---
title: "#Allpartymeeting |നാളെ സർവ്വകക്ഷി യോഗം; മാലിന്യമുക്തമാക്കാൻ നാദാപുരത്ത് ജനപ്രതിനിധികൾ വീടുകൾ കയറി ഇറങ്ങി "
english_title: "#Allpartymeeting #tomorrow #People'srepresentatives #houses #Nadapuram #Garbagefree"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/148683/allpartymeeting-tomorrow-peoplesrepresentatives-houses-nadapuram-garbagefree"
published_at: "2023-09-24T17:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651028aed37a7_all.jpg"
keywords: []
---

# #Allpartymeeting |നാളെ സർവ്വകക്ഷി യോഗം; മാലിന്യമുക്തമാക്കാൻ നാദാപുരത്ത് ജനപ്രതിനിധികൾ വീടുകൾ കയറി ഇറങ്ങി 

> **Lead Summary:** **നാദാപുരം: [** മാലിന്യമുക്ത നാദാപുരത്തിനായി ഗ്രാമ പഞ്ചായത്ത്‌ നടപ്പാക്കുന്ന പദ്ധതികൾക്ക്‌ പിന്തുണ തേടി 22 വാർഡിലെയും അംഗങ്ങൾ സെപ്‌റ്റംബർ 30 വരെ വീടു കേറുന്ന ഹൗസ്‌ ക്യാമ്പയിന് തുടക്കമായി. ഓരോ വീട്ടിലെയും മാലിന്യ പരിപാലനം സംബന്ധിച്ച്‌ വീട്ടുകാരുമായി ആശയ വിനിമയം നടത്തും.

## Article Content

**നാദാപുരം: [** മാലിന്യമുക്ത നാദാപുരത്തിനായി ഗ്രാമ പഞ്ചായത്ത്‌ നടപ്പാക്കുന്ന പദ്ധതികൾക്ക്‌ പിന്തുണ തേടി 22 വാർഡിലെയും അംഗങ്ങൾ സെപ്‌റ്റംബർ 30 വരെ വീടു കേറുന്ന ഹൗസ്‌ ക്യാമ്പയിന് തുടക്കമായി. ഓരോ വീട്ടിലെയും മാലിന്യ പരിപാലനം സംബന്ധിച്ച്‌ വീട്ടുകാരുമായി ആശയ വിനിമയം നടത്തും.

ഹരിത കർമ്മസേനയുടെ സേവനം എല്ലാ വീട്ടിലും എത്തിക്കുക ജൈവമാലിന്യ പരിപാലനത്തിന് എല്ലാ വീട്ടിലും ശാസ്ത്രീയ സംവിധാനമുണ്ടാക്കുക. പ്ലാസ്റ്റിക്‌ കത്തിച്ചാലുള്ള ആരോഗ്യ പ്രശ്നങ്ങളും നിയമനടപടികളും ബോധ്യപ്പെടുത്തുക, ഹരിത കർമ്മസേനക്ക്‌ യൂസർ ഫീ നൽകാത്തവരെകൂടി സഹകരിപ്പിക്കുക, തോട്ടിലും റോഡിലും മാലിന്യം വലിച്ചെറിയുന്നത്‌ ഇല്ലാതാക്കുക തുടങ്ങിയ കാര്യങ്ങളുൾക്കൊള്ളിച്ച ലഖുലേഖയും വിതരണം ചെയ്യുന്നുണ്ട്‌.

ഹൗസ്‌ ക്യാമ്പയിനിന്റെ പഞ്ചായത്ത്‌ തല ഉൽഘാടനം കല്ലാച്ചി ടൗൺ വാർഡിലെ പുറയനാട്ട് ഷിജിയുടെ വീട്ടിൽ വെച്ച്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി നിർവഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ സി കെ നാസർ, എം സി സുബൈർ, ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി ഇൻ ചാർജ്ജ്‌ ടി പ്രേമാനന്ദൻ, അംഗങ്ങളായ സി വി നിഷ മനോജ്‌, പി പി ബാലകൃഷ്ണൻ, ഹെൽത്ത്‌ ഇൻസ്പെക്ടർ കെ സതിഷ്‌, ബാബു, കരിമ്പിൽ ദിവാകരൻ എ സുരേഷ്‌, ബാബു തുടങ്ങിയവർ സംബന്ധിച്ചു.

ഒക്ടോബർ 30 നാണ് ഗ്രാമ പഞ്ചായത്ത്‌ ശുചിത്വ മഹാ സംഗമം നടത്തുന്നത്‌. ശുചിത്വ മഹാ സംഗമത്തിന്റെ ഭാഗമായി ഒക്ടോബർ 1ന് എല്ലാ വീട്ടുകാരും ഗൃഹാങ്കണത്തിൽ ശുചീകരണം നടത്തും. ഒക്ടോബർ 2 ന് കല്ലാച്ചി നാദാപുരം ടൗണുകൾക്ക് പുറമേ ചേലക്കാട്‌, പയന്തോങ്ങ്‌, കുമ്മങ്കോട്‌, തെരുവൻ പറമ്പ്, കക്കംവെള്ളി, പേരോട്‌ എന്നീ പ്രധാന ടൗണുകളിലും ശുചീകരണം നടക്കും.

ഗ്രാമ പഞ്ചായത്ത്‌ എഫ്‌ ടി എസു‌മാർ നിലവിൽ നാദാപുരം കല്ലാച്ചി ടൗണിന്റെ പ്രധാന ഭാഗങ്ങൾ മാത്രമാണ് ശുചീകരിക്കുന്നത്‌. ശുചീകരണത്തിന് എഫ്‌ ടി എസുമാർ ഇല്ലാത്ത പ്രധാന ടൗണുകളിൽ ആഴ്ചയിലൊരു ദിവസം ഹരിത‌കർമ്മസേനയുടെ നേതൃത്വത്തിൽ ശുചീകരണം നടത്തുന്നതിന് ഗ്രാമ പഞ്ചായത്ത് പദ്ധതിയാവിഷ്കരിക്കുന്നുണ്ട്‌. ഇതുമായി ബന്ധപ്പെട്ട്‌ വ്യാപാരികൾ കെട്ടിട ഉടമകൾ സ്ഥാപന മേധാവികൾ എന്നിവരുടെ യോഗം നാളെ വൈകിട്ട്‌ ഗ്രാമ പഞ്ചായത്ത്‌ ഹാളിൽ ചേരുന്നുണ്ട്‌.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/148683/allpartymeeting-tomorrow-peoplesrepresentatives-houses-nadapuram-garbagefree)