---
title: "കളിച്ച് വളരട്ടെ ;ചുഴലി നേതാജി വായനശാല യാഥാർത്ഥ്യമാക്കിയത് നാടിൻ്റെ സ്വപ്നം"
english_title: "Let's play and grow; Chujali Netaji Library has made the dream of the nation come true"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/112455/lets-play-and-grow-chujali-netaji-library-has-made-the-dream-of-the-nation-come-true"
published_at: "2023-05-04T10:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64533a9b300bf_football_pic.jpg"
keywords: []
---

# കളിച്ച് വളരട്ടെ ;ചുഴലി നേതാജി വായനശാല യാഥാർത്ഥ്യമാക്കിയത് നാടിൻ്റെ സ്വപ്നം

> **Lead Summary:** **വളയം**: ഇളം തലമുറ ഇവിടെ കളിച്ച് വളരട്ടെ . ചുഴലി നേതാജി വായനശാല യാഥാർത്ഥ്യമാക്കിയത് നാടിൻ്റെ സ്വപ്നം. ഒരുനാടൊന്നാകെ കൈകോർത്തപ്പോൾ യാഥാർഥ്യമായത് കുട്ടികൾക്ക് കളിക്കാനൊരു മൈതാനം. വളയം ചുഴലിയിലെ നേതാജി വായനശാലയുടെ നേതൃത്വത്തിലാണ് ഒരേക്കർ ഭൂമി വാങ്ങി കളിക്കളമൊരുക്കിയത്. രണ്ടുവർഷംമുമ്പാണ് പ്രദേശത്തെ കുട്ടികൾ കളിക്കളം വേണമെന്ന ആവശ്യവുമായി രംഗത്തുവന്നത്.

## Article Content

**വളയം**: ഇളം തലമുറ ഇവിടെ കളിച്ച് വളരട്ടെ . ചുഴലി നേതാജി വായനശാല യാഥാർത്ഥ്യമാക്കിയത് നാടിൻ്റെ സ്വപ്നം. ഒരുനാടൊന്നാകെ കൈകോർത്തപ്പോൾ യാഥാർഥ്യമായത് കുട്ടികൾക്ക് കളിക്കാനൊരു മൈതാനം. വളയം ചുഴലിയിലെ നേതാജി വായനശാലയുടെ നേതൃത്വത്തിലാണ് ഒരേക്കർ ഭൂമി വാങ്ങി കളിക്കളമൊരുക്കിയത്. രണ്ടുവർഷംമുമ്പാണ് പ്രദേശത്തെ കുട്ടികൾ കളിക്കളം വേണമെന്ന ആവശ്യവുമായി രംഗത്തുവന്നത്.

തുടർന്ന് നേതാജി വായനശാലയുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപവത്കരിച്ച് കളിക്കളത്തിനായി ശ്രമം ആരംഭിക്കുകയായിരുന്നു. ചുഴലി വട്ടച്ചോലയിൽ ഒരേക്കർ സ്ഥലം ലഭ്യമായതോടെ നാട്ടുകാരിൽനിന്നും സംഭാവനകൾ സ്വീകരിച്ച് സ്ഥലം വാങ്ങുകയായിരുന്നു. തുടർന്ന് സ്ഥലത്തെ മണ്ണ് നീക്കംചെയ്ത് വിശാലമായ കളിസ്ഥലം ഒരുക്കുകയും ചെയ്തു.

ഒരു ഫുട്ബോൾ കോർട്ട്, വോളിബോൾ കോർട്ട്, ബാഡ്‌മിന്റൺ കോർട്ട് എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്. സ്വന്തമായി മൈതാനം ലഭിച്ചതോടെ മലയോരഗ്രാമത്തിൽനിന്ന് പുതിയ കായികപ്രതിഭകളെ വളർത്തിയെടുക്കാൻ കഴിയുമെന്ന ശുഭപ്രതീക്ഷയിലാണ് നാട്ടുകാർ. കഴിഞ്ഞ രണ്ടുവർഷത്തിനിടയിൽ വളയം ഗ്രാമപ്പഞ്ചായത്തിൽ നാട്ടുകാരുടെയും യുവജന ക്ലബ്ബുകളുടെയും നേതൃത്വത്തിൽ നിർമിക്കുന്ന നാലാമത്തെ മൈതാനമാണിത്.

കളിസ്ഥലത്തിന്റെ ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌ കെ.പി. പ്രദീഷ് നിർവഹിച്ചു. ഗ്രാമപ്പഞ്ചായത്ത് അംഗം കെ.കെ. വിജേഷ് അധ്യക്ഷനായി. പി.പി. ഷൈജു, വി.പി. ശശിധരൻ, ടി.എൻ. രവീന്ദ്രൻ, ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി കെ. വിനോദ്കൃഷ്ണൻ, അസിസ്റ്റന്റ് സെക്രട്ടറി രാജീവൻ പുനത്തിൽ, നേതാജി വനിതാവേദി പ്രസിഡന്റ്‌ ദീപ്തി, എ.പി. നിധിൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/112455/lets-play-and-grow-chujali-netaji-library-has-made-the-dream-of-the-nation-come-true)