---
title: "ഒരാൾ അറസ്റ്റിൽ; നാദാപുരത്ത് യുവാവിനെ ആക്രമിച്ച കേസ്"
english_title: "One arrested; A case of assault on a youth in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/105161/one-arrested-a-case-of-assault-on-a-youth-in-nadapuram-NEW"
published_at: "2023-03-25T16:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641ee43a9b197_PRATHI.jpg"
keywords: []
---

# ഒരാൾ അറസ്റ്റിൽ; നാദാപുരത്ത് യുവാവിനെ ആക്രമിച്ച കേസ്

> **Lead Summary:** ** നാദാപുരം: **വനിതാ സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിനെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. നാദാപുരം പേരോട് വനിതാ സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിനെ ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിലാണ് ഒരാളെ അറസ്റ്റ് ചെയ്തത്. നാദാപുരം- പാറക്കടവ് റോഡിൽ തട്ടാറത്ത് പള്ളിക്ക് സമീപത്തെ വീട്ടിൽ നടന്ന അക്രമവുമായി ബന്ധപ്പെട്ട് യുവതിയുടെ അയൽവാസി പേരോട് കിഴക്കേ പറമ്പത്ത് മുഹമ്മദ് സാലിയെയാണ് നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്.

## Article Content

** നാദാപുരം: **വനിതാ സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിനെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. നാദാപുരം പേരോട് വനിതാ സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിനെ ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിലാണ് ഒരാളെ അറസ്റ്റ് ചെയ്തത്. നാദാപുരം- പാറക്കടവ് റോഡിൽ തട്ടാറത്ത് പള്ളിക്ക് സമീപത്തെ വീട്ടിൽ നടന്ന അക്രമവുമായി ബന്ധപ്പെട്ട് യുവതിയുടെ അയൽവാസി പേരോട് കിഴക്കേ പറമ്പത്ത് മുഹമ്മദ് സാലിയെയാണ് നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്.

ആക്രമത്തിൽ കൂത്തുപറമ്പ് മമ്പറം സ്വദേശി വിശാഖ് വിനയനാണ് (29) ഗുരുതര പരിക്കേറ്റത്. യുവതിയുടെയും മക്കളുടെയും മുന്നിൽ വച്ചാണ് സംഘം വിശാഖിനെ ആക്രമിച്ചത്.

സംഭവത്തിൽ കണ്ടാൽ പേരറിയാവുന്ന ആറ് പേർക്കെതിരെയും, കണ്ടാലറിയാവുന്ന 14 പേർക്കെതിരെയും വധശ്രമം ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പുകൾ ചേർത്താണ് പോലീസ് കേസെടുത്തത്.

മുഴുവൻ പ്രതികളെയും തിരിച്ചറിഞ്ഞതായും ഇവർ ഒളിവിൽ പോയതായും പിടികൂടാൻ അന്വേഷണം ഊർജ്ജിതമാക്കിയതായും നാദാപുരം സി.ഐ.ഇ.വി. ഫായിസ് അലി പറഞ്ഞു.

ബുധനാഴ്ച അർദ്ധരാത്രിയോടെയാണ് അക്രമം നടന്നത്. യുവാവ് വീട്ടിലെത്തിയ വിവരം അക്രമി സംഘങ്ങളെ ആരോ ഫോൺ ചെയ്തു അറിയിക്കുകയായിരുന്നു.

ഇതേ തുടർന്ന് ഒരു കൂട്ടം യുവാക്കൾ സംഘടിച്ചെത്തി അക്രമം നടത്തുകയായിരുന്നു. ഇരുമ്പ് ദണ്ഡുകളും, ഹോളോബ്രിക്സ് കട്ടകളും ഉപയോഗിച്ചാണ് തന്നെ ആക്രമിച്ചതെന്ന് യുവാവ് പറഞ്ഞു.

ഇയാളുടെയും യുവതിയുടെയും ഫോണുകൾ അക്രമിസംഘം കൈക്കലാക്കി. രക്തം വാർന്ന് അതീവ ഗുരുതരാവസ്ഥയിൽ ആയ യുവാവിനെ വിവരം അറിഞ്ഞെത്തിയ നാദാപുരം പോലീസാണ് നാദാപുരം ഗവ: ആശുപത്രിയിലെത്തിച്ചത്.

ദേഹമാസകലം പരിക്കേറ്റ വിശാഖിനെ രാത്രി തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ നാദാപുരം കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/105161/one-arrested-a-case-of-assault-on-a-youth-in-nadapuram-NEW)