---
title: "#trafficjam | കുരുക്ക് അഴിക്കാൻ; കല്ലാച്ചി ടൗണിലെ ഗതാഗതക്കുരുക്കഴിക്കാൻ സർവ്വകക്ഷി സംഘം മന്ത്രിമാരെ കാണും "
english_title: "#untangle #Allparty #group #meet #ministers #resolve #trafficjam #Kalachitown"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/149435/untangle-allparty-group-meet-ministers-resolve-trafficjam-kalachitown"
published_at: "2023-09-27T20:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65143ef560a6a_traffic.jpg"
keywords: []
---

# #trafficjam | കുരുക്ക് അഴിക്കാൻ; കല്ലാച്ചി ടൗണിലെ ഗതാഗതക്കുരുക്കഴിക്കാൻ സർവ്വകക്ഷി സംഘം മന്ത്രിമാരെ കാണും 

> **Lead Summary:** **നാദാപുരം: [** കല്ലാച്ചി ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം തേടി സർവ്വകക്ഷി സംഘം മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും കാണും. ജലജീവൻ മിഷന്റെ പ്രവൃത്തിക്ക്‌ കുഴിയെടുത്തത്‌ അടക്കാത്തതിനാൽ കല്ലാച്ചി - നാദാപുരം സംസ്ഥാന പാതയിലുള്ള ഗതാഗതക്കുരുക്കിന് പരിഹാരം തേടി എം എൽ എ യുടെ സാന്നിധ്യത്തിൽ പൊതുമരാമത്ത്‌- ജലവിഭവ വകുപ്പ്‌ മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും കാണാൻ ഗ്രാമപഞ്ചായത്ത്‌ ഹാളിൽ ചേർന്ന യോഗം തീരുമാനിച്ചു.

## Article Content

**നാദാപുരം: [** കല്ലാച്ചി ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം തേടി സർവ്വകക്ഷി സംഘം മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും കാണും. ജലജീവൻ മിഷന്റെ പ്രവൃത്തിക്ക്‌ കുഴിയെടുത്തത്‌ അടക്കാത്തതിനാൽ കല്ലാച്ചി - നാദാപുരം സംസ്ഥാന പാതയിലുള്ള ഗതാഗതക്കുരുക്കിന് പരിഹാരം തേടി എം എൽ എ യുടെ സാന്നിധ്യത്തിൽ പൊതുമരാമത്ത്‌- ജലവിഭവ വകുപ്പ്‌ മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും കാണാൻ ഗ്രാമപഞ്ചായത്ത്‌ ഹാളിൽ ചേർന്ന യോഗം തീരുമാനിച്ചു.

ഗതാഗതക്കുരുക്കിനും അപകടാവസ്ഥയിലുള്ള കുഴിയടക്കുന്നതിനും അടിയന്തിര പരിഹാര നടപടിക്കായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ വി വി മുഹമ്മദലി വിളിച്ചു ചേർത്ത പൊതുമരാമത്ത്‌ - പോലീസ്‌ - വാട്ടർ അതോരിറ്റി ഉദ്യോഗസ്ഥരുടെയും വ്യാപാര പ്രതിനിധികളുടെയും യോഗത്തിൽ കുഴിയടക്കുന്ന പ്രവൃത്തി നടക്കാൻ സാങ്കേതിക തടസ്സങ്ങളുണ്ടെന്ന് ഉദ്യോഗസ്ഥർ റിപ്പോർട്ട്‌ ചെയ്തതിനെ തുടർന്നാണ് ഇങ്ങനെ തീരുമാനിച്ചത്‌.

ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ഇനിയും 1.4 കി.മീ നീളത്തിൽ സംസ്ഥാന പാതയിലും 16 കി. മി. നീളത്തിൽ ഗ്രാമീണ റോഡിലും പൈപ്പ്ലൈൻ നിട്ടേണ്ടതുണ്ടെന്ന് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ പറഞ്ഞു. വാട്ടർ അതോറിറ്റിയുടെ പ്രവൃത്തി പൂർത്തിയായാലേ പൊതുമരാമത്തിന് കെട്ടിവെച്ച തുക ഉപയോഗിച്ചുള്ള സംസ്ഥാന പാതയിലെ കുഴിയടക്കൽ ആരംഭിക്കാനാകൂ എന്ന് പൊതുമരാമത്ത്‌ വകുപ്പ്‌ ഉദ്യോഗസ്ഥരും പറഞ്ഞു.

