---
title: "അതിരു കടന്ന പ്രതിപക്ഷ സമരം ജനാധിപത്യ വിരുദ്ധം -യുഡിഎഫ് "
english_title: "The opposition movement crossed the line and is anti-democratic -UDF"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/108645/the-opposition-movement-crossed-the-line-and-is-anti-democratic-udf"
published_at: "2023-04-12T17:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6436a440e2345_nadapurampanjayath.jpg"
keywords: []
---

# അതിരു കടന്ന പ്രതിപക്ഷ സമരം ജനാധിപത്യ വിരുദ്ധം -യുഡിഎഫ് 

> **Lead Summary:** **നാദാപുരം: **ഗ്രാമപഞ്ചായത്തിൽ ഇന്ന് നടന്ന ഭരണസമിതി യോഗത്തിൽ ഇടതുപക്ഷ അംഗങ്ങൾ നടത്തിയ അതിരുകടന്ന പ്രതിഷേധം ജനാധിപത്യവിരുദ്ധമാണെന്ന് യുഡിഎഫ് പാർലമെൻററി പാർട്ടിയോഗം പ്രസ്താവിച്ചു. 14 അജണ്ടകൾ ചർച്ച ചെയ്യേണ്ട യോഗത്തിൽ നിയമപരമായ അടിയന്തര പ്രമേയമോ ചോദ്യോത്തരമോ ഇടതുപക്ഷം ഉന്നയിച്ചിട്ടില്ല.

## Article Content

**നാദാപുരം: **ഗ്രാമപഞ്ചായത്തിൽ ഇന്ന് നടന്ന ഭരണസമിതി യോഗത്തിൽ ഇടതുപക്ഷ അംഗങ്ങൾ നടത്തിയ അതിരുകടന്ന പ്രതിഷേധം ജനാധിപത്യവിരുദ്ധമാണെന്ന് യുഡിഎഫ് പാർലമെൻററി പാർട്ടിയോഗം പ്രസ്താവിച്ചു. 14 അജണ്ടകൾ ചർച്ച ചെയ്യേണ്ട യോഗത്തിൽ നിയമപരമായ അടിയന്തര പ്രമേയമോ ചോദ്യോത്തരമോ ഇടതുപക്ഷം ഉന്നയിച്ചിട്ടില്ല.

എന്നിട്ടും ഇടതുപക്ഷത്തിന്റെ വാക്കാലുള്ള ആവശ്യം അംഗീകരിച്ചുകൊണ്ട് ഇയ്യംകോട് വായനശാല വിഷയത്തിൽ വിശദീകരണം നൽകിയതാണ്. വിശദീകരണത്തിൽ ആദ്യം തൃപ്തി രേഖപ്പെടുത്തിയെങ്കിലും മുദ്രാവാക്യം വിളിച്ച് ബഹളമുണ്ടാക്കിയത് ദുരുദ്ദേശപരമാണെന്ന് യോഗം ആരോപിച്ചു .

മീറ്റിംഗ് ഹാളിൽ ഇലക്ട്രിസിറ്റി വിച്ഛേദിച്ചും ഡയസിൽ കയറി ഇരുന്നും മൈക്ക് പിടിച്ചു വലിച്ചു ബോധപൂർവ്വം പ്രകോപനത്തിനാണ് പ്രതിപക്ഷം ശ്രമിച്ചത് . എല്ലാ കക്ഷി നേതാക്കളുമായും പ്രസിഡന്റ് ചർച്ച നടത്തിയിട്ടും യോഗ നടപടികളുമായി സഹകരിക്കാനോ കയ്യാങ്കളിയിൽ നിന്ന് പിന്മാറാനോ പ്രതിപക്ഷം തയ്യാറായിട്ടില്ല .

മാർച്ച് 15 നു കല്ലാച്ചി മൽസ്യ മാർക്കറ്റ് ലേലം വിളിച്ചപ്പോൾ കഴിഞ്ഞ വർഷം ലേലമുറപ്പിച്ച തുകയേക്കാൾ ഒരു ലക്ഷം രൂപ കുറച്ചു വിളിച്ച വ്യക്തിക്ക് മാർക്കറ്റ് നൽകണമെന്ന് ഒരു ഇടത്പക്ഷ അംഗം പ്രസിഡന്റിനോട് ആവശ്യപ്പെട്ടത്. നിരാകരിച്ചതാണ് പ്രകോപനത്തിന് കാരണമെന്നു യോഗം വിലയിരുത്തി .

ഇന്നത്തെ യോഗത്തിലെ അജണ്ടയിൽ ഉൾപ്പെടുത്തിയ ലേലം അംഗീകരിക്കൽ അജണ്ട ചർച്ച ചെയ്യാൻ അനുവദിക്കാതെ തടിയൂരാൻ ശ്രമിക്കുകയാണ് ചെയ്തത് . പുനർ ലേലം വെച്ചപ്പോൾ കല്ലാച്ചി മൽസ്യ മാർക്കറ്റ് ഒരു ലക്ഷം രൂപ അധികത്തിനാണ് തീർപ്പാക്കിയത് . ഗ്രാമ പഞ്ചായത്തിന്റെ ഭരണ പ്രവർത്തനങ്ങളിലോ പദ്ധതി നാടത്തിപ്പിലോ സ്വജനപക്ഷപാതമോ അഴിമതിയോ ചൂണ്ടിക്കാണിക്കാൻ കഴിയാത്തത് കൊണ്ടാണ് ഇടത് പക്ഷം ചർച്ചക്ക് പോലും തയ്യാറാകാത്തത് .

യോഗത്തിലെ 14 അജണ്ടകളും ചർച്ച ചെയ്തു അംഗീകരിച്ചു യോഗ നടപടി അവസാനിപ്പിച്ചു . യോഗത്തിൽ പ്രസിഡന്റ് വി വി മുഹമ്മദലി അധ്യക്ഷത വഹിച്ചു . വൈസ് പ്രസിഡന്റ് അഖില മര്യാട്ട് , സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ സി കെ നാസർ , എം സി സുബൈർ , ജനീദ ഫിർദൗസ് , അംഗങ്ങളായ വാസു പുതിയറക്കൽ , മസ്ബൂബ ഇബ്രാഹിം ,റീന കിണാമ്പറേമ്മൽ , എ കെ സുബൈർ , വി അബ്ദുൽ ജലീൽ , ആയിഷ ഗഫൂർ , സുമയ്യ പാട്ടത്തിൽ , അബ്ബാസ് കണേ ക്കൽ , സി ടി കെ സമീറ എന്നിവർ സംബന്ധിച്ചു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/108645/the-opposition-movement-crossed-the-line-and-is-anti-democratic-udf)