---
title: "#nadapuram| കൂടുതൽ ഡോക്ടർമാർ വേണം; ഡോ. ഭരത് കൃഷ്ണക്കെതിരെയുണ്ടായ അതിക്രമത്തെ യൂത്ത് ലീഗ് അപലപിച്ചു"
english_title: "# need more doctors #youthleague #condemended #violence #against #dr bharathkrishna "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/129756/need-more-doctors-youthleague-condemended-violence-against-dr-bharathkrishna"
published_at: "2023-07-12T20:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aec61433d8c_youth_league.jpg"
keywords: []
---

# #nadapuram| കൂടുതൽ ഡോക്ടർമാർ വേണം; ഡോ. ഭരത് കൃഷ്ണക്കെതിരെയുണ്ടായ അതിക്രമത്തെ യൂത്ത് ലീഗ് അപലപിച്ചു

> **Lead Summary:** **നാദാപുരം :[ **കഴിഞ്ഞ ദിവസം അർദ്ധ രാത്രിയിൽ നാദാപുരം ഗവ.താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോ. ഭരത് കൃഷ്ണക്കെതിരെയുണ്ടായ അതിക്രമത്തെ അപലപിക്കുന്നതായി നാദാപുരം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് കെഎം ഹംസ, ജനറൽ സെക്രട്ടറി ഇ ഹാരിസ് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.

## Article Content

**നാദാപുരം :[ **കഴിഞ്ഞ ദിവസം അർദ്ധ രാത്രിയിൽ നാദാപുരം ഗവ.താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോ. ഭരത് കൃഷ്ണക്കെതിരെയുണ്ടായ അതിക്രമത്തെ അപലപിക്കുന്നതായി നാദാപുരം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് കെഎം ഹംസ, ജനറൽ സെക്രട്ടറി ഇ ഹാരിസ് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.

ഡോക്ടറെ കാണാനെത്തിയ രണ്ട് പേരെയും ഒരു ഒപി ടിക്കറ്റിൽ പരിശോധിക്കണമെന്ന രോഗികളുടെ പിടി വാശിയാണ് ഡോക്ടർക്കെതിരെയുള്ള കയ്യേറ്റത്തിന് കാരണമായതെന്നാണ് പറയപ്പെടുന്നത്.

രാത്രി സമയങ്ങളിൽ അത്യാഹിത വിഭാഗത്തിലെത്തുന്ന ഇരുനൂറിലേറെ രോഗികളെ പരിശോധിക്കുന്നതും, നിരീക്ഷിക്കുന്നതും, റഫർ ചെയ്യുന്നതും ഒരു ഡോക്ടർ മാത്രമാണ്. കൈക്കുഞ്ഞുങ്ങളുമായി ഒ പി ടിക്കറ്റെടുത്ത് ഏറെ നേരം വരിയിൽ നിൽക്കുന്നവർക്ക് കൃത്യ സമയത്ത് ചികിത്സ ലഭിക്കുന്നില്ല എന്ന പരാതി നേരത്തേയുണ്ട്.

ഒരു ഡോക്ടർക്ക് രാത്രി കാലങ്ങളിൽ അത്യാഹിത വിഭാഗത്തിൽ എത്തുന്ന എല്ലാ രോഗികൾക്കും ചികിത്സ നൽകുക എന്നത് ശ്രമകരമാണ്. അത്യാഹിത വിഭാഗത്തിൽ രണ്ട് ഡോക്‌ടർമാരെ നിയമിക്കണമെന്ന ആവശ്യത്തിന് ഏറെ പഴക്കമുണ്ട്.

വർഷ കാലത്ത് ജല ജന്യ രോഗങ്ങൾ പടർന്ന് പിടിക്കുമ്പോഴും അത്യാഹിത വിഭാഗത്തിൽ ഒരു ഡോക്ടറെ മാത്രമായി ഡ്യൂട്ടിയിൽ നിർത്തുന്ന ബ്ലോക്ക് പഞ്ചായത്തിന്റെ നിരുത്തരവാദ സമീപനമാണ് പലപ്പോഴും വാക്ക് തർക്കത്തിനും, കയ്യാങ്കളിക്കും കാരണമാകുന്നത്.

മുൻ കാലങ്ങളിലെ പോലെ പരിചയ സമ്പന്നരായ ഡോക്ടർമാരാരെയും അത്യാഹിത വിഭാഗത്തിൽ കാണാറില്ല. കോഴ്സ് പൂർത്തിയാക്കി പുറത്തിറങ്ങിയ ജൂനിയർ ഡോക്ടർമാരെ ഇത്രയധികം രോഗികളെ ചികിൽസിക്കാൻ നിർബന്ധിക്കുമ്പോഴുള്ള മനസിക സമ്മർദവും പലപ്പോഴും ഡോക്ടർ രോഗി വഴക്കിന് കാരണം ആകാറുണ്ടെന്നും യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു.

ഡോക്ടർ വന്ദന ദാസിന്റെ കൊലപാതകത്തിന് ശേഷം ഹോസ്പിറ്റലുകളിൽ സെക്യൂരിറ്റി ഡ്യൂട്ടിയിൽ ഉള്ളവർ വിമുക്‌ത ഭടന്മാർ ആയിരിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ സർക്കുലർ ഉണ്ടായിട്ട് പോലും ബ്ലോക്ക് പഞ്ചായത്തിന്റെ താല്പര്യ പ്രകാരം സി പി എം പ്രവർത്തകരെ സുരക്ഷാ ചുമതലക്കാരായി നിയമിച്ചതാണ് ആശുപത്രി ജീവനക്കാർക്കെതിരെയുള്ള അതിക്രമം തടയാൻ കഴിയാതെ പോകുന്നതെന്നും യൂത്ത് ലീഗ് നേതാക്കൾ കുറ്റപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/129756/need-more-doctors-youthleague-condemended-violence-against-dr-bharathkrishna)