---
title: "പാറയും മണ്ണും നീക്കി ; നിയമം തുണച്ചു , പവീശനും കുടുംബവും ഇനി ഉണർന്നിരിക്കേണ്ട"
english_title: "Removed rock and soil; The law came to the rescue and the priest and his family were no longer awake"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/123334/removed-rock-and-soil-the-law-came-to-the-rescue-and-the-priest-and-his-family-were-no-longer-awake"
published_at: "2023-06-18T22:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648f328d4fd48_vishnumangalam.jpg"
keywords: []
---

# പാറയും മണ്ണും നീക്കി ; നിയമം തുണച്ചു , പവീശനും കുടുംബവും ഇനി ഉണർന്നിരിക്കേണ്ട

> **Lead Summary:** **നാദാപുരം: **നീതി പാലകർ ഉണർന്നപ്പോൾ കുടുംബത്തിന്റെ ഭീതി ഒഴിഞ്ഞു. നാദാപുരം വിഷ്ണുമംഗലത്തെ വലിയ പറമ്പത്ത് പവീശനും കുടുംബത്തിനും ഇനി വീടിനുള്ളിൽ സമാധാനത്തോടെ അന്തിയുങ്ങാം. വീടിന് മുമ്പിൽ അപകടത്തിനിടയാക്കും വിധം കൂട്ടിയിട്ട പാറക്കല്ലുകളും മണ്ണും നീക്കി തുടങ്ങി. വടകര ലീഗൽ സർവീസ് അതോറിറ്റിയുടെ ഇടപെടലാണ് ഇവർക്ക് ആശ്വാസമായത്.

## Article Content

**നാദാപുരം: **നീതി പാലകർ ഉണർന്നപ്പോൾ കുടുംബത്തിന്റെ ഭീതി ഒഴിഞ്ഞു. നാദാപുരം വിഷ്ണുമംഗലത്തെ വലിയ പറമ്പത്ത് പവീശനും കുടുംബത്തിനും ഇനി വീടിനുള്ളിൽ സമാധാനത്തോടെ അന്തിയുങ്ങാം. വീടിന് മുമ്പിൽ അപകടത്തിനിടയാക്കും വിധം കൂട്ടിയിട്ട പാറക്കല്ലുകളും മണ്ണും നീക്കി തുടങ്ങി. വടകര ലീഗൽ സർവീസ് അതോറിറ്റിയുടെ ഇടപെടലാണ് ഇവർക്ക് ആശ്വാസമായത്.

നാദാപുരം ഗവ. കോളേജ് നിർമ്മാണത്തിന്റെ ഭാഗമായി കിണമ്പ്ര കുന്ന് ഇടിച്ചു നിരത്തിയതിൽ പടുകൂറ്റൻ പാറക്കല്ലുകളും മണ്ണും ഇവരുടെ വീടിന് മുമ്പിൽ കുന്നു പോലെ ഭീതിയുളവാക്കും വിധം കൂട്ടിയിട്ടിരിക്കുകയായിരുന്നു. കോളേജിന്റെ സ്ഥലമായതിനാൽ പരിസരവാസികളുടെ അനുവാദം ഇല്ലാതെയായിരുന്നു ഈ പ്രവൃത്തി.

ഏത് നിമിഷവും മണ്ണ് ഇടിഞ്ഞ് താഴെയുള്ള വീടിന് മുകളിലേക്ക് പതിച്ചേക്കുമെന്ന അവസ്ഥയായിരുന്നു. രാത്രി കാലങ്ങളിൽ അടർന്ന് വീഴുന്ന കല്ലുകളുടെയും മണ്ണിന്റെയും ശബ്ദം ഇവരുടെ ഉറക്കം കെടുത്തി. ഓട്ടോ റിക്ഷാ ഡ്രൈവറായ പവീശനും അമ്മയും ഭാര്യയും രണ്ട് പെൺ മക്കളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്.

മഴ പെയ്തതോടെ ഈ മൺകൂനയിൽ വിള്ളലുകളും രൂപപ്പെട്ടതോടെ പിന്നെയുള്ളത് ഉറക്കം നഷ്ടപ്പെട്ട രാവുകളായിരുന്നു. ഇതിനിടയിൽ പവീശൻ നാദാപുരം ഗ്രാമ പഞ്ചായത്ത് മെമ്പർ, പ്രസിഡന്റ്, സെക്രട്ടറി, വില്ലേജ് ഓഫിസർ , താഹ്സിൽദാർ, ജില്ലാ കലക്ടർ, എം.എൽ.എ. എന്നിവർക്ക് പ്രദേശത്തെ തന്റെ തുൾപ്പെടെയുള്ള അഞ്ച് വീടുകൾ അപകട ഭീഷണിയിലാണെന്ന് കാണിച്ച് പരാതി നൽകിയെലും നടപടി ഉണ്ടായില്ല.

തുടർന്നാണ് മണ്ണിടിഞ്ഞ് വീണ് തന്റെ വീട് നശിച്ചു പോവുമെന്നും ജീവഹാനി ഉണ്ടാകുമെന്നും കാണിച്ച് പവീശൻ വടകര ലീഗൽ സർവീസ് അതോറിറ്റിയിൽ പരാതിയിലാണ് ആശ്വാസ നടപടി ഉണ്ടായത്. വടകര കോടതിയിൽ നടന്ന അദാലത്തിൽ കോളേജ് പ്രിൻസിപ്പാളിനെ വിളിച്ചു വരുത്തിയാണ് ജഡ്ജ് കെ.രാമകൃഷ്ണൻ കല്ലുകളും മണ്ണും ഉടൻ നീക്കം ചെയ്യാൻ ഉത്തരവ് പുറപ്പെടുവിച്ചത്. കോടതി ഉത്തരവ് അനുസരിച്ച് വീടിന് മുമ്പിൽ നിന്ന് കല്ലും മണ്ണും നീക്കം ചെയ്യുന്ന പ്രവൃത്തി കഴിഞ്ഞ ദിവസം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/123334/removed-rock-and-soil-the-law-came-to-the-rescue-and-the-priest-and-his-family-were-no-longer-awake)