---
title: "നെഞ്ചിന് ചവിട്ടി; നാദാപുരത്ത് പൊലീസും നാട്ടുകാരുമായി വാക്കേറ്റം, കസ്റ്റഡിയിലെടുത്ത മധ്യവയസ്ക്കന് ഹൃദയാഘാത ലക്ഷണം"
english_title: "Kicked in the chest; Clash with police and locals in Nadapuram, middle-aged man taken into custody has symptoms of heart attack"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/110570/kicked-in-the-chest-clash-with-police-and-locals-in-nadapuram-middle-aged-man-taken-into-custody-has-symptoms-of-heart-attack"
published_at: "2023-04-23T18:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64452ca75bb74_poilice.jpg"
keywords: []
---

# നെഞ്ചിന് ചവിട്ടി; നാദാപുരത്ത് പൊലീസും നാട്ടുകാരുമായി വാക്കേറ്റം, കസ്റ്റഡിയിലെടുത്ത മധ്യവയസ്ക്കന് ഹൃദയാഘാത ലക്ഷണം

> **Lead Summary:** **നാദാപുരം: **ബന്ധുക്കൾ തമ്മിലുള്ള സാമ്പത്തിക ഇടപാട് സംഘർഷത്തിൽ കലാശിച്ച സംഭവത്തിൽ കേസിലെ പ്രതി കൂടാനെത്തിയ പൊലീസും നാട്ടുകാരുമായി വാക്കേറ്റം. മധ്യവയസ്ക്കന് പൊലീസ് മർദ്ദിക്കുകയും നെഞ്ചിന് ചവിട്ടി പരിക്കേൽപ്പിച്ചതായും പരാതി. പൊലീസ് കസ്റ്റഡിയിലെടുത്ത മധ്യവയസ്ക്കന് ഹൃദയാഘാത ലക്ഷണമുണ്ടായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെക്ക് മാറ്റി.

## Article Content

**നാദാപുരം: **ബന്ധുക്കൾ തമ്മിലുള്ള സാമ്പത്തിക ഇടപാട് സംഘർഷത്തിൽ കലാശിച്ച സംഭവത്തിൽ കേസിലെ പ്രതി കൂടാനെത്തിയ പൊലീസും നാട്ടുകാരുമായി വാക്കേറ്റം. മധ്യവയസ്ക്കന് പൊലീസ് മർദ്ദിക്കുകയും നെഞ്ചിന് ചവിട്ടി പരിക്കേൽപ്പിച്ചതായും പരാതി. പൊലീസ് കസ്റ്റഡിയിലെടുത്ത മധ്യവയസ്ക്കന് ഹൃദയാഘാത ലക്ഷണമുണ്ടായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെക്ക് മാറ്റി.

ഇതിനിടെ അഡീഷണൽ എസ്ഐ ഉൾപ്പെടെയുള്ളവരെ കൈയ്യേറ്റം ചെയ്തതായും ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തിയതായും പൊലീസും പറയുന്നു. നാദാപുരം കുമ്മങ്കോട്ടെ ചെറിമണ്ണിൽ അയ്യൂബ് (53) നെയാണ് പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് ഉച്ചയോടെയാണ് രണ്ട് വാഹനത്തിലായി പൊലീസ് സംഘം അയ്യൂബിൻ്റെ വീട്ടിലെത്തിയത്.

ഓടി രക്ഷപ്പെട്ട അയ്യൂബിനെ അയൽവീട്ടിൽ നിന്ന് ബലമായി കസ്റ്റഡിയിലെടുത്ത് തൂക്കിയെടുത്ത് കൊണ്ടുവരുന്നതായാണ് നാട്ടുകാർ കണ്ടത്. തൂക്കിയെടുത്ത് കൊണ്ടുവന്ന ഇയാളെ അവശനിലയിൽ നിലത്ത് കിടത്തി. ദേഹാസ്വസ്ഥത അനുഭവപ്പെട്ട ഇയാളെ പൊലീസ് ജീപ്പിൽ കൊണ്ടു പോകുന്നത് നാട്ടുകാർ എതിർത്തു. ഹൃദ്രോഗിയായ ഇയാളെ ആബുലൻസിൽ നാദാപുരം ഗവ. ആശുപത്രിയിൽ എത്തിച്ചു.

 [https://youtu.be/8ZYWkIHL9bk](https://youtu.be/8ZYWkIHL9bk)

ഇസിജിയിൽ വേരിയേഷൻ കണ്ടതിനെ തുടർന്നാണ് ബന്ധുക്കളും പൊലീസും ചേർന്ന് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകുകയായിരുന്നു. അയ്യൂബിൻ്റെ മകൻ അൽത്താഫിൽ നിന്ന് മൂന്ന് ലക്ഷം രൂപ ഉപ്പയുടെ അനുജനായ കുരുന്നം വീട്ടിൽ ബഷീർ ഹാജിയുടെ മകൻ അബ്ദു ബിസിനസ് ആവശ്യത്തിന് വാങ്ങിയിരുന്നു. പണം തിരിച്ച് ചോദിച്ചപ്പോൾ വാക്ക് തർക്കമായതായും കുടുംബത്തിൻ്റെ വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ പ്രകോപനപരമായ പോസ്റ്റ് ഉണ്ടായതായും പറയുന്നു.

ഇതിൻ്റെ പേരിൽ അൽത്താഫ് ഹാജിയുടെ വീട്ടിൽ ചെന്നപ്പോൾ മകൻ അബ്ദു പട്ടിക കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച സംഭവമുണ്ടായത്രേ. ഇത് ബന്ധുക്കളും നാട്ടുകാരും ഇടപെട്ട് പരിഹരിച്ചു. ഇതിനിടയിലാണ് വീട്ടിൽ കയറി സ്ത്രീകളെ അക്രമിച്ചു എന്ന് പറഞ്ഞ് ബഷീറ് ഹാജി അയ്യൂബ് അടക്കമുള്ളവരുടെ പേരിൽ പൊലീസിൽ പരാതി നൽകിയത്. എന്നാൽ അയ്യൂബ് സംഭവത്തിൽ ഉൾപ്പെട്ടിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

[അയ്യൂബിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്ന ദൃശ്യങ്ങൾ](https://youtu.be/8ZYWkIHL9bk)

ഭീകരവാദിയെ അറസ്റ്റ് ചെയ്യുന്ന രീതിയിൽ എന്തിന് പൊലീസ് പെരുമാറിയെന്നാണ് നാട്ടുകാരുടെ ചോദ്യം. ഏതാനും വർഷം മുമ്പ് നാദാപുരം പൊലീസിന് എതിരെ അയ്യൂബ് നൽകിയ പരാതിയിൽ വകുപ്പ് തല നടപടി ഉണ്ടായിരുന്നു. ഈ വിരോധം പൊലീസിന് ഉണ്ടെന്നാണ് അയ്യൂബിൻ്റെ ബന്ധുക്കൾ പറയുന്നത്. എന്നാൽ പൊലീസ് നിർദ്ദേശം പാലിക്കാതതിനാലാണ് ബലപ്രയോഗം നടത്തിയതെന്നാണ് വിശദീകരണം. രണ്ട് പോലീസുകാരും ചികിത്സ തേടിയിട്ടുണ്ട്.

https://youtu.be/8ZYWkIHL9bk

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/110570/kicked-in-the-chest-clash-with-police-and-locals-in-nadapuram-middle-aged-man-taken-into-custody-has-symptoms-of-heart-attack)