---
title: "പേരോട് സദാചാര അക്രമം; വീട് വളഞ്ഞ്‌ അറസ്റ്റ്, പ്രതികൾ വിദേശത്ത് കടന്നതായി വിവരം, ലുക്ക് ഔട്ട് നോട്ടീസുമായി പോലീസ്"
english_title: "Moral violence against name; The house was surrounded and arrested, the accused had gone abroad, the police issued a lookout notice"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/106290/moral-violence-against-name-the-house-was-surrounded-and-arrested-the-accused-had-gone-abroad-the-police-issued-a-lookout-notice"
published_at: "2023-03-31T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642686de1f59b_perod.jpg"
keywords: []
---

# പേരോട് സദാചാര അക്രമം; വീട് വളഞ്ഞ്‌ അറസ്റ്റ്, പ്രതികൾ വിദേശത്ത് കടന്നതായി വിവരം, ലുക്ക് ഔട്ട് നോട്ടീസുമായി പോലീസ്

> **Lead Summary:** ** നാദാപുരം: **അർദ്ധരാത്രി യുവാവിനെ മർദ്ദിച്ച് മൃതപ്രാണനാക്കിയ സംഭവത്തിൽ പേരോട് വീട് വളഞ്ഞ്‌ അറസ്റ്റ്. ഭർത്തൃമതിയായ യുവതിയുടെ വീട്ടിലെത്തിയ യുവാവിനെ ഒരുസംഘം ആളുകൾചേർന്ന് ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലാണ് ഒരാൾകൂടി പിടിയിൽ. പേരോട് നീർക്കരിമ്പിൽ മൂസയെയാണ് നാദാപുരം പോലീസ് വീട് വളഞ്ഞ്‌ അറസ്റ്റ് ചെയ്തത്.

## Article Content

** നാദാപുരം: **അർദ്ധരാത്രി യുവാവിനെ മർദ്ദിച്ച് മൃതപ്രാണനാക്കിയ സംഭവത്തിൽ പേരോട് വീട് വളഞ്ഞ്‌ അറസ്റ്റ്. ഭർത്തൃമതിയായ യുവതിയുടെ വീട്ടിലെത്തിയ യുവാവിനെ ഒരുസംഘം ആളുകൾചേർന്ന് ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലാണ് ഒരാൾകൂടി പിടിയിൽ. പേരോട് നീർക്കരിമ്പിൽ മൂസയെയാണ് നാദാപുരം പോലീസ് വീട് വളഞ്ഞ്‌ അറസ്റ്റ് ചെയ്തത്.

ഇതോടെ പേരോടെ അക്രമക്കേസിൽ പോലീസ് പിടികൂടിയ പ്രതികളുടെ എണ്ണം മൂന്നായി. പ്രായപൂർത്തിയാകാത്ത ഒരാളെ കഴിഞ്ഞദിവസം പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയിരുന്നു. കേസന്വേഷണത്തിന്റെ ഭാഗമായി കൂടുതൽപേരെ പോലീസ് ചോദ്യംചെയ്യാനായി വിളിപ്പിച്ചിട്ടുണ്ട്. പ്രതികളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചാണ് പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്.

സംഭവത്തിൽ ഉൾപ്പെട്ട പ്രതി വിദേശത്ത് കടന്നതായി പോലീസിന് വിവരം ലഭിച്ചു. ഇതേത്തുടർന്ന് ഒരാൾക്കെതിരേ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചു. ശേഷിക്കുന്ന മുഴുവൻ പ്രതികൾക്കെതിരേയും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിക്കാനാണ് പോലീസിന്റെ തീരുമാനം. യുവതിയുടെ സുഹൃത്തായ കണ്ണൂർ കൂത്തുപറമ്പ് ആയിക്കൽ മമ്പുറം സ്വദേശി വിശാഖ് (29) സാരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

പേരോട് അങ്ങാടിക്കടുത്തെ നാദാപുരം പാറക്കടവ് റോഡിലെ വീട്ടിലാണ് അക്രമമുണ്ടായത്. മാതാവും ഭർത്തൃമതിയായ യുവതിയും താമസിക്കുന്ന വീട്ടിൽ പ്രദേശവാസികളായ സംഘം അതിക്രമിച്ചുകയറി വീട്ടിലുണ്ടായിരുന്ന യുവാവിനെ ആക്രമിക്കുകയായിരുന്നെന്നാണ് പരാതി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/106290/moral-violence-against-name-the-house-was-surrounded-and-arrested-the-accused-had-gone-abroad-the-police-issued-a-lookout-notice)