---
title: "മുഖം നോക്കാതെ നടപടി; കല്ലാച്ചിയിൽ പൊതുസ്ഥലത്ത് മാലിന്യം ഒഴുക്കിയ ഫ്ലാറ്റിന് 10,000 രൂപ പിഴ "
english_title: "Action without looking at the face; A fine of Rs 10,000 was imposed on a flat in Kallachi for dumping garbage in a public place"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/12409/action-without-looking-at-the-face-a-fine-of-rs-10000-was-imposed-on-a-flat-in-kallachi-for-dumping-garbage-in-a-public-place"
published_at: "2021-11-23T17:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619cddafec5a4_waste.jpg"
keywords: []
---

# മുഖം നോക്കാതെ നടപടി; കല്ലാച്ചിയിൽ പൊതുസ്ഥലത്ത് മാലിന്യം ഒഴുക്കിയ ഫ്ലാറ്റിന് 10,000 രൂപ പിഴ 

> **Lead Summary:** **നാദാപുരം : **ഗ്രാമപഞ്ചായത്തിൽ മാലിന്യ സംസ്കരണത്തിൽ വീഴ്ചവരുത്തിയ സ്ഥാപനങ്ങൾക്കെതിരെ വ്യാപകമായി നടപടി. കല്ലാച്ചി ടൗണിനടുത്ത് പൊതുസ്ഥലത്ത് മാലിന്യം ഒഴുക്കിയ ഫ്ലാറ്റിന് 10,000/ രൂപ പിഴ ചുമത്തി.

## Article Content

**നാദാപുരം : **ഗ്രാമപഞ്ചായത്തിൽ മാലിന്യ സംസ്കരണത്തിൽ വീഴ്ചവരുത്തിയ സ്ഥാപനങ്ങൾക്കെതിരെ വ്യാപകമായി നടപടി. കല്ലാച്ചി ടൗണിനടുത്ത് പൊതുസ്ഥലത്ത് മാലിന്യം ഒഴുക്കിയ ഫ്ലാറ്റിന് 10,000/ രൂപ പിഴ ചുമത്തി.

പുളിക്കൂൽ തോടിൽ മാലിന്യം നിക്ഷേപിച്ചതിന് വില്യാപ്പള്ളി ടൗണിൽ പ്രവർത്തിക്കുന്ന സാഫ്രോൺ ഹോട്ടൽ എന്ന സ്ഥാപനത്തിനെതിരെ നിയമ നടപടികൾക്കായി വിശദാംശങ്ങൾ പോലീസ് അധികൃതർക്ക് കൈമാറി.

സ്ഥാപനത്തിലെ മാലിന്യങ്ങൾ ചാക്കിൽ കെട്ടി റോഡരികിലും തോട്ടിലും വലിച്ചെറിഞ്ഞ നിലയിലാണ് കണ്ടെത്തിയത് .ചാക്ക് കെട്ടുകൾ വിശദമായി പരിശോധിച്ചതിനെ തുടർന്നാണ് സ്ഥാപനം സംബന്ധിച്ച വിവരങ്ങൾ ലഭിച്ചത്.

മാലിന്യം കൃത്യമായി സംസ്ക്കരിക്കാത്തതിന് നാദാപുരം പോസ്റ്റ് ഓഫീസ് പരിസരത്ത് പ്രവർത്തിക്കുന്ന ടീ ഷോപ്പ് , ഫ്രൂട്ട് സ്റ്റാൾ എന്നിവയ്ക്ക് നോട്ടീസ് നൽകി. പതിനാലാം വാർഡിലെ മഞ്ചാംപാറ പറമ്പിലെ മാലിന്യനിക്ഷേപം അധികൃതർ പരിശോധിച്ചു . വാർഡ് സാനിറ്റേഷൻ കമ്മിറ്റി മുഖേന മാലിന്യം നീക്കം ചെയ്തു സംസ്കരിച്ചു.

തുടർന്ന് മാലിന്യം നിക്ഷേപിക്കുന്നത് തടയുന്നതിനായി നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം പി രജുലാൽ ,പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ സതീഷ് ബാബു കെ എന്നിവരാണ് നടപടി സ്വീകരിച്ചത് . വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും കുറ്റക്കാർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുന്നതായിരിക്കുമെന്നും അധികൃതർ അറിയിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/12409/action-without-looking-at-the-face-a-fine-of-rs-10000-was-imposed-on-a-flat-in-kallachi-for-dumping-garbage-in-a-public-place)