എത്രയും പെട്ടെന്ന് റോഡിലെ വാട്ടർ അതോറിറ്റിയുടെ പ്രവൃത്തി പൂർത്തിയാക്കാൻ കരാറുകാർക്ക്‌ നിർദ്ദേശം കൊടുക്കണമെന്ന് തീരുമാനിച്ചു. സാങ്കേതികതടസ്സം പറയാതെ കല്ലാച്ചി ടൗണിലെ കുഴിയടക്കണമെന്ന് യോഗത്തിൽ സംസാരിച്ച ജനപ്രതിനിധികളും വ്യാപാരികളും ആവശ്യപ്പെട്ടു.

ഇക്കാര്യം പരിശോധിച്ച്‌ നടപടിയെടുക്കാൻ വാട്ടർ അതോരിറ്റി എക്സിക്യുട്ടീവ്‌ എഞ്ചിനിയറെ യോഗം ചുമതലപ്പെടുത്തി. നാദാപുരം ടൗണിലെ അപകടാവസ്ഥയിലുള്ള സ്ലാബുകൾ മാറ്റുന്നതിന നടപടികളെടുക്കാനും തീരുമാനിച്ചു. 3 കോടി രൂപ ചെലവിലുള്ള കല്ലാച്ചിടൗൺ നവീകരണത്തിനായി ഓരോ ഭാഗത്തു നിന്നും ഒന്നര മീറ്റർ വീതികൂട്ടിയുള്ള നിർദ്ദിഷ്ട അലൈൻമെന്റിന് വ്യാപാരികൾ അനുകൂലമാണെന്നും വികസന പ്രവൃത്തികാരണം കച്ചവടം നിർത്തിപ്പോകേണ്ട സ്ഥാപനങ്ങൾ നിൽക്കുന്ന ഭാഗത്ത്‌ വീതികൂട്ടിന്ന സമയത്ത്‌ പ്രത്യേകപരിഗണന മാത്രമാണ് ഞങ്ങളുടെ ആവശ്യമെന്നും വ്യാപാരി നേതാക്കൾ പറഞ്ഞു.

കല്ലാച്ചി മിനി ബൈപാസ്സ്‌ റോഡ്‌ പൂർത്തിയാകുന്നതോടെ കല്ലാച്ചി ടൗണിൽ ട്രാഫിക്‌ പരിഷ്കരണത്തിൽ കാതലായ മാറ്റം വരുത്താൻ തീരുമാനിച്ചു. ഇതിനുള്ള നിർദ്ദേശം തയ്യാറാക്കാൻ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്, പൊതുമരാമത്ത്‌ അസി.എക്സി.എഞ്ചിനിയർ ട്രാഫിക്‌ പോലീസ്‌ സബ്‌ ഇൻസ്പെക്ടർ എന്നിവരെ യോഗം ചുമതലപ്പെടുത്തി.

ഇതിനായി ഓട്ടോ തൊഴിലാളികളുടെ യൂണിയൻ പ്രതിനിധികളുടെയും കെട്ടിട ഉടമകളുടെ സംഘടനാ പ്രതിനിധികളുടെയും യോഗം വിളിച്ചു ചേർക്കുന്നതാണ്. യോഗത്തിൽ പ്രസിഡന്റ്‌ വി വി മുഹമ്മദലി അധ്യക്ഷം വഹിച്ചു.

വൈസ് പ്രസിഡന്റ്‌ അഖില മര്യാട്ട്,‌ സ്ഥിരംസമിതി അധ്യക്ഷന്മാരായ സി കെ നാസർ, എം സി സുബൈർ, കെ ഡബ്ല്യു എ എക്സി.എഞ്ചിനിയർ എ എസ്‌ രാജു, അസി. എക്സി എഞ്ചിനിയർ കെ ആർ മറിയം, പൊതുമരാമത്ത്‌ വകുപ്പ്‌ അസി എക്സി എഞ്ചിനിയർ നിധിൽ ലക്ഷ്‌മണ, ട്രാഫിക്‌ എസ്‌ ഐ കെ കെ സുരേഷ്ബാബു, എ ഇ മാരായ സി ബി നളിൻ കുമാർ, ടി അബ്ദുൽ ഹമീദ്‌, എസ്‌ അഭിലാഷ്‌,

ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ പി പി ബാലകൃഷ്ണൻ, അബ്ബാസ്‌ കണേക്കൽ, ഇ പി ശരണ്യ വ്യാപാര സംഘടനാ നേതാക്കളായ തേറത്ത്‌ കുഞ്ഞി കൃഷ്ണൻ നമ്പ്യാർ എം സി ദിനേശൻ കെ കെ അബൂബക്കർഹ ഹാജി, ഷഹറാസ്‌ കുഞ്ഞമ്മദ്‌ഹാജി കെ ബിനീത്ത്‌ പി കെ ശ്രീരാജ്‌, മുഹമ്മദ് ഷിനാസ് തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/149435/untangle-allparty-group-meet-ministers-resolve-trafficjam-kalachitown)