---
title: "വിദ്യയ്ക്കൊപ്പം വിളയുന്നത്; നാദാപുരത്തെ സുലോചനയും ശാന്തയും തീർക്കുന്നത് യഥാർത്ഥ അങ്കണവാടി "
english_title: "Growing with knowledge; Sulochana and Shanta in Nadapuram are the real Anganwadi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/11708/growing-with-knowledge-sulochana-and-shanta-in-nadapuram-are-the-real-anganwadi"
published_at: "2021-11-19T22:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6197dc8cbbcba_muhammed ali.jpg"
keywords: []
---

# വിദ്യയ്ക്കൊപ്പം വിളയുന്നത്; നാദാപുരത്തെ സുലോചനയും ശാന്തയും തീർക്കുന്നത് യഥാർത്ഥ അങ്കണവാടി 

> **Lead Summary:** **നാദാപുരം :** മുറ്റത്തെ പൂങ്കാവനം എന്നതാണ് അങ്കണവാടിയുടെ അർത്ഥം, എന്നാൽ ഇവിടെ വിദ്യയ്ക്കൊപ്പം വിളയുന്നത് അന്നവും കൂടിയാണ്. നാദാപുരത്തെ സുലോചനയും ശാന്തയും തീർക്കുന്നത് യഥാർത്ഥ അങ്കണവാടി. നാദാപുരം ഗ്രാമ പഞ്ചായത്തിലെ 187 ആം നമ്പർ കപ്പിപ്പുറത്ത്‌ അംഗനവാടി വേറിട്ട പ്രവർത്തനത്തിലൂടെ മാതൃകയാവുന്നു.

## Article Content

**നാദാപുരം :** മുറ്റത്തെ പൂങ്കാവനം എന്നതാണ് അങ്കണവാടിയുടെ അർത്ഥം, എന്നാൽ ഇവിടെ വിദ്യയ്ക്കൊപ്പം വിളയുന്നത് അന്നവും കൂടിയാണ്. നാദാപുരത്തെ സുലോചനയും ശാന്തയും തീർക്കുന്നത് യഥാർത്ഥ അങ്കണവാടി. നാദാപുരം ഗ്രാമ പഞ്ചായത്തിലെ 187 ആം നമ്പർ കപ്പിപ്പുറത്ത്‌ അംഗനവാടി വേറിട്ട പ്രവർത്തനത്തിലൂടെ മാതൃകയാവുന്നു.

അങ്കണവാടി വർക്കറായ പുതിയാറക്കൽ സുലോചനയും ഒതയോറത്ത്‌ ശാന്തയുമാണ് അങ്കണവാടിക്ക്‌ സമീപമുള്ള കനാലോരത്ത്‌ കഴിഞ്ഞ 10 വർഷമായി വിവിധ കൃഷിയിറക്കി ശ്രദ്ധേയരായത്. കോവിഡായതിനാൽ അങ്കണവാടികൾ ഒന്നരവർഷമായി പ്രവർത്തിക്കുന്നില്ലെങ്കിലും ലോക്ഡൗൺ കാലത്തടക്കം ഇവിടുത്തെ കൃഷിയെ പരിപാലിക്കുന്നത്‌ പതിവാക്കിയിരുന്നു സുലോചനയും ശാന്തയും.

പലവർഷങ്ങളിലായി ചേന, ചേമ്പ്‌ , മരച്ചീനി, വിവിധയിനം വാഴകൾ ,പച്ചക്കറി എന്നിവയെല്ലാം കൃഷിചെയ്യുന്നുണ്ട്‌. കൃഷിപ്പണിയിൽ അങ്കണവാടികളിലെ കുട്ടികളെയും ഒപ്പം കൂട്ടാറുണ്ടെന്നും കുട്ടികൾക്കത്‌ വളരെയേറെ ഇഷ്ടമാണെന്നും സുലോചനയും ശാന്തയും പറഞ്ഞു.

പുതിയ തലമുറയെ കൃഷിപരിപാലനത്തിൽ ആകൃഷ്ടരാക്കാനും കുഞ്ഞുനാളിലെ നാട്ടറിവുകൾ പകരാനും ഇതുവഴി കഴിയുന്നുവെന്നതും ഏറെ സന്തോഷമുള്ള കാര്യമാണെന്നും ഇരുവരും പറഞ്ഞു. ഈ പ്രാവശ്യത്തെ മരച്ചീനി വിളവെടുക്കാൻ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലിയും 20 ആം വാർഡ്‌ മെമ്പർ സി ടി കെസമീറയും എത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/11708/growing-with-knowledge-sulochana-and-shanta-in-nadapuram-are-the-real-anganwadi)