---
title: "#takesstrictaction | പ്ലാസ്റ്റിക് കത്തിച്ചു മാലിന്യം പാതയോരത്ത് തള്ളി; സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുമായി നാദാപുരം പഞ്ചായത്ത് "
english_title: "#Burning #plastic #throwing #garbage #roadside #NadapuramPanchayat #takesstrictaction #against #institutions"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/148927/burning-plastic-throwing-garbage-roadside-nadapurampanchayat-takesstrictaction-against-institutions"
published_at: "2023-09-25T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651198595301d_plastic.jpg"
keywords: []
---

# #takesstrictaction | പ്ലാസ്റ്റിക് കത്തിച്ചു മാലിന്യം പാതയോരത്ത് തള്ളി; സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുമായി നാദാപുരം പഞ്ചായത്ത് 

> **Lead Summary:** **നാദാപുരം: **[**** ]പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെ കത്തിച്ച ടെക്സ്റ്റൈൽസിനും മാലിന്യം ചാക്കുകെട്ടുകൾ ആക്കി സംസ്ഥാനപാതയോരത്ത് വലിച്ചെറിഞ്ഞ ഹോട്ടലിനും എതിരെ നാദാപുരം പഞ്ചായത്ത് കർശന നടപടിയെടുത്തു.

## Article Content

**നാദാപുരം: **[**** ]പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെ കത്തിച്ച ടെക്സ്റ്റൈൽസിനും മാലിന്യം ചാക്കുകെട്ടുകൾ ആക്കി സംസ്ഥാനപാതയോരത്ത് വലിച്ചെറിഞ്ഞ ഹോട്ടലിനും എതിരെ നാദാപുരം പഞ്ചായത്ത് കർശന നടപടിയെടുത്തു.

നാദാപുരം ബസ് സ്റ്റാൻഡിനു പിറകിൽ പ്രവർത്തിക്കുന്ന ബിസ്മി ടെക്സ്റ്റൈൽസ് എന്ന സ്ഥാപനത്തിലെ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കഴിഞ്ഞദിവസം സ്ഥാപനത്തിൻറെ പുറകുവശത്തുള്ള ഗ്രൗണ്ടിന് സമീപത്ത് വച്ചു കത്തിച്ചതിന്റെ ഫോട്ടോ, വീഡിയോ എന്നിവ സഹിതം പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആണ് നടപടിയെടുത്തത്. സ്ഥാപനത്തിന് പതിനായിരം രൂപ പിഴ ചുമത്തി നോട്ടീസ് നൽകി.

കസ്തൂരികുളത്ത് പ്രവർത്തിക്കുന്ന ഹോട്ടൽ ഫുഡ് പാർക്ക് എന്ന സ്ഥാപനത്തിലെ പത്തോളം ചാക്ക് മാലിന്യങ്ങൾ സംസ്ഥാന പാതയോരത്ത് വലിച്ചെറിഞ്ഞ നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് പതിനായിരം രൂപ പിഴചുമത്തി നോട്ടീസ് നൽകി. രണ്ട് സ്ഥാപനങ്ങൾക്കുമായി ആകെ 20,000/ രൂപയാണ് പിഴ ചുമത്തിയത്.

ഏഴു ദിവസത്തിനകം പിഴ ഒടുക്കിയിട്ടില്ലെങ്കിൽ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുന്നതാണ്. കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ റോഡരികിലും ഫുട്പാത്തിലും വച്ച് ടൂവീലർ റിപ്പയർ ചെയ്യുന്ന രണ്ട് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.

വിഷയം പരിഹരിച്ചില്ലെങ്കിൽ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കും. പത്തോളം സ്ഥാപനങ്ങളിൽ ലൈസൻസ് സംബന്ധിച്ച പരിശോധന നടത്തി .ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന 2 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഫുട്പാത്തിൽ വില്പന സാമഗ്രികൾ വച്ച മൂന്ന് ഫ്രൂട്ട് സ്റ്റാളുകൾക്ക് നോട്ടീസ് നൽകി.

സമ്പൂർണ്ണ ശുചിത്വ പദ്ധതിയുടെ ഭാഗമായി നാദാപുരം പഞ്ചായത്തിന്റെ നേതൃത്വത്തിൽ ബൃഹത്തായ രീതിയിൽ ക്യാമ്പയിൻ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. അതിനിടയിലാണ് പദ്ധതിക്ക് വിഘാതമാകുന്ന രീതിയിൽ ഇത്തരത്തിൽ ചില സ്ഥാപനങ്ങളുടെ സമീപനം.

അടുത്ത ദിവസങ്ങളിലും പരിശോധന തുടരുന്നതാണെന്നും ലൈസൻസ് ഇല്ലാതെയോ മാലിന്യ സംസ്കരണ സംവിധാനം ഇല്ലാതെയോ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെയും, ഫുട്പാത്ത്, റോഡ് എന്നിവ കയ്യേറുന്ന സ്ഥാപനങ്ങൾക്കെതിരെയും കർശന നിയമ നടപടികൾ സ്വീകരിക്കുന്നതായിരിക്കുമെന്നും അധികൃതർ അറിയിച്ചു. പരിശോധനയിലും നടപടിയിലും ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് ടി പ്രേമാനന്ദൻ ,ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/148927/burning-plastic-throwing-garbage-roadside-nadapurampanchayat-takesstrictaction-against-institutions)