---
title: "#Completecleanliness | സമ്പൂർണ്ണ ശുചിത്വം; കർശന നടപടികളിലേക്ക് നാദാപുരം പഞ്ചായത്ത്"
english_title: "#Completecleanliness #Nadapurampanchayath  #strictmeasures"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/145185/completecleanliness-nadapurampanchayath-strictmeasures"
published_at: "2023-09-10T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fd616059c54_clean.jpg"
keywords: []
---

# #Completecleanliness | സമ്പൂർണ്ണ ശുചിത്വം; കർശന നടപടികളിലേക്ക് നാദാപുരം പഞ്ചായത്ത്

> **Lead Summary:** ** നാദാപുരം: [** നാദാപുരം ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ ശുചിത്വ പദവി കൈവരിക്കുന്നതിന്റെ ഭാഗമായി പ്രത്യേക യോഗം ചേർന്ന് കർമ്മ പദ്ധതി തയ്യാറാക്കി. ഇതിന്റെ ഭാഗമായി നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നവർക്കെതിരെയും മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നവർക്കെതിരെയും കർശന നടപടികളെടുക്കും.

## Article Content

** നാദാപുരം: [** നാദാപുരം ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ ശുചിത്വ പദവി കൈവരിക്കുന്നതിന്റെ ഭാഗമായി പ്രത്യേക യോഗം ചേർന്ന് കർമ്മ പദ്ധതി തയ്യാറാക്കി. ഇതിന്റെ ഭാഗമായി നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നവർക്കെതിരെയും മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നവർക്കെതിരെയും കർശന നടപടികളെടുക്കും.

കല്യാണ വീടുകളിലും മരണ വീടുകളിലും നിരോധിച്ച 300 മില്ലി ബോട്ടിൽ വെള്ളങ്ങൾ വ്യാപകമായി വിതരണം ചെയ്യുന്നത് പഞ്ചായത്തിന്റെ ശ്രദ്ധയിൽപ്പെട്ടതിനാലും നിരോധിത കുപ്പിവെള്ളങ്ങൾ കടകളിൽ സൂക്ഷിക്കാതെ രഹസ്യ കേന്ദ്രങ്ങളിൽ സ്റ്റോക്ക് ചെയ്ത് വില്പന നടത്തുന്നതിനാലും ഇത്തരം കേന്ദ്രങ്ങളെപ്പറ്റി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പരിശോധനക്കായി പഞ്ചായത്ത് പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു.

വിവാഹം, സൽക്കാരം ഉൾപ്പെടെയുള്ള ചടങ്ങുകളിൽ നിരോധിത ഡിസ്പോസിബിൾ കപ്പുകൾ, പ്ലേറ്റുകൾ മുതലായവ ഉപയോഗിക്കുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം ചടങ്ങ് നടക്കുന്ന വീടുകളിലും മറ്റു സ്ഥലങ്ങളിലും പരിശോധന നടത്തുന്നതിന് സ്ക്വാഡിന് രൂപം നൽകി.

നിയമലംഘനം കണ്ടെത്തുന്ന പക്ഷം ഗൃഹനാഥനെതിരെയും പരിപാടി നടത്തിപ്പുകാർക്കെതിരെയും നിയമനടപടികൾ സ്വീകരിക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം. ഇത്തരം ഉൽപ്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളിൽ വ്യാപക പരിശോധന നടത്തും.

നിരവധി തവണ മുന്നറിയിപ്പ് നൽകിയിട്ടും പരിശോധന നടത്തി പിഴ ചുമത്തിയിട്ടും ഇത്തരം ഉൽപ്പന്നങ്ങൾ നിർബാധം വിൽപ്പന നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ ലൈസൻസ് റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കും. സെപ്റ്റംബർ 19 ന് പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളിലും പ്രത്യേക ശുചിത്വ അസംബ്ലി വിളിച്ചു ചേർക്കും.

യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് വി വി മുഹമ്മദലി കർമ്മ പദ്ധതി വിശദീകരിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സി കെ നാസർ, എം സി സുബൈർ, മെമ്പർമാരായ പി പി ബാലകൃഷ്ണൻ, വി പി കുഞ്ഞിരാമൻ, നിഷ മനോജ്, റോഷ്ന പിലാക്കാട്ട്, റീന, സുനിത എടവത്ത്കണ്ടി, ആയിഷ ഗഫൂർ, അബ്ദുൽ ജലീൽ വി, പി ലീന, സുമയ്യ പാട്ടത്തിൽ, വിദ്യാഭ്യാസ സ്ഥാപന മേധാവികൾ, ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി പി കുഞ്ഞുമുഹമ്മദ്, കില തീമാറ്റിക് എക്സ്പേർട്ട് ഫാത്തിമ, സോഷ്യൽ ഓഡിറ്റ് ടീം അംഗങ്ങളായ എ കെ ഹരിദാസൻ, കെ സി ലിനീഷ് ടി രാജൻ മാസ്റ്റർ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/145185/completecleanliness-nadapurampanchayath-strictmeasures)