---
title: "അണിനിരന്നത് ആയിരങ്ങൾ; സംഘ്പരിവാർ ഭരണകൂടത്തിനെതിരെ നാദാപുരത്ത് യൂത്ത് ലീഗ് പ്രതിഷേധ ജ്വാല "
english_title: "Youth League protest flame in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/105797/youth-league-protest-flame-in-nadapuram"
published_at: "2023-03-28T18:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6422e14b2db6a_youth_league.jpg"
keywords: []
---

# അണിനിരന്നത് ആയിരങ്ങൾ; സംഘ്പരിവാർ ഭരണകൂടത്തിനെതിരെ നാദാപുരത്ത് യൂത്ത് ലീഗ് പ്രതിഷേധ ജ്വാല 

> **Lead Summary:** **നാദാപുരം:** രാഹുൽ ഗാന്ധിയെ പാർലമെന്റ് അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ചും പ്രതിപക്ഷ നേതാക്കൾക്കെതിരായ ഭരണകൂട വേട്ടക്കെതിരെയും നാദാപുരം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് നേതൃത്വത്തിൽ ആയിരക്കണക്കിന് യുവാക്കൾ പ്രതിഷേധ ജ്വാല തീർത്തു.

## Article Content

**നാദാപുരം:** രാഹുൽ ഗാന്ധിയെ പാർലമെന്റ് അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ചും പ്രതിപക്ഷ നേതാക്കൾക്കെതിരായ ഭരണകൂട വേട്ടക്കെതിരെയും നാദാപുരം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് നേതൃത്വത്തിൽ ആയിരക്കണക്കിന് യുവാക്കൾ പ്രതിഷേധ ജ്വാല തീർത്തു.

നാദാപുരം പട്ടണത്തെ പിടിച്ചു കുലുക്കിയ മാർച്ചിൽ നേതാക്കളും പ്രവർത്തകരും പന്തമേന്തി റാലിയിൽ അണി നിരന്നത് ആവേശത്തിരയിളക്കി.രാജ്യം അതീവ ഗുരുതരാവസ്ഥയിലൂടെ സഞ്ചരിക്കുമ്പോൾ അനീതിക്കെതിരെ ജാഗ്രതയോടെ രാപ്പകൽ നിലകൊള്ളുമെന്ന് പ്രതിഷേധജ്വാല വിളിച്ചു പറഞ്ഞു.

കല്ലാച്ചി പെട്രോൾ പമ്പ് പരിസരത്ത് നിന്നാരംഭിച്ച പ്രതിഷേധ റാലി നാദാപുരം ബസ് സ്റ്റാന്റിൽ സമാപിച്ചു. ജനങ്ങൾ ഒഴുകിയെത്തിയതോടെ സംസ്ഥാന പാതയിൽ ഗതഗത തടസ്സം സൃഷ്ടിക്കാതിരിക്കാൻ പോലീസും നേതാക്കളും കിണഞ്ഞു പരിശ്രമിക്കുന്നത് കാണാമായിരുന്നു.മുസ്ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറി സികെ സുബൈർ സമാപന സംഗമം ഉദ്ഘാടനം ചെയ്തു.

രാജ്യം വീണ്ടെടുക്കാൻ പിറന്ന നാടിന് വേണ്ടി,ഭരണകൂടത്തിനെതിരെ കലഹിച്ചു കൊണ്ടേയിരിക്കുന്ന രാഹുൽ ഗാന്ധിയെ വേട്ടയാടാൻ അനുവദിക്കില്ലെന്നും കന്യാകുമാരി മുതൽ കശ്മീർ വരെ 4800 കിലോമീറ്റർ അദ്ദേഹം നടന്ന് നീങ്ങിയത് രാജ്യത്തിൻറെ മഹിതമായ ജനാധിപത്യം സംരക്ഷിക്കാൻ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.പ്രാർത്ഥനാ നിർഭരമാകേണ്ട വിശുദ്ധ റമസാനിലെ പാതിരാവിലാണ് യൂത്ത് ലീഗ് ഇത്തരമൊരു പ്രതിഷേധം സംഘടിപ്പിച്ചത്.

അക്രമിയായ അധികാരിയിൽ നിന്ന് വിമോചനം അനിവാര്യമാണെന്നും ഇന്ത്യ മഹാരാജ്യം കൈവിട്ട് പോകാതിരിക്കാൻ രാഹുൽ ഗാന്ധി നടത്തുന്ന പോരാട്ടത്തെ വെറുപ്പിന്റെ വാറോല കാട്ടി ഭയപ്പെടുത്താൻ കഴിയില്ലെന്നും സമരക്കാർ ഉജ്ജയ്‌സ്തര്യം പ്രഖ്യാപിക്കുന്നുണ്ടായിരുന്നു. നാദാപുരം ടൗണിൽ നടന്ന സമാപന സംഗമത്തിൽ കെഎം ഹംസ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഇ ഹാരിസ് സ്വാഗതം പറഞ്ഞു.

യു ഡി എഫ് ജില്ല കൺവീനർ അഹമ്മദ് പുന്നക്കൽ, മുസ്ലിം ലീഗ് ജില്ല ട്രഷറർ സൂപ്പി നരിക്കാട്ടേരി, എൻ കെ മൂസ മാസ്റ്റർ, ബംഗ്ലത്ത് മുഹമ്മദ്,ടി കെ ഖാലിദ് മാസ്റ്റർ, ഹാരിസ് കൊത്തിക്കുടി, വി ജലീൽ,എ എഫ് റിയാസ്, നിസാർ എടത്തിൽ,എം കെ അഷ്‌റഫ്, അബ്ബാസ് കണേക്കൽ പ്രസംഗിച്ചു. മണ്ഡലം മുസ്ലിം യൂത്ത് ലീഗ് നേതാക്കളായ അജ്മൽ തങ്ങൾസ്, സി ഫാസിൽ, ഒ മുനീർ, ഇ വി അറഫാത്ത്, റഫീഖ് കക്കംവെള്ളി,സിപി അജ്മൽ,മുഹ്‌സിൻ വളപ്പിൽ, റാഷിഖ് ചങ്ങരംകുളം തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/105797/youth-league-protest-flame-in-nadapuram)