---
title: "കുളങ്ങരത്ത് - നമ്പ്യത്താംകുണ്ട് - വാളൂക്ക് - വിലങ്ങാട് റോഡ്; രണ്ടാം ഘട്ട പ്രവൃത്തി ആരംഭിച്ചു."
english_title: "Kulangarath - Nambiathamkund - Walook - Vilangad road; The second phase work has started."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/117281/kulangarath-nambiathamkund-walook-vilangad-road-the-second-phase-work-has-started"
published_at: "2023-05-26T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647088dc7bc45_road_.jpg"
keywords: []
---

# കുളങ്ങരത്ത് - നമ്പ്യത്താംകുണ്ട് - വാളൂക്ക് - വിലങ്ങാട് റോഡ്; രണ്ടാം ഘട്ട പ്രവൃത്തി ആരംഭിച്ചു.

> **Lead Summary:** **നരിപ്പറ്റ: [ **പൊതുമരാമത്ത് വകുപ്പ് കിഫ് ബി മുഖേന 41 കോടി രൂപ ചെലവിൽ നവീകരിക്കുന്ന കുളങ്ങരത്ത് - നമ്പ്യത്താംകുണ്ട് - വാളൂക്ക് - വിലങ്ങാട് റോഡിന്റെ രണ്ടാം ഘട്ട പ്രവൃത്തി ആരംഭിച്ചു.

## Article Content

**നരിപ്പറ്റ: [ **പൊതുമരാമത്ത് വകുപ്പ് കിഫ് ബി മുഖേന 41 കോടി രൂപ ചെലവിൽ നവീകരിക്കുന്ന കുളങ്ങരത്ത് - നമ്പ്യത്താംകുണ്ട് - വാളൂക്ക് - വിലങ്ങാട് റോഡിന്റെ രണ്ടാം ഘട്ട പ്രവൃത്തി ആരംഭിച്ചു.

കുന്നുമ്മൽ, നാദാപുരം, നരിപ്പറ്റ ഗ്രാമ പഞ്ചായത്തുകളിലൂടെയാണ് 21 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് കടന്നുപോകുന്നത്. 10 മീറ്റർ വീതിയിലാണ് ആധുനിക രീതിയിൽ റോഡ് നവീകരിക്കുന്നത്. കണ്ണൂർ ആസ്ഥാനമായുള്ള കെ.കെ ബിൽഡേർസ് കമ്പനിയാണ് പ്രവർത്തി കരാർ ഏറ്റെടുത്തിട്ടുള്ളത്.

മുടിക്കൽ പാലം മുതൽ വിലങ്ങാട് വരെയുള്ള ഒന്നാം ഘട്ട പ്രവൃത്തി പൂർത്തിയായി വരികയാണ്. ഇതിനിടെയാണ് ആനക്കുഴി മുതൽ കുളങ്ങരത്ത് വരെയുള്ള രണ്ടാം ഘട്ട പ്രവൃത്തി ആരംഭിച്ചത്.

കലുങ്കുകളും ഓവുചാലുകളുമാണ് ആദ്യം നിർമിക്കുക. തുടർന്ന് വീതികൂട്ടി ടാറിങ് നടത്തും. രണ്ടാം ഘട്ട പ്രവൃത്തി ഉദ്ഘാടനം ആനക്കുഴിയിൽ പഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി നിർവഹിച്ചു.

പൂർണമായി സമ്മത പത്രം കിട്ടാത്തതിനാൽ പണി മുടങ്ങുമെന്നു വ്യാപക സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണങ്ങൾ ഉണ്ടായിരുന്നു. ഇത് ചില സാമൂഹ്യ ദ്രോഹികളുടെ ദുഷ്പ്രചാരണം മാത്രമാണെന്നും റോഡ് യാഥാർഥ്യമാക്കാൻ ജനങ്ങളോടൊപ്പം പഞ്ചായത്ത് ഭരണസമിതിയും ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.

വാർഡ് മെംബർ കെ.കെ ലേഖ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് വി.കെ ബീന, മെംബർമാരായ പി ശശി, സി.പി കുഞ്ഞബ്ദുല്ല, വാർഡ് കൺവീനർ സി.കെ നാണു സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/117281/kulangarath-nambiathamkund-walook-vilangad-road-the-second-phase-work-has-started)