---
title: "#Excise'sjeepbroken |  നാല് പേർ തള്ളണം; തള്ള് തള്ള് തല്ലിപ്പൊളി വണ്ടി ; തുരുമ്പെടുത്ത് തകർന്ന് എക്സൈസിന്റെ ജീപ്പ്"
english_title: "#Fourpersons #mustpush #push cart #Excise's jeep #rusted #broken"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/138089/fourpersons-mustpush-push-cart-excises-jeep-rusted-broken"
published_at: "2023-08-11T10:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d5bf3f1bd3d_jeep.jpg"
keywords: []
---

# #Excise'sjeepbroken |  നാല് പേർ തള്ളണം; തള്ള് തള്ള് തല്ലിപ്പൊളി വണ്ടി ; തുരുമ്പെടുത്ത് തകർന്ന് എക്സൈസിന്റെ ജീപ്പ്

> **Lead Summary:** **നാദാപുരം**: **[** നാദാപുരത്തെ എക്സൈസ് ഉദ്യോഗസ്ഥർ യാത്ര ചെയ്യുന്ന ജീപ്പ് കണ്ടാൽ കാൽ നട യാത്രക്കാർ ഓടി വഴി മാറി കൊടുക്കും. കാലപ്പഴക്കം കാരണം ഏത് നിമിഷവും തകർന്ന് വീഴാൻ പാകത്തിലാണ് വാഹനം. ജീപ്പിന്റെ അകവും പുറവും തുരുമ്പെടുത്ത് നശിച്ചു കഴിഞ്ഞു. എന്നിട്ടും പട്രോളിംഗിനും അബ്കാരി കേസുകളുടെ ഭാഗമായും കുന്നും മലയും കയറാൻ ഈ വാഹനം തന്നെയാണ് എക്സൈസ് ഉദ്യോഗസ്ഥർക്ക് ശരണം.

## Article Content

**നാദാപുരം**: **[** നാദാപുരത്തെ എക്സൈസ് ഉദ്യോഗസ്ഥർ യാത്ര ചെയ്യുന്ന ജീപ്പ് കണ്ടാൽ കാൽ നട യാത്രക്കാർ ഓടി വഴി മാറി കൊടുക്കും. കാലപ്പഴക്കം കാരണം ഏത് നിമിഷവും തകർന്ന് വീഴാൻ പാകത്തിലാണ് വാഹനം. ജീപ്പിന്റെ അകവും പുറവും തുരുമ്പെടുത്ത് നശിച്ചു കഴിഞ്ഞു. എന്നിട്ടും പട്രോളിംഗിനും അബ്കാരി കേസുകളുടെ ഭാഗമായും കുന്നും മലയും കയറാൻ ഈ വാഹനം തന്നെയാണ് എക്സൈസ് ഉദ്യോഗസ്ഥർക്ക് ശരണം.

ഗതികേട് കൊണ്ട് മാത്രമാണ്. ജീവൻ പണയം വെച്ചുള്ള ജീപ്പ് യാത്ര . ബാറ്ററിയുടെ കാലാവധി കഴിഞ്ഞതിനാൽ ജീപ്പ് സ്റ്റാട്ടാകണമെങ്കിൽ നാല് പേർ തള്ളണം. നാദാപുരം എക്സൈസ് പരിധിയിൽ ഉൾപ്പെടുന്ന വിലങ്ങാട് , വാഴമല, അടക്കമുള്ള കുന്നുകൾ കയറണമെങ്കിൽ ഉദ്യോഗസ്ഥർ വാഹനത്തിൽ നിന്ന് ഇറങ്ങി തള്ളണം എന്നതാണ് സ്ഥിതി. 2010 ൽ ഇറങ്ങിയതാണ് ജീപ്പ് . നിലവിൽ വാഹനം ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലാണ്.

ഓണക്കാലത്ത് പ്രത്യേക പരിശോധനകൾ നടത്താൻ നിർദ്ദേശം ഉണ്ടെങ്കിലും വാഹനം സ്റ്റാർട്ടാകാത്തതു കാരണം ഉദ്യോഗസ്ഥർ വലയുകയാണ്. പല പ്രദേശങ്ങളിലും രാത്രികാലങ്ങളിൽ ഉൾപ്പെടെ കുടുങ്ങിയ അനുഭവം സേനയ്ക്ക് ഉണ്ട്. അടുത്ത വർഷം ആദ്യ മാസം തന്നെ ഇതിന്റെ റിന്യൂവൽ കാലാവധി കഴിയും . നാദാപുരം എക്സൈസ് പരിധിയിലെ മലയോര മേഖലകൾ ഉൾപ്പെടെ പതിനാല് പഞ്ചായത്തുകളാണുള്ളത്.

മലയോര മേഖലകളിലെ പഞ്ചായത്തുകളിൽ വ്യാജചാരായ നിർമ്മാണവുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. വ്യാജമദ്യ വില്പനയും തകൃതിയായി നടക്കുന്നുണ്ട്. സ്കൂൾ വിദ്യർത്ഥികളെയും യുവാക്കളേയും ലക്ഷ്യമിട്ട് മയക്കുമരുന്ന് മാഫിയ സജീവമായി രംഗത്തുണ്ട്. ഇത്തരം അവസ്ഥയിൽ ഓടി എത്താൻ പാകത്തിൽ ഒരു നല്ല വാഹനം എക്സൈസിന് ലഭിക്കാത്തത് കാര്യത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/138089/fourpersons-mustpush-push-cart-excises-jeep-rusted-broken)