---
title: "#oommanchandy | ആ ജീവസുറ്റചിത്രം ഇവിടെയുണ്ട് ; ഒരു കൈ അരികെയുണ്ട് ,ഞാൻ പൊന്നുപോലെ സൂക്ഷിക്കുന്നു - തുടിക്കുന്ന ഓർമകളുമായി അഡ്വ. കെ എം രഘുനാഥ്"
english_title: "#Here # the picture # life #Ahand # besideme #Ikeeplikegold - AdvKMRaghunath #memories."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/131342/here-the-picture-life-ahand-besideme-ikeeplikegold-advkmraghunath-memories"
published_at: "2023-07-18T09:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b61559cd0f8_oomman_chandy_pic.jpg"
keywords: []
---

# #oommanchandy | ആ ജീവസുറ്റചിത്രം ഇവിടെയുണ്ട് ; ഒരു കൈ അരികെയുണ്ട് ,ഞാൻ പൊന്നുപോലെ സൂക്ഷിക്കുന്നു - തുടിക്കുന്ന ഓർമകളുമായി അഡ്വ. കെ എം രഘുനാഥ്

> **Lead Summary:** **നാദാപുരം: [ ** ജനനായകന്റെ ആ ജീവസുറ്റചിത്രം ഇവിടെയുണ്ട്. ഒരു കൈ അരികെയുണ്ട് ,ഞാൻ പൊന്നുപോലെ സൂക്ഷിക്കുന്നു. അന്തരിച്ച മുൻമുഖ്യമന്ത്രിയും സമുന്നത കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ തുടിക്കുന്ന ഓർമകൾ പങ്കുവെച്ച് യൂത്ത് കോൺഗ്രസ് മുൻ ജില്ലാ ജനറൽസെക്രട്ടറിയും കോൺഗ്രസ് നാദാപുരം മണ്ഡലം പ്രസിഡന്റുമായ അഡ്വ. കെ എം രഘുനാഥ് . വിദ്യാർത്ഥി രാഷ്ട്രീയ കാലഘട്ടം മുതൽ ഉമ്മൻചാണ്ടി എന്ന നേതാവിനെ ആരാധിച്ച് പോന്നിരുന്ന ഒരു വ്യക്തിയാണ് ഞാൻ.

## Article Content

**നാദാപുരം: [ ** ജനനായകന്റെ ആ ജീവസുറ്റചിത്രം ഇവിടെയുണ്ട്. ഒരു കൈ അരികെയുണ്ട് ,ഞാൻ പൊന്നുപോലെ സൂക്ഷിക്കുന്നു. അന്തരിച്ച മുൻമുഖ്യമന്ത്രിയും സമുന്നത കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ തുടിക്കുന്ന ഓർമകൾ പങ്കുവെച്ച് യൂത്ത് കോൺഗ്രസ് മുൻ ജില്ലാ ജനറൽസെക്രട്ടറിയും കോൺഗ്രസ് നാദാപുരം മണ്ഡലം പ്രസിഡന്റുമായ അഡ്വ. കെ എം രഘുനാഥ് . വിദ്യാർത്ഥി രാഷ്ട്രീയ കാലഘട്ടം മുതൽ ഉമ്മൻചാണ്ടി എന്ന നേതാവിനെ ആരാധിച്ച് പോന്നിരുന്ന ഒരു വ്യക്തിയാണ് ഞാൻ.

തിരുവനന്തപുരത്ത് ലോ അക്കാഡമിയിൽ പഠിച്ചു കൊണ്ടിരിക്കെ സാറിന്റെ ഓഫീസിൽ പലരുടെയും കൂടെ പോവുകയും, സാറിന്റെ നിയമസഭാ പ്രസംഗങ്ങൾ കേൾക്കാൻ സഭക്കകത്ത് കയറിയിരിക്കലും ഒരു ആവേശമായിരുന്നു. പലപ്പോഴായി പലരുടെയും കാര്യങ്ങൾക്കും വേണ്ടി സാറിനെ ഞാൻ സമീപിച്ചിട്ടുണ്ട്. എല്ലായിപ്പോഴും പോസിറ്റീവ് മറുപടി അല്ലാതെ ഇന്നുവരെ ലഭിച്ചിട്ടില്ല. സാർ മുഖ്യമന്ത്രി ആയിരുന്നപ്പോൾ ആ ഓഫീസിൽ നേരിട്ട് പോകാനും ഓരോരോ കടലാസുകൾക്ക് തീർപ്പ് ഉണ്ടാക്കാനും എന്നെപ്പോലെയുള്ള സാധാരണ പ്രവർത്തകന്മാർക്ക് പോലും സാധിച്ചത്, ജനാധിപത്യത്തിന്റെ മനോഹരമായ ദൃശ്യമാണ്.

