---
title: "ശുചിത്വ ഗ്രാമം ; വരിക്കോളിയിൽ ശുചിത്വ ജനസംഗമം സംഘടിപ്പിച്ചു"
english_title: "Clean Village; Cleanliness Jan Sangam was organized at Varikoli"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/111994/clean-village-cleanliness-jan-sangam-was-organized-at-varikoli"
published_at: "2023-05-01T21:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644fdf152c05a_clean_village_1.jpg"
keywords: []
---

# ശുചിത്വ ഗ്രാമം ; വരിക്കോളിയിൽ ശുചിത്വ ജനസംഗമം സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം :** സമ്പൂർണ്ണ ശുചിത്വ ഗ്രാമം എന്ന ലക്ഷ്യം പ്രഖ്യാപിച്ചുകൊണ്ട് നാദാപുരം ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് ശുചിത്വ ജനസംഗമം സംഘടിപ്പിച്ചു. വടകര ഹരിയാലി സ്ഥാപകൻ മണലിൽ മോഹനൻ ജനസംഗമം ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ടി ലീന അധ്യക്ഷയായി.

## Article Content

**നാദാപുരം :** സമ്പൂർണ്ണ ശുചിത്വ ഗ്രാമം എന്ന ലക്ഷ്യം പ്രഖ്യാപിച്ചുകൊണ്ട് നാദാപുരം ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് ശുചിത്വ ജനസംഗമം സംഘടിപ്പിച്ചു. വടകര ഹരിയാലി സ്ഥാപകൻ മണലിൽ മോഹനൻ ജനസംഗമം ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ടി ലീന അധ്യക്ഷയായി.

വീടും പരിസരവും,റോഡുകൾ പൊതുവഴികൾ ജലാശയങ്ങൾ തുടങ്ങിയവയുടെ ശുചീകരണം, ബദൽ ഉൽപ്പന്നങ്ങളുടെ നിർമാണം പ്രചാരണം, ഓരോ അയൽ സഭയിലെയും ഒരു കേന്ദ്രമെങ്കിലും സൗന്ദര്യവൽക്കരിക്കൽ തുടങ്ങിയവയെല്ലാമാണ് ശുചിത്വ ഗ്രാമത്തിന്റെ ലക്ഷ്യങ്ങളായി പ്രഖ്യാപിച്ചത്. കൂടാതെ വീടുകളുടെ ശുചീകരണവുമായി ബന്ധപ്പെട്ട് നിശ്ചിതമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട് .

ശുചിത്വ മാനദണ്ഡങ്ങൾക്കനുസരിച്ച് എ ഗ്രേഡ് നേടുന്ന വീട്ടുകാർക്ക് പ്രൗഡ് സ്റ്റിക്കർ, ഓരോ അയൽ സഭയിലെയുംമികച്ച മൂന്നു വീതം വീടുകൾക്കും, വാർഡിലെ ഏറ്റവും മികച്ച മൂന്ന് വീടുകൾക്ക് സമ്മാനങ്ങൾ നൽകും. ബോധവൽക്കരണത്തിനായി കുട്ടികളുടെ കലാജാഥ,ലഘുലേഖ,വാർഡിലെ മുഴുവൻ വീടുകളിൽ നിന്നും ഒരാൾ വീതം പങ്കുചേരുന്ന ഗ്രാമ ഗീതംതുടങ്ങി വിപുലമായ പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തത്.

ബോധവൽക്കരണത്തിനായി വിജയൻ കല്ലാച്ചി ഈണം നൽകി രാജേഷ് കല്ലാച്ചി, അഷിക അശോക് എന്നിവർ ആലപിച്ച ശുചിത്വ ഗാനം വിദ്യാർഥി കാർത്തിക് പി വി പ്രകാശനം ചെയ്തു. പി കെ കൃഷ്ണൻ, അഡ്വ കെ എം രഘുനാഥ്, എസ് എം അഷറഫ്, ബ്ലോക്ക് കോർഡിനേറ്റർ കുഞ്ഞിരാമൻ, അയൽസഭാ കൺവീനർ കുഞ്ഞിരാമൻ പൊന്നങ്കോട്ട് എന്നിവർ പരിപാടിയിൽ സംസാരിച്ചു. എ കെ ഹരിദാസൻ പദ്ധതി പ്രവർത്തനങ്ങൾ വിശദീകരിച്ചു.വാർഡ് കൺവീനർ എം ചന്ദ്രൻ സ്വാഗതവും സി ഡി എസ് മെമ്പർ ഷിംന നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/111994/clean-village-cleanliness-jan-sangam-was-organized-at-varikoli)