---
title: "'കക്കുകളി' നാടകത്തിനെതിരെ എടച്ചേരിയിൽ കത്തോലിക്ക സഭയുടെ പ്രതിഷേധം നാടകം "
english_title: "Catholic church protests in Edachery against 'Kakukali' drama"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/111702/catholic-church-protests-in-edachery-against-kakukali-drama"
published_at: "2023-04-29T20:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644d324770a22_KAKKUKALIPRATHISHEDAM1.jpg"
keywords: []
---

# 'കക്കുകളി' നാടകത്തിനെതിരെ എടച്ചേരിയിൽ കത്തോലിക്ക സഭയുടെ പ്രതിഷേധം നാടകം 

> **Lead Summary:** **എടച്ചേരി : ** ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ക്രൈസ്തവ സമൂഹത്തെ അപമാനിക്കാനുള്ള ഗൂഢ പദ്ധതിയുടെ ഭാഗമാണ് 'കക്കുകളി' എന്ന നാടകമെന്ന് ആരോപിച്ച് എടച്ചേരിയിൽ പ്രതിഷേധം. താമരശ്ശേരി രൂപതയുടെ നേതൃത്വത്തിലാണ് ക്രിസ്തീയ വിശ്വാസികളുടെ പ്രതിഷേധാഗ്നി എന്ന പേരിൽ നാടകം അരങ്ങേറുന്ന എടച്ചേരി ബിമൽ സാംസ്കാരിക ഗ്രാമത്തിലേക്ക് താമരശേരി രൂപത അധ്യക്ഷൻ മാർ റമീജിയോസ് ഇഞ്ചനാനിയിലിന്റെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടി നടന്നത്. കന്യാസ്ത്രീകൾ ഉൾപ്പെടെ നൂറോളം വിശ്വാസികൾ പങ്കെടുത്തു.

## Article Content

**എടച്ചേരി : ** ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ക്രൈസ്തവ സമൂഹത്തെ അപമാനിക്കാനുള്ള ഗൂഢ പദ്ധതിയുടെ ഭാഗമാണ് 'കക്കുകളി' എന്ന നാടകമെന്ന് ആരോപിച്ച് എടച്ചേരിയിൽ പ്രതിഷേധം. താമരശ്ശേരി രൂപതയുടെ നേതൃത്വത്തിലാണ് ക്രിസ്തീയ വിശ്വാസികളുടെ പ്രതിഷേധാഗ്നി എന്ന പേരിൽ നാടകം അരങ്ങേറുന്ന എടച്ചേരി ബിമൽ സാംസ്കാരിക ഗ്രാമത്തിലേക്ക് താമരശേരി രൂപത അധ്യക്ഷൻ മാർ റമീജിയോസ് ഇഞ്ചനാനിയിലിന്റെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടി നടന്നത്. കന്യാസ്ത്രീകൾ ഉൾപ്പെടെ നൂറോളം വിശ്വാസികൾ പങ്കെടുത്തു.

വടകര ഡി.വൈ.എസ്.പി ഹരിശങ്കറിന്റെ യും സി.ഐ പി.എം മനോജ്, എസ്.ഐമാരായ ആൻഫി റസൽ, രഞ്ജിത്ത്, ബിനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള വൻ പോലീസ് സംഘം മാർച്ച് തടഞ്ഞു. കനത്ത വേനൽ മഴയെ അവഗണിച്ചും ഒരു മണിക്കൂറോളം സാംസ്കാരിക കേന്ദ്രത്തിലേക്കുള്ള വഴിയിൽ പ്രതിഷേധം തുടർന്നു. താമരശ്ശേരി രൂപത ബിഷപ്പ് മാർ റമീജിയോസ് ഇഞ്ചനാനിയിൽ മാർച്ച് ഉദ്ഘാടനം ചെയ്തു.

സീറോ മലബാർ സഭ പി.ആർ. ഒ ഡോ. ചാക്കോ കാളാ പറമ്പിൽ ,ഫാദർ സ ബിൻ തൂമുള്ളി, അഭിലാഷ് കുടി പാറ, കെ.സി.വൈ.എം പ്രസിഡണ്ട് ജോമോൻ മതിലകം, ജസിൻ തറപ്പേൽ തുടങ്ങി കെ.സി.വൈ.എം പ്രവർത്തകരും , എ.കെ.സി.സി പ്രവർത്തകരും നേതൃത്വം നൽകി.

ലോകം ആദരിക്കുന്ന മദർ തെരേസ ഉൾപ്പെടെയുള്ള സന്യാസി സമൂഹത്തെ ആഭാസകരമായും, വികലവുമായിട്ടാണ് നാടകം ചിത്രീകരിക്കുന്നതെന്നും ഇതിനെതിരെയാണ് സമാധാനപരമായ രീതിയിൽ ഞങ്ങൾ പ്രതിഷേധിക്കുന്നതെന്നും താമരശ്ശേരി രൂപത ബിഷപ്പ് മാർ റമീജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു.

> മതപൗരോഹിത്യത്തിന്റെ അധികാര പ്രയോഗത്തെയും ചൂഷണത്തെയും തുറന്നുകാണിക്കുന്നു എന്ന പേരിൽ അടുത്ത കാലത്തായി ഏറെ എതിർപ്പുകളും വിമര്ശനങ്ങളും നേരിടേണ്ടി വന്ന 'കക്കുകളി' എന്ന നാടകത്തിന് എടച്ചേരിയിൽ 'ബിമൽ സാംസ്‌കാരിക വേദിയാണ് അരങ്ങൊരുക്കിയത്. തീരദേശ ജനജീവിതത്തിന്റെ ഭാവതീവ്രമായ ആവിഷ്ക്കാരങ്ങളിലൂടെ മലയാളത്തിലെ പുതിയ എഴുത്തുകാരിൽ ശ്രദ്ധേയനായ ഫ്രാൻസിസ് നൊറോണയുടെ ചെറുകഥയെ ആസ്പദമാക്കിയാണ് "കക്കുകളി' എന്ന നാടകം രൂപപ്പെടുന്നത് എന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.

> അജയ്കുമാറിന്റെ നാടകരചനയിൽ ജോബ് മഠത്തിലാണ് സംവിധാനം നിർവഹിച്ചിട്ടുള്ളത്. ആലപ്പുഴയിലെ പുന്നപ്ര വയലാർ വായനശാലയുടെ കീഴിലുള്ള "നെയ്തൽ നാടകസംഘം' എന്ന ഗ്രാമീണ നാടക സംഘമാണ് "കക്കുകളി'ക്ക് രംഗഭാഷ ഒരുക്കിയിരിക്കുന്നത്. കേന്ദ്രീകൃത ക്രിസ്ത്യൻ പൗരോഹിത്യ മതാധികാരം സാമൂഹിക - സാമ്പത്തിക പിന്നോക്കാവസ്ഥയെ ചൂഷണത്തിനുള്ള ഉപാധിയായി എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നതിന്റെ ചിത്രീകരണമാണ് നാടകമെന്നാണ് അണിയറ പ്രവർത്തകരുടെ വിശദീകരണം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/111702/catholic-church-protests-in-edachery-against-kakukali-drama)