---
title: "#ksbima | കക്കുകളി വിവാദം; ബിമൽ സ്മരണ സെമിനാറിൽ എഴുത്തുകാരൻ നൊറോണ എടച്ചേരിയിൽ "
english_title: "kakkukali Controversy; Writer Norona Edacheryil at the Bimal Memorial Seminar"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/125849/kakkukali-controversy-writer-norona-edacheryil-at-the-bimal-memorial-seminar"
published_at: "2023-06-29T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649d14ce286f7_bimal.jpg"
keywords: []
---

# #ksbima | കക്കുകളി വിവാദം; ബിമൽ സ്മരണ സെമിനാറിൽ എഴുത്തുകാരൻ നൊറോണ എടച്ചേരിയിൽ 

> **Lead Summary:** **എടച്ചേരി: **അകാലത്തിൽ നമ്മളെ വിട്ടുപിരിഞ്ഞ പ്രശസ്ത കലാ-സാംസ്‌കാരിക-രാഷ്ട്രീയ പ്രവർത്തകൻ കെ.എസ്സ് ബിമലിന്റെ ഓർമ്മ പുതുക്കികൊണ്ട് 'ബിമൽ സ്മരണ-2023’ എടച്ചേരിയിൽ നടക്കുന്നു.

## Article Content

**എടച്ചേരി: **അകാലത്തിൽ നമ്മളെ വിട്ടുപിരിഞ്ഞ പ്രശസ്ത കലാ-സാംസ്‌കാരിക-രാഷ്ട്രീയ പ്രവർത്തകൻ കെ.എസ്സ് ബിമലിന്റെ ഓർമ്മ പുതുക്കികൊണ്ട് 'ബിമൽ സ്മരണ-2023’ എടച്ചേരിയിൽ നടക്കുന്നു.

ബിമൽ ഓർമ്മയായതിന്റെ എട്ടാം വാർഷിക ദിനം ജൂലൈ 1ന് രാവിലെ നടക്കുന്ന സുഹൃദ് സംഗമത്തെ തുടർന്ന് വൈകുനേരം 5.00 മണിക്ക് എടച്ചേരി കമ്മ്യൂണിറ്റി ഹാളിൽ 'മതനിന്ദ, ദൈവനിന്ദ, ആവിഷ്കാര സ്വാതന്ത്ര്യം' എന്ന വിഷയത്തിൽ സെമിനാർ നടക്കും.

പ്രശസ്ത സാഹിത്യകാരൻ ഫ്രാൻസിസ് നൊറോണയുടെ കഥയെ ആസ്പദമാക്കി 'കക്കുകളി' എന്ന നാടകം കേരളത്തിൽ ഒരു വിഭാഗം വരുന്ന മതമേധാവികളുടെ പ്രതിഷേധത്തെ തുടർന്ന് അപ്രഖ്യാപിത നിരോധനം നിലനിൽക്കുന്ന സാഹചര്യത്തിലാണ് 'മതനിന്ദ, ദൈവനിന്ദ, ആവിഷ്കാര സ്വാതന്ത്ര്യം' എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ ഈ ദിനത്തിൽ സംഘടിപ്പിക്കുന്നത്.

ബിമൽ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ 'കക്കുകളി' എന്ന നാടകം എടച്ചേരിയിൽ അരങ്ങേറുകയും പ്രതിഷേധങ്ങൾക്ക് കാരണമാക്കുകെയും ചെയ്തിരുന്നു. മതമേധാവികളുടെ പ്രതിഷേധങ്ങളെ തുടർന്ന് 'കക്കുകളി' എന്ന നാടകം കേരളത്തിൽ അവതരണം നിർത്തിവെക്കാൻ അവതാരകരായ 'നൈതൽ നാടക സംഘം' നിർബന്ധിതരാവുകയായിരുന്നു.

മതമേധാവിത്വത്തിന് മുൻപിൽ ആവിഷ്കാര സ്വാതന്ത്ര്യം അടിയറവെക്കേണ്ടി വന്ന സാഹചര്യത്തിൽ കൂടിയാണ് ബിമലിന്റെ ഓർമ്മ കടന്നു പോകുന്നത്.

പ്രശസ്ത എഴുത്തുകാരനും ഭാഷാപണ്ഡിതനും സാമൂഹിക നിരീക്ഷകനുമായ എം.എൻ. കാരശ്ശേരി, പ്രശസ്ത നാടക സംവിധായകയും നെറ്റ്‌വർക്ക് ഫോർ ആർട്ടിസ്റ്റിക് തീയേറ്റർ ആക്ടിവിസ്റ്സ് കേരളയുടെ നേതൃത്വവുമായ ജെ. ശൈലജ, എഴുത്തുകാരൻ ഫ്രാൻസിസ് നൊറോണ എന്നിവർ സെമിനാറിൽ പങ്കെടുക്കും.

അധ്യാപികയും സാമൂഹിക പ്രവർത്തയുമായ സ്മിത നെരവത്ത് ബിമൽ അനുസ്മരണ പ്രഭാഷണം നടത്തും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/125849/kakkukali-controversy-writer-norona-edacheryil-at-the-bimal-memorial-seminar)