേഷം ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസീമ കൊട്ടാരത്തിന്റെ നേതൃത്വത്തിൽ വികസന വിപ്ലവമാണ് ഗ്രാമപഞ്ചായത്തിൽ നടന്നു വരുന്നത്. ഇതിൽ ഏറ്റവും വലിയ ഉദാഹരണമാണ് കായകൽപ്പ് അവാർഡ്. ദേശീയതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന ഗ്രാമപഞ്ചായത്തായി മാറുവാനുള്ള തയ്യാറെടുപ്പിലാണ് ചെക്യാട്. ചെക്യാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ വികസനത്തിന് വേണ്ടി ശ്രമിച്ച, കായകൽപ്പ് അവാർഡ് നേടുവാൻ സഹകരിച്ച എല്ലാവരോടും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസീമ കൊട്ടാരം നന്ദി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/103975/up-the-stairs-chekyat-family-health-centre)