---
title: "കാട്ടാനക്കൂട്ടമിറങ്ങി; ചിറ്റാരിമലയിൽ വ്യാപകമായി കൃഷി നശിപ്പിച്ചു "
english_title: "The savages devastated and extensively destroyed crops in Chittarimala"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/14314/the-savages-devastated-and-extensively-destroyed-crops-in-chittarimala"
published_at: "2021-12-04T08:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61aade8c86230_elephant.jpg"
keywords: []
---

# കാട്ടാനക്കൂട്ടമിറങ്ങി; ചിറ്റാരിമലയിൽ വ്യാപകമായി കൃഷി നശിപ്പിച്ചു 

> **Lead Summary:** **വളയം : **സോളാർ കമ്പിവേലി തകർത്ത് ചിറ്റാരിമലയിൽ കാട്ടാനക്കൂട്ടമിറങ്ങി. വ്യാപകമായി കൃഷി നശിപ്പിച്ചു. ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷമാണ് കണ്ണൂർജില്ലയിലെ കണ്ണവം വനത്തിൽനിന്ന് കോഴിക്കോട് ജില്ലാതിർത്തിയായ ചിറ്റാരിയിലെ കൃഷിയിടത്തിൽ കാട്ടാനകൾ ഇറങ്ങിയത്.

## Article Content

**വളയം : **സോളാർ കമ്പിവേലി തകർത്ത് ചിറ്റാരിമലയിൽ കാട്ടാനക്കൂട്ടമിറങ്ങി. വ്യാപകമായി കൃഷി നശിപ്പിച്ചു. ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷമാണ് കണ്ണൂർജില്ലയിലെ കണ്ണവം വനത്തിൽനിന്ന് കോഴിക്കോട് ജില്ലാതിർത്തിയായ ചിറ്റാരിയിലെ കൃഷിയിടത്തിൽ കാട്ടാനകൾ ഇറങ്ങിയത്.

മലയോരത്തെ നിരവധി കർഷകരുടെ തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയ കൃഷികൾ ആന നശിപ്പിച്ചു. മൂന്നുദിവസമായി കുട്ടിയാനകളടക്കമുള്ള ഏഴോളം ആനകളാണ് കൃഷിയിടത്തിൽ നിലയുറപ്പിച്ചിട്ടുള്ളത്. വനാതിർത്തിയിൽ വനംവകുപ്പ് നിർമിച്ച സോളാർ ഫെൻസിങ് ലൈനുകൾ തകർത്താണ് കാട്ടാനകൾ കൃഷിയിടത്തിലിറങ്ങിയതെന്ന് കർഷകർ പറഞ്ഞു.

കഴിഞ്ഞദിവസങ്ങളിൽ വാണിമേൽ പഞ്ചായത്തിലെ മലയങ്ങാടും പൂവ്വത്താങ്കണ്ടിയിലും കാട്ടാനകൾ കൃഷിയിടത്തിലിറങ്ങി റബർമരങ്ങളും തെങ്ങുകളും നശിപ്പിച്ചിരുന്നു. വനംവകുപ്പ് ആർ.ആർ.ടി. സംഘമെത്തിയാണ് കാട്ടാനകളെ കണ്ണവം വനത്തിലേക്ക് തിരിച്ചയച്ചത്. ഏതാനും മാസങ്ങൾക്കുമുമ്പ് സമീപത്തെ അയോട്‌, കണ്ടി വാതുക്കൽ മേഖലയിലും കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/14314/the-savages-devastated-and-extensively-destroyed-crops-in-chittarimala)