---
title: "കട അടപ്പിച്ചു; കുഴിമന്തി കഴിച്ച കുട്ടികൾ ഉൾപ്പെടെ 10 പേർക്ക് ഭക്ഷ്യവിഷബാധ, സാധനങ്ങൾ വിറ്റ കട അടപ്പിച്ചു "
english_title: "Shop closed; The shop, which sells food poisoning and items to 10 people, including children who ate gravel, was closed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/13740/shop-closed-the-shop-which-sells-food-poisoning-and-items-to-10-people-including-children-who-ate-gravel-was-closed"
published_at: "2021-12-01T09:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a6edcac44de_shop.jpg"
keywords: []
---

# കട അടപ്പിച്ചു; കുഴിമന്തി കഴിച്ച കുട്ടികൾ ഉൾപ്പെടെ 10 പേർക്ക് ഭക്ഷ്യവിഷബാധ, സാധനങ്ങൾ വിറ്റ കട അടപ്പിച്ചു 

> **Lead Summary:** **നാദാപുരം : **വീട്ടിൽ ഉണ്ടാക്കിയ കുഴിമന്തി കഴിച്ച രണ്ട് കുട്ടികൾ ഉൾപ്പെടെ 10 പേർക്ക് ഭക്ഷ്യവിഷബാധ. പനി, വയറിളക്കം, ഛർദി എന്നിവ അനുഭവപ്പെട്ടതിനെത്തുടർന്ന് വീട്ടുകാർ നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിലും കുട്ടികൾ കുറ്റ്യാടി സ്വകാര്യ ആശുപത്രിയിലും ചികിത്സതേടി.

## Article Content

**നാദാപുരം : **വീട്ടിൽ ഉണ്ടാക്കിയ കുഴിമന്തി കഴിച്ച രണ്ട് കുട്ടികൾ ഉൾപ്പെടെ 10 പേർക്ക് ഭക്ഷ്യവിഷബാധ. പനി, വയറിളക്കം, ഛർദി എന്നിവ അനുഭവപ്പെട്ടതിനെത്തുടർന്ന് വീട്ടുകാർ നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിലും കുട്ടികൾ കുറ്റ്യാടി സ്വകാര്യ ആശുപത്രിയിലും ചികിത്സതേടി.

ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും വീട് സന്ദർശിച്ചു. തുടർന്ന് കുടിവെള്ളത്തിന്റെ സാംപിൾ പരിശോധനയ്ക്ക് അയച്ചു. കുഴിമന്തി പാകം ചെയ്യാൻ ചേലക്കാട് മർവ സ്റ്റോറിൽ നിന്നും സാധനങ്ങൾ വാങ്ങിയതായി അധികൃതർ കണ്ടെത്തി. തുടർന്ന് ആരോഗ്യ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ കടയിൽ പരിശോധന നടത്തി.

ഭക്ഷ്യയോഗ്യമല്ലാത്തതും ഗുണനിലവാരമില്ലാത്തതും കാലാവധി കഴിഞ്ഞതുമായ വിവിധ ഭക്ഷണസാധനങ്ങൾ കടയിൽനിന്നും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. ഇതേത്തുടർന്ന് സാധനങ്ങൾ വിറ്റ കട അടച്ചു.

പരിശോധനയിൽ കുറ്റ്യാടി ഹെൽത്ത് സൂപ്പർവൈസർ ബാബു സെബാസ്റ്റ്യൻ, ഭക്ഷ്യ സുരക്ഷാ ഓഫീസർ ജിതിൻ രാജ്, നാദാപുരം താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ പി.വി. സുരേന്ദ്രൻ, കുറ്റ്യാടി ഹെൽത്ത് ഇൻസ്പെക്ടർ പി. രാജീവൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ജബാ എമീമ, പ്രസാദ്, എം.പി. പ്രേമജൻ, അബ്ദുൾ സലാം എന്നിവർ പങ്കെടുത്തു. ഭക്ഷ്യ വിഷബാധയുണ്ടായ വീട്ടിലെ അഞ്ചുപേരും സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി സൂപ്രണ്ട് ഡോ. ജമീല അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/13740/shop-closed-the-shop-which-sells-food-poisoning-and-items-to-10-people-including-children-who-ate-gravel-was-closed)