ഒരു മുഖ്യമന്ത്രി ഇത്രയേറെ സാധാരണക്കാരോട് ലയിച്ച് ചേർന്നത് ചരിത്രത്തിൽ ഒരിടത്തും വായിച്ചറിയുക പോലും ചെയ്തിട്ടില്ല. കോഴിക്കോട് ജനസമ്പർക്ക പരിപാടി സമയത്ത് ഈ നാട്ടിലെ ഒരുപാട് രോഗികളെയും മറ്റും സാറിന്റെ കൈകൾക്കരികെ എത്തിക്കാനും ഒരുപാട് ധനസഹായങ്ങൾ വാങ്ങിക്കൊടുക്കാനും, അദ്ദേഹം അതിനോട് കാണിച്ച താല്പര്യപൂർവമായ സമീപനത്തെയും വളരെ അഭിമാനത്തോടെ ഓർമ്മിച്ചെടുക്കുന്നു.

വർഷങ്ങൾക്കു മുമ്പ് അദ്ദേഹം വിലങ്ങാട് ഒരു ഉദ്ഘാടനത്തിന് വന്നപ്പോൾ വേദിയിൽ വെച്ച് സത്യൻ നീലിമ അദ്ദേഹത്തിന് നൽകിയ അദ്ദേഹത്തിന്റെ ഛായാചിത്രം, വണ്ടിയിൽ കയറിയതിനു ശേഷം, സൂക്ഷിച്ചോളൂ..... എന്നും പറഞ്ഞ് എന്റെ കയ്യിൽ ഏൽപ്പിച്ചപ്പോൾ ഏറെ സന്തോഷത്തോടെ അത് ഏറ്റുവാങ്ങുകയും, അദ്ദേഹത്തോടുള്ള അങ്ങേയറ്റത്തെ ആരാധന കൊണ്ട് ഞാനാ ഫോട്ടോ എന്റെ വീട്ടിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. എന്നും എന്റെ ഓഫീസ് റൂമിൽ ഉമ്മൻചാണ്ടി സാറിന്റെ ഛായാചിത്രം ഞാൻ പൊന്നുപോലെ സൂക്ഷിക്കുന്നു.

പലപ്പോഴായി സാറിന്റെ വണ്ടിയിൽ ഒന്നിച്ച് യാത്ര ചെയ്യാനുള്ള അവസരം എനിക്ക് കിട്ടിയിട്ടുണ്ട്. ഞങ്ങളെപ്പോലെയുള്ള സാധാരണ പാർട്ടി പ്രവർത്തകരുടെ സംസാരം പോലും കേൾക്കാനും അതിന് മറുപടി പറയാനും അദ്ദേഹം കാണിക്കുന്ന ശ്രദ്ധ അത്തരം അവസരങ്ങളിൽ ഏറെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. 2022 ൽ കെപിസിസി കോഴിക്കോട് വെച്ച് നടത്തിയ ചിന്തൻ ശിബി രത്തിൽ സാർ പങ്കെടുക്കാനായി വന്നിറങ്ങിയപ്പോൾ കൈപിടിച്ച് അദ്ദേഹത്തെ മുന്നോട്ടേക്ക് കൂട്ടിക്കൊണ്ടു പോകാനും ഒരു ഫോട്ടോ എടുക്കാനും സാധിച്ചു എന്നുള്ളത് അവസാനത്തെ ഒരു രംഗമായി മനസ്സിൽ ഓർമ്മയ്ക്കാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/131342/here-the-picture-life-ahand-besideme-ikeeplikegold-advkmraghunath-memories)