---
title: "കുറ്റിക്കാട് അക്രമം; മഹല്ല് പിടിച്ചെടുക്കാനുള്ള നീക്കം ചോദ്യം ചെയ്തതിനെന്ന് സമസ്തയുടെ വിശദീകരണം "
english_title: "Samasta questioned the move to take over the Kuttikkadu violence"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/106016/samasta-questioned-the-move-to-take-over-the-kuttikkadu-violence"
published_at: "2023-03-29T22:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642469e78f99c_palli_akramam.jpg"
keywords: []
---

# കുറ്റിക്കാട് അക്രമം; മഹല്ല് പിടിച്ചെടുക്കാനുള്ള നീക്കം ചോദ്യം ചെയ്തതിനെന്ന് സമസ്തയുടെ വിശദീകരണം 

> **Lead Summary:** **നാദാപുരം :** ഇന്നലെ വൈകിട്ട് വളയത്ത് ഉണ്ടായ സംഘർഷത്തിൽ വിശദീകരണവുമായി സമസ്ത. വളയം കുറ്റിക്കാട് ജുമാ മസ്ജിദ് കമ്മിറ്റി അനതികൃത രേഖകളുണ്ടാക്കി പിടിച്ചെടുക്കാനുള്ള വിഘടിത സുന്നി വിഭാഗത്തിന്റെ നീക്കം ചോദ്യം ചെയ്തതിന് സമസ്ത പ്രവർത്തകർക്ക് ക്രൂര മർദ്ദനമെന്ന് സംഘടനയുടെ വിശദീകരണം.

## Article Content

**നാദാപുരം :** ഇന്നലെ വൈകിട്ട് വളയത്ത് ഉണ്ടായ സംഘർഷത്തിൽ വിശദീകരണവുമായി സമസ്ത. വളയം കുറ്റിക്കാട് ജുമാ മസ്ജിദ് കമ്മിറ്റി അനതികൃത രേഖകളുണ്ടാക്കി പിടിച്ചെടുക്കാനുള്ള വിഘടിത സുന്നി വിഭാഗത്തിന്റെ നീക്കം ചോദ്യം ചെയ്തതിന് സമസ്ത പ്രവർത്തകർക്ക് ക്രൂര മർദ്ദനമെന്ന് സംഘടനയുടെ വിശദീകരണം.

മഹല്ല് കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് പത്ത് വർഷം മുമ്പ് ഉണ്ടായ മധ്യസ്ഥ തീരുമാനപ്രകാരം ഇരു വിഭാഗം സുന്നികൾക്കും തുല്യ പ്രാതിനിധ്യത്തോടെ നടന്നു വരുകയായിരുന്ന കമ്മിറ്റി പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഏകപക്ഷീയമായി വ്യാജ രേഖയുണ്ടാക്കി പിടിച്ചെടുക്കാൻ നടത്തിയ നീക്കം ചോദ്യം ചെയ്തതിനാണ് സമസ്ത പ്രവർത്തകരെ പോപ്പുലർ ഫ്രണ്ട് ഗുണ്ടകളുടെ സഹായത്തോടെ അക്രമിച്ചതെന്ന് സമസ്ത നേതാക്കൾ പറഞ്ഞു.

എട്ട് മാസം മുമ്പ് വിളിച്ച് ചേർത്ത ജനറൽ ബോഡി യോഗത്തിൽ കമ്മിറ്റി ഭരണം പിടിച്ചെടുക്കുന്നതിനായി ഏകപക്ഷീയ പാനൽ കൊണ്ടുവരാനുള്ള നീക്കം നടത്തുകയും ഭൂരിപക്ഷം മഹല്ല് നിവാസികളുടെ എതിർപ്പിനെ തുടർന്ന് യോഗം അലസി പിരിയുകയും ചെയ്തിരുന്നു. അതിനിടെ റിട്ടേർണിങ്ങ് ഓഫീസറെ സ്വാധീനിച്ച് ഏകപക്ഷീയമായി കമ്മിറ്റി രൂപികരിച്ചതായി വ്യാജ രേഖ ഉണ്ടാക്കുകയും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്.

ഇതിനെതിരെ സമസ്ത പ്രവർത്തകർ വഖഫ് ബോർഡിലും പോലീസിലും പരാതി നൽകി നടപടികളുമായി മുമ്പോട്ട് പോവുന്നതിനിടയിൽ കഴിഞ്ഞ ദിവസം ഏകപക്ഷീയമായി യോഗം വിളിച്ചു ചേർത്ത വിഘടിത വിഭാഗത്തിന്റെ ഏകാധിപത്യ നിലപാടിനെ ചോദ്യം ചെയ്തതിനാണ് സമസ്ത പ്രവർത്തകരെ അക്രമിച്ചത്.

അക്രമത്തിൽ പരിക്കേറ്റ എസ്.വൈ.എസ് , എസ്.കെ.എസ്.എസ്.എഫ് പ്രവർത്തകരായ അയ്യോത്ത് റഫീഖ്, തറവട്ടത്ത് റഷീദ്, അയ്യോത്ത് മഹമൂദ്, അയ്യോത്ത് ത്വൽഹത്ത് എന്നിവരെ വടകര പാർക്കോ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. സമസ്ത വിദ്യാഭ്യാസ ബോർഡിന്റെ അംഗീകാരത്തോടെ മഹല്ല് കമ്മിറ്റിക്ക് കീഴിൽ ഇവിടെ പ്രവർത്തിച്ച് വന്നിരുന്ന മദ്റസയും നേരത്തെ എ.പി വിഭാഗം അനധികൃതമായി കൈവശപ്പെടുത്തിയിരുന്നു.

സമസ്ത പ്രവർത്തകരെ അക്രമിക്കുകയും സമാധാനപരമായി നടക്കുന്ന പള്ളി മഹല്ല് തലങ്ങളിൽ കുഴപ്പങ്ങൾ സൃഷ്ടിക്കാനുള്ള നീക്കത്തെ സമസ്ത, എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് നിയോജക മണ്ഡലം ക്ലസ്റ്റർ കമ്മിറ്റികൾ അപലപിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/106016/samasta-questioned-the-move-to-take-over-the-kuttikkadu-violence)