---
title: "#nadapuram | കാട്ടാനശല്യം: വനംവകുപ്പ് അടിയന്തിര നടപടി സ്വീകരിക്കണം - കർഷക സംഘം "
english_title: "#wild elephant #attack #should #take #immidiate #action #farmers group "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/129187/wild-elephant-attack-should-take-immidiate-action-farmers-group"
published_at: "2023-07-10T19:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ac10e1eff1d_elephant.jpg"
keywords: []
---

# #nadapuram | കാട്ടാനശല്യം: വനംവകുപ്പ് അടിയന്തിര നടപടി സ്വീകരിക്കണം - കർഷക സംഘം 

> **Lead Summary:** **നാദാപുരം: [**[ ]വിലങ്ങാട് മലയോരത്തെ പന്നിയേരി, കുറ്റല്ലൂർ മേഖലയിൽ കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചത് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥകാരണമാണെന്ന് കർഷകസംഘം വിലങ്ങാട് മേഖലാ കമ്മിറ്റി ആരോപിച്ചു. കഴിഞ്ഞ ദിവസങ്ങളിലാണ് മലയോരത്ത് കാട്ടാനയിറങ്ങി വ്യാപക കൃഷിനാശമുണ്ടായത്‌.

## Article Content

**നാദാപുരം: [**[ ]വിലങ്ങാട് മലയോരത്തെ പന്നിയേരി, കുറ്റല്ലൂർ മേഖലയിൽ കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചത് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥകാരണമാണെന്ന് കർഷകസംഘം വിലങ്ങാട് മേഖലാ കമ്മിറ്റി ആരോപിച്ചു. കഴിഞ്ഞ ദിവസങ്ങളിലാണ് മലയോരത്ത് കാട്ടാനയിറങ്ങി വ്യാപക കൃഷിനാശമുണ്ടായത്‌.

പന്നിയേരിയിലെ രാജേഷ് എനിയാടൻ, ചന്ദ്രൻ മുക്കാട്ട്, ഉഷതെനിയാടൻ, പ്രദീഷ് കൂത്തുപറമ്പ് ,സജി പാലുമ്മൽ, ബിജു, ബിനു പുന്നത്താനത്ത് കുറ്റല്ലൂരിലെ ചന്തു പറക്കാടൻ, കുങ്കൻ കെ.കെ., രഞ്ജിത്ത് തുടങ്ങിയവരുടെ കൃഷിയിടങ്ങളിലാണ് വലിയ നഷ്ടമുണ്ടായത്.

നിലവിൽ സോളാർ ഫെൻസിംഗ് ഉള്ള സ്ഥലങ്ങളിലാണ് ആനക്കൂട്ടമിറങ്ങിയത്. എന്നാൽ കുറെക്കാലങ്ങളായി സോളാർ ഫെൻസിംഗ് പ്രവർത്തിക്കാതായിട്ട് മരങ്ങൾ വീണും, കാടുകയറിയും ഫെൻസിങ്ങിന്റെ പ്രവർത്തനം നിലച്ചിരിക്കയാണ്. യഥാസമയം കാടും മരങ്ങളും വെട്ടിമാറ്റി ബാറ്ററിയും, ഇൻവെട്ടറും പുനസ്ഥാപിച്ച് സോളാർ ഫെൻസിംഗ് പ്രവർത്തന സജ്ജമാക്കാത്ത വനം വകുപ്പുദ്യോഗസ്ഥരുടെ നടപടിയിൽ വ്യാപക പ്രതിഷേധമുയരുകയാണ്.

കുറച്ച് മാസങ്ങൾക്ക് മുമ്പ് തൊട്ടടുത്ത പാലൂർ പ്രദേശത്ത് കാട്ടാനയിറങ്ങി വ്യാപക കൃഷിനാശമുണ്ടായപ്പോൾ കർഷകസംഘം വ്യാപക പ്രതിഷേധമുയർത്തിയതിനെ തുടർന്ന് റേഞ്ച് ഓഫീസറുമായി നടത്തിയ ചർച്ചയെ തുടർന്ന് പാലൂർ പ്രദേശത്ത് പുതിയ ഫെൻസിംഗ് സ്ഥാപിക്കുന്നതിനും, പന്നിയേരി, കുറ്റല്ലൂർ മേഖലയിൽ നിലവിലുള്ള ഫെൻസിംഗിന്റെ തകരാർ പരിഹരിക്കുന്നതിനും ഉടൻ നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകിയതാണ്.

എന്നാൽ എസ്റ്റിമേറ്റ് തയ്യാറാക്കി മേൽനടപടിക്കായി അയച്ചു എന്നല്ലാതെ പരിഹാര നടപടികൾ സ്വീകരിക്കുന്നതിന് വനം വകുപ്പ് ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ല. വിലത്തകർച്ചമൂലം നട്ടം തിരിയുന്ന മലയോര കർഷകർ വന്യമൃഗശല്യം കൂടിയതോടെ കൃഷിയിടമുപേക്ഷിച്ച് പോവുകയാണ്.

കാട്ടാന ശല്യം തടയുന്നതിന് സത്വര നടപടി സ്വീകരിച്ചില്ലെങ്കിൽ വനം വകുപ്പിനെതിരെ കർഷകരുടെ പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കുമെന്ന് കർഷകസംഘം വിലങ്ങാട് മേഖല കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.കൃഷിനാശമുണ്ടായ സ്ഥലങ്ങൾ കർഷകസംഘം നേതാക്കളായ കെ.പി രാജീവൻ, കെ.ടി. ബാബു, സാബു മുട്ടത്ത് മുന്നേൽ, കെ.ജെ ജോസ്, കേളപ്പൻ പന്നിയേരി, ബിജു പന്നിയേരി എന്നിവർ സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/129187/wild-elephant-attack-should-take-immidiate-action-farmers-group)