---
title: "ഗണിതപഠന പാഠങ്ങൾ കുട്ടികടയിൽ; പഠനോത്സവം വേറിട്ട അനുഭവമായി"
english_title: "Maths lessons at Kuttikada; The learning festival was a different experience"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/105407/maths-lessons-at-kuttikada-the-learning-festival-was-a-different-experience"
published_at: "2023-03-26T21:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642069c3c4e39_padanolsavam.jpg"
keywords: []
---

# ഗണിതപഠന പാഠങ്ങൾ കുട്ടികടയിൽ; പഠനോത്സവം വേറിട്ട അനുഭവമായി

> **Lead Summary:** **എടച്ചേരി: **ഗണിത പഠന പാഠങ്ങൾ ജീവിതത്തിൽ എത്രത്തോളം പ്രായോഗികമാണെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു വിദ്യാർത്ഥികളുടെ പഠനോത്സവത്തിലെ 'കുട്ടി കട'. സാധന വില്പന, കൂട്ടിയും കുറച്ചും ഗണിച്ചും ബാക്കി നൽകിയും ഗണിത പാഠങ്ങൾ പ്രായോഗിക ജീവിതത്തിൽ മാറ്റുരച്ചു നോക്കുകയായിരുന്നു ഏഴാം ക്ലാസിലെ വിദ്യാർത്ഥികൾ.

## Article Content

**എടച്ചേരി: **ഗണിത പഠന പാഠങ്ങൾ ജീവിതത്തിൽ എത്രത്തോളം പ്രായോഗികമാണെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു വിദ്യാർത്ഥികളുടെ പഠനോത്സവത്തിലെ 'കുട്ടി കട'. സാധന വില്പന, കൂട്ടിയും കുറച്ചും ഗണിച്ചും ബാക്കി നൽകിയും ഗണിത പാഠങ്ങൾ പ്രായോഗിക ജീവിതത്തിൽ മാറ്റുരച്ചു നോക്കുകയായിരുന്നു ഏഴാം ക്ലാസിലെ വിദ്യാർത്ഥികൾ.

ഇതിന് സാക്ഷിയാവാൻ വാർഡ് മെമ്പറും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറും രക്ഷിതാക്കളും അധ്യാപകരും വരെ വിദ്യാലയത്തിൽ എത്തിചേർന്നു. മുതുവടത്തൂർ മാപ്പിള യുപി സ്കൂളിലെ വിദ്യാർത്ഥികളുടെ പഠന മികവ് പ്രദർശനത്തിലാണ് വ്യത്യസ്തമായ നേരറിവ് പ്രകടനം ശ്രദ്ധ നേടിയത്. സ്കിറ്റ്, നാടകം,കാവ്യദൃശ്യാവിഷ്കാരം, ചുവർ പത്രിക,ചാർട്ട് പ്രദർശനം, ചിത്രപ്രദർശനം, കുട്ടികളുടെ കലാപരിപാടികൾ, വിവിധ മത്സര വിജയികളെ അനുമോദിക്കലും ഉപഹാര വിതരണവും അരങ്ങേറി.

പഠനോത്സവം വാർഡ് മെമ്പർ കെ.എം.സമീർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട് വണ്ണാറത്ത് മൊയ്തു ഹാജി അധ്യക്ഷത വഹിച്ചു. ചോമ്പാല ഉപജില്ലാ ഓഫീസർ എം.ആർ. വിജയൻ മുഖ്യാതിഥിയായി. മദർ പി ടി എ ചെയർപേഴ്സൺ ഷാഹിന പി.കെ, പ്രധാനാധ്യാപകൻ കെ.പി.ശ്യാംസുന്ദർ,എസ്ആർജി കൺവീനർ ടി. ശ്രീലത ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ഇ.പി.മുഹമ്മദലി മാസ്റ്റർ സംസാരിച്ചു. പടം :പഠനോത്സവത്തിൻ്റെ ഭാഗമായി കുട്ടികൾ ഒരുക്കിയ 'കുട്ടികട' വാർഡ് മെമ്പർ ഉദ്ഘാടനം ചെയ്യുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/105407/maths-lessons-at-kuttikada-the-learning-festival-was-a-different-experience)