---
title: "#nadapuram| സോഷ്യൽ ഓഡിറ്റ് ടീം യോഗം ചേർന്നു; നാദാപുരത്ത് മാലിന്യ നിർമ്മാർജ്ജനം സംബന്ധിച്ചുള്ള ബോധവൽക്കരണം"
english_title: "#Socialaudit #teammeet # Awareness # wastedisposal  # Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/132132/socialaudit-teammeet-awareness-wastedisposal-nadapuram"
published_at: "2023-07-20T17:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b91e84b2190_meeting_.jpg"
keywords: []
---

# #nadapuram| സോഷ്യൽ ഓഡിറ്റ് ടീം യോഗം ചേർന്നു; നാദാപുരത്ത് മാലിന്യ നിർമ്മാർജ്ജനം സംബന്ധിച്ചുള്ള ബോധവൽക്കരണം

> **Lead Summary:** **നാദാപുരം : [ **ഗ്രാമപഞ്ചായത്തിലെ വാർഡ് തല സോഷ്യൽ ഓഡിറ്റിങ് പ്രവർത്തനം പൂർത്തീകരിച്ച് പഞ്ചായത്ത് തല യോഗം ചേർന്നു. സമ്പൂർണ്ണ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് മാലിന്യ നിർമ്മാർജ്ജനം സോഷ്യൽ ഓഡിറ്റിങ് നടത്തിയത്. പൊതുപ്രവർത്തകരും സാമൂഹ്യ സന്നദ്ധ ഭാരവാഹികളുമടങ്ങുന്ന സംഘമാണ് വാർഡ് തല സോഷ്യൽ ഓഡിറ്റിങ് നടത്തിയത്.

## Article Content

**നാദാപുരം : [ **ഗ്രാമപഞ്ചായത്തിലെ വാർഡ് തല സോഷ്യൽ ഓഡിറ്റിങ് പ്രവർത്തനം പൂർത്തീകരിച്ച് പഞ്ചായത്ത് തല യോഗം ചേർന്നു. സമ്പൂർണ്ണ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് മാലിന്യ നിർമ്മാർജ്ജനം സോഷ്യൽ ഓഡിറ്റിങ് നടത്തിയത്. പൊതുപ്രവർത്തകരും സാമൂഹ്യ സന്നദ്ധ ഭാരവാഹികളുമടങ്ങുന്ന സംഘമാണ് വാർഡ് തല സോഷ്യൽ ഓഡിറ്റിങ് നടത്തിയത്.

അജൈവ മാലിന്യം വാതിൽപടി സേവനം , പൊതുസ്ഥലത്തെ മാലിന്യ നിർമാർജനം, ജലാശയങ്ങളിലെ അജൈവ മാലിന്യം നീക്കം ചെയ്യൽ, ജൈവ മാലിന്യ സംസ്കരണ ഉപാധികളുടെ ഉപയോഗം, മാലിന്യ നിർമ്മാർജ്ജനം സംബന്ധിച്ചുള്ള ബോധവൽക്കരണം എന്നീ ഘടകങ്ങളിലാണ് സോഷ്യൽ ഓഡിറ്റിങ് നടത്തിയത്.

നിലവിൽ മാലിന്യ നിർമാർജ്ജന പ്രവർത്തനത്തിൽ പഞ്ചായത്ത് നേരിടുന്ന പ്രശ്നങ്ങൾ, തടസ്സങ്ങൾ, പരിഹാരം എന്നിവ നിർദേശിക്കുന്ന വിശദമായ ഓഡിറ്റ് റിപ്പോർട്ട് പഞ്ചായത്ത് ഭരണസമിതിക്ക് സമർപ്പിക്കും. സോഷ്യൽ ഓഡിറ്റ് റിപ്പോർട്ട് പരിശോധിക്കാനായി പഞ്ചായത്ത് ഭരണസമിതിയുടെ പ്രത്യേക യോഗം ജൂലൈ 27 ന് ചേരും. കഴിഞ്ഞ മൂന്ന് മാസത്തെ ഹരിതകർമസേന പ്രവർത്തന റിപ്പോർട്ട് വാർഡ് തലത്തിൽ ക്രോഡീകരിച്ച് തുടർ പ്രവർത്തനം നടത്തും.

അനാരോഗ്യകരമായ ഭക്ഷണശീലം ഒഴിവാക്കുന്നത് സംബന്ധിച്ചും അജൈവ മാലിന്യങ്ങൾ വീടുകളിൽ വേർതിരിച്ച് കൈമാറുന്നതിനെക്കുറിച്ചും  ബോധവൽക്കരണം വാർഡ് തലത്തിൽ നടത്തുവാനും, ഹരിതകർമസേനക്ക് പരിശീലനം നൽകുവാനും സോഷ്യൽ ഓഡിറ്റ് ടീം നിർദേശിച്ചു. ഹരിത കല്യാണം നടത്തുന്നതിന് കുടുംബശ്രീയുടെ നേതൃത്വത്തിൽ സ്റ്റാർട്ടപ്പ് ആരംഭിക്കുവാനും സോഷ്യൽ ഓഡിറ്റ് ടീം യോഗത്തിൽ ആവശ്യപ്പെട്ടു.

പഞ്ചായത്ത് തല യോഗം പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.സി സുബൈർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ്, സോഷ്യൽ ഓഡിറ്റ് ടീം അംഗങ്ങളായ എ.കെ ഹരിദാസൻ, ടി രവീന്ദ്രൻ, കെ കാസിം, കെ.സി ലിനീഷ്, എം സകരിയ, നോഡൽ ഓഫീസർ കെ സതീഷ് ബാബു, കില തീമാറ്റിക് വിദഗ്ദ കെ ഫാത്തിമ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/132132/socialaudit-teammeet-awareness-wastedisposal-nadapuram)