---
title: "ദേശപോഷിണി വായനശാല; നാദാപുരം പഞ്ചായത്ത് ഓഫീസിലേക്ക് ഇന്ന് ഡി.വൈ.എഫ്.ഐ. മാർച്ച്"
english_title: "Desaposhini Library; DYFI to Nadapuram Panchayat Office today. March"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/108518/desaposhini-library-dyfi-to-nadapuram-panchayat-office-today-march"
published_at: "2023-04-12T08:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64361f937cc65_vayanshala.jpg"
keywords: []
---

# ദേശപോഷിണി വായനശാല; നാദാപുരം പഞ്ചായത്ത് ഓഫീസിലേക്ക് ഇന്ന് ഡി.വൈ.എഫ്.ഐ. മാർച്ച്

> **Lead Summary:** **നാദാപുരം: **ഇയ്യങ്കോട് ദേശപോഷിണി വായനശാലയ്ക്കായി നിർമ്മിച്ച താത്കാലിക കെട്ടിടം പൊളിച്ചുമാറ്റിയ സംഭവത്തിൽ ബുധനാഴ്ച നാദാപുരം ഗ്രാമപ്പഞ്ചായത്തിലേക്ക് മാർച്ച് നടത്തുമെന്ന് ഡി.വൈ.എഫ്.ഐ. നേതാക്കൾ അറിയിച്ചു.

## Article Content

**നാദാപുരം: **ഇയ്യങ്കോട് ദേശപോഷിണി വായനശാലയ്ക്കായി നിർമ്മിച്ച താത്കാലിക കെട്ടിടം പൊളിച്ചുമാറ്റിയ സംഭവത്തിൽ ബുധനാഴ്ച നാദാപുരം ഗ്രാമപ്പഞ്ചായത്തിലേക്ക് മാർച്ച് നടത്തുമെന്ന് ഡി.വൈ.എഫ്.ഐ. നേതാക്കൾ അറിയിച്ചു.

ദേശപോഷിണി വായനശാല പുനഃസ്ഥാപിക്കുക, ജനകീയക്കൂട്ടായ്മയിൽ നിർമ്മിച്ച കെട്ടിടത്തിന് താത്കാലിക അനുമതി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് നടക്കുന്നത്. ഇതിനിടെ പ്രശ്നപരിഹാരത്തിന് ലീഗ് നേതൃത്വം രംഗത്ത്.

നിയോജകമണ്ഡലം ലീഗ് നേതാവ് ബംഗ്ലത്ത് മുഹമ്മദ്, പഞ്ചായത്ത് ലീഗ് പ്രസിഡന്റ് വലിയാണ്ടി ഹമീദ് എന്നിവരുടെ നേതൃത്വത്തിലാണ് നാട്ടുകാരുമായി സംസാരിച്ച് പ്രശ്നം പരിഹരിച്ചത്. ഇതേത്തുടർന്ന് പൊളിച്ചുമാറ്റിയ താത്കാലിക വായനശാലാ കെട്ടിടത്തിന്റെ നിർമാണപ്രവൃത്തി ആരംഭിച്ചു.

പ്രദേശവാസികളുടെ ശക്തമായ അഭിപ്രായം പരിഗണിച്ചാണ് വായനശാല കെട്ടിടം പുനർനിർമിക്കാൻ തീരുമാനിച്ചത്. ഗ്രാമപ്പഞ്ചായത്ത് സ്ഥലത്തെ താത്കാലിക കെട്ടിടനിർമാണം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് നേരിട്ടെത്തി പൊളിച്ചുമാറ്റിയിരുന്നു.

വായനശാല കെട്ടിടം പണിയുന്നതിന് പഞ്ചായത്ത് പ്രസിഡന്റും ഭരണസമിതിയും എതിരല്ലെന്നും അവധിദിനത്തിൽ മുന്നറിപ്പില്ലാതെയുള്ള നിർമ്മാണമാണ് പ്രശ്നത്തിനിടയാക്കിയതെന്നുമാണ് ഭരണസമിതി വൃത്തങ്ങൾ വിശദീകരിക്കുന്നത്.

എന്നാൽ, ഭരണസമിതി അംഗങ്ങളിൽ ചിലർ നിർമ്മാണത്തിന് മൗനാനുവാദം നൽകിയതായാണ് നാട്ടുകാർ പറയുന്നത്. എന്നാൽ, ഭരണസമിതി അംഗങ്ങൾ ഇക്കാര്യം നിഷേധിക്കുന്നുണ്ട്. ലീഗ് നേതൃത്വം ഇടപെട്ട് ഗ്രാമപ്പഞ്ചായത്ത് സ്ഥലത്തെ വായനശാലയ്ക്ക് താത്കാലിക അനുമതിനൽകിയതോടെ യു.ഡി.എഫിനുണ്ടായ തലവേദന മാറി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/108518/desaposhini-library-dyfi-to-nadapuram-panchayat-office-today-march)