---
title: "നോവും നൊമ്പരങ്ങളുമയി; ഇംഗ്ലീഷ്  ഷോർട്ട് ഫിലിം പേൻ്റമിക് പ്രേക്ഷകരിലേക്ക്"
english_title: "To the English short film pantomime audience"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/14771/to-the-english-short-film-pantomime-audience"
published_at: "2021-12-06T21:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ae357e3c21d_short flm.jpg"
keywords: []
---

# നോവും നൊമ്പരങ്ങളുമയി; ഇംഗ്ലീഷ്  ഷോർട്ട് ഫിലിം പേൻ്റമിക് പ്രേക്ഷകരിലേക്ക്

> **Lead Summary:** **നാദാപുരം: ** കോവിഡ് കാലത്ത് കലാകാരന്മാർ ,വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവർ അനുഭവിച്ച മാനസിക സംഘർഷങ്ങൾ ഹൃദയസ്പർശിയായി അവതരിപ്പിക്കപ്പെട്ട സുനിൽ കോട്ടേമ്പ്രം കഥയും തിരക്കഥയും സംവിധാനവും ചെയ്ത പേൻറമിക് എന്ന ഇംഗ്ലീഷ് ഷോർട്ട് ഫിലിം ഒരുങ്ങുന്നു.

## Article Content

**നാദാപുരം: ** കോവിഡ് കാലത്ത് കലാകാരന്മാർ ,വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവർ അനുഭവിച്ച മാനസിക സംഘർഷങ്ങൾ ഹൃദയസ്പർശിയായി അവതരിപ്പിക്കപ്പെട്ട സുനിൽ കോട്ടേമ്പ്രം കഥയും തിരക്കഥയും സംവിധാനവും ചെയ്ത പേൻറമിക് എന്ന ഇംഗ്ലീഷ് ഷോർട്ട് ഫിലിം ഒരുങ്ങുന്നു.

വി പി ആർ വെള്ളൂർ, പി എ നൗഷാദ്,യുക്ത അനിൽ എന്നിവർ അഭിനയിക്കുന്ന ഈ ഇംഗ്ലീഷ് ഷോർട്ട് ഫിലിം കോവിഡ് കാലത്തെ ദുരിത അനുഭവങ്ങളും അതോടൊപ്പം ഈ മഹാമാരിയെ അതിജീവിക്കുവാനുള്ള മനുഷ്യരാശിയുടെ പ്രതീക്ഷകളും വഴികളും കൂടി പ്രേക്ഷകരുടെ മുന്നിൽ തുറന്നുകാട്ടുകയാണ്.

സുരേഷ് കുമാറിൻ്റെ സംഗീതസംവിധാനത്തിൽ പി എ നൗഷാദ് എഴുതിയ ഇംഗ്ലീഷ് ഗാനം ആലപിച്ചിരിക്കുന്നത് ശ്രീദേവിരാജ് ആണ്. വില്ല്യാപ്പള്ളി എം ജെ സ്കൂൾ, ടി ഐ എം ഗേൾസ് ഹയർ സെക്കൻ്ററി സ്കൂൾ തുടങ്ങിയ സ്ഥലങ്ങളിലായിട്ടാണ് ഇതിൻ്റെ ഷൂട്ടിംങ്ങ് പൂർത്തീകരിച്ചിരിക്കുന്നത്.

കോവിഡ് കാലത്തെ പ്രതിസന്ധിയിൽ അവഗണിക്കപ്പെടുകയും സാമ്പത്തികബുദ്ധിമുട്ട് അനുഭവിക്കേണ്ടിയുംവന്ന ഒരു കലാകാരൻ ഭക്ഷണം പോലും ലഭിക്കാതെ വിഷമിക്കുന്ന ഘട്ടത്തിൽ ഒരു വിദ്യാർത്ഥിനി തൻ്റെ ഉച്ചഭക്ഷണത്തിൻ്റെ ടിഫിൻ ബോക്സ് അദ്ദേഹത്തിന് നൽകുന്നതും, അത് തന്നെ സ്കൂളിൽ വെച്ച് നാടകം പഠിപ്പിച്ച ഗുരുവായിരുന്നുവെന്ന് പിന്നീട് തിരിച്ചറിഞ്ഞപ്പോൾ ഉണ്ടായ മാനസിക വിഷമങ്ങളും, മാസ്ക്കുകളിടാതെ ഗുരുവിനെയും കൂട്ടുകാരെയും പരസ്പ്പരം തിരിച്ചറിഞ്ഞ് പുഞ്ചിരിച്ച് കലോൽസവവേദികളിൽ നിറഞ്ഞാടിയ പഴയ കാലം കണ്ണീരോടുകൂടി ഓർത്തു പോകുകയും ചെയ്യുന്ന നിമിഷങ്ങളാണ് ഇതിൽ ചിത്രീകരിക്കപ്പെട്ടത്. ഈ ഷോർട്ട് ഫിലിം പി എ നൗഷാദിൻ്റെ യൂടൂബ് ചാനലിലൂടെയാണ് പ്രകാശനം നിർവ്വഹിക്കപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/14771/to-the-english-short-film-pantomime-audience)