---
title: "മന്ത്രവാദ ചികിത്സ; വടകരയിൽ യുവതിയുടെ മൃതദേഹം കസ്റ്റഡിയിലെടുത്തു, ദുരൂഹതയെന്ന് ബന്ധുക്കൾ "
english_title: "Witchcraft treatment; The woman's body was taken into custody in Vadakara, relatives said"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/14971/witchcraft-treatment-the-womans-body-was-taken-into-custody-in-vadakara-relatives-said"
published_at: "2021-12-07T22:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61af9a4c5a79c_death.jpg"
keywords: []
---

# മന്ത്രവാദ ചികിത്സ; വടകരയിൽ യുവതിയുടെ മൃതദേഹം കസ്റ്റഡിയിലെടുത്തു, ദുരൂഹതയെന്ന് ബന്ധുക്കൾ 

> **Lead Summary:** **നാദാപുരം :** ഭർത്താവ് ആലുവയിലേ ധ്യാനകേന്ദ്രത്തിലേക്ക് കൊണ്ടുപോയ യുവതി മരിച്ചു. പ്രാകൃത മന്ത്രവാദ ചികിത്സയാണ് നടത്തിയതെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കളുടെ പരാതി. വടകരയിൽ യുവതിയുടെ മൃതദേഹം പൊലീസ് കസ്റ്റഡിയിലെടുത്തു.

## Article Content

**നാദാപുരം :** ഭർത്താവ് ആലുവയിലേ ധ്യാനകേന്ദ്രത്തിലേക്ക് കൊണ്ടുപോയ യുവതി മരിച്ചു. പ്രാകൃത മന്ത്രവാദ ചികിത്സയാണ് നടത്തിയതെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കളുടെ പരാതി. വടകരയിൽ യുവതിയുടെ മൃതദേഹം പൊലീസ് കസ്റ്റഡിയിലെടുത്തു.

ദുരൂഹതയുടെ ചുരുളഴിക്കാൻ നാളെ പോസ്റ്റ് മോർട്ടം നടത്തും. പുറമേരി കുനിങ്ങാട്ടെ കിഴക്കയിൽ നൂർജഹാൻ (43)ൻ്റെ മരണത്തിൽ വളയം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

ഒരു വർഷത്തോളമായി ത്വക്ക് രോഗം ബാധിച്ച അന്ധവിശ്വാസിയായ ഭർത്താവ് ചികിത്സ നിഷേധിച്ചതിനെ തുടർന്നാണ് മരിച്ചതെന്ന് കാണിച്ച് ഉമ്മ കുഞ്ഞയിശയും മാതൃസഹോദരിയുടെ മകൻ വില്ല്യാപ്പള്ളി സ്വദേശി ഫൈസലും നൽകിയ പരാതിയിലാണ് പൊലീസ് കേസ്.

കല്ലാച്ചിയിലെ ചെട്ട്യം ൻ്റെവിട ജമാലിൻ്റെ ഭാര്യയാണ് നൂർജഹാൻ .ഇവർക്ക് അഞ്ച് മക്കളുണ്ട്. ഇന്ന് പുലർച്ചെ നാല് മണിക്ക് നൂർജഹാൻ്റെ ഉമ്മയുടെ ഫോണിൽ വിളിച്ചാണ് മകൾ വീരചരമമടഞ്ഞതായി അറിച്ചത്. കല്ലാച്ചി വളയം റോഡിൽ ജാതിയേരി കല്ലുമ്മൽ പള്ളിക്ക് സമീപത്ത് വാടക വീട്ടിലാണ് ഇവർ താമസിക്കുന്നത്.

ഒരാഴ്ച്ചയായി ത്വക്ക് രോഗം മൂർജ്ജിച്ചിട്ടും ചികിത്സയ്ക്ക് കൊണ്ടുപോയില്ലെന്ന് ഇവിടുത്തെ അയൽവാസികൾ പറയുന്നുണ്ട്. ഇന്നലെയാണ് ആലുവയിലെ മത ചികിത്സാ കേന്ദ്രത്തിലേക്ക് എന്ന് പറഞ്ഞ് ആബുലൻസിൽ നൂർജഹാനെ കൊണ്ടു പോയത്.

മരണ വിവരം അറിഞ്ഞ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ഇതോടെ ആലുവയിൽ നിന്ന് മൃതദേഹവുമായി പുറപ്പെട്ട ആബുലൻസ് വടകര സ്റ്റേഷനിൽ എത്തിക്കാൻ പൊലീസിൽ ആവശ്യപ്പെട്ടു. 

മൃതദേഹം പോസ്റ്റ് മോർട്ടം നടത്തുന്ന സാഹചര്യം ഒഴിവാക്കാൻ ഭർതൃവീട്ടുകാരും രാഷ്ട്രീയ മത സമ്മർദ്ദം ഇതിനിടയിൽ ഉണ്ടായതായി പരാതി നൽകിയ ഫൈസൽ ട്രൂ വിഷൻ ന്യൂസിനോട് പറഞ്ഞു. 

വൈകിട്ടോടെ വടകരയിൽ എത്തിച്ച മൃതദ്ദേഹം മറ്റൊരു ആബുലൻസിലേക്ക് മാറ്റാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. പൊലീസ് എത്തി മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

എട്ട് മാസം മുമ്പ് നൂർ ജഹാന് ത്വക്ക് രോഗം ബാധിച്ചപ്പോൾ ഭർതൃവീട്ടുകാർ പ്രാകൃത ചികിത്സയ്ക്കാണ് ശ്രമിച്ചത്. പിന്നീട് യുവതിയുടെ വീട്ടുകാർ നിർബന്ധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് വിദഗ്ധ ചികിത്സ നൽകി രോഗം ബേധമാക്കി.

എന്നാൽ 35000 രൂപ വിലവരുന്ന ഒരു ഇഞ്ചൻഷൻ നൽകിയിരുന്നു .മൂന്ന് മാസത്തിന് ശേഷം ഇതിൻ്റെ രണ്ടാം ഡോസ് നൽകേണ്ടതായിരുന്നു. ഇതിന് മുൻകൂർ പണം അടച്ചതാണെന്നും എന്നാൽ ഈ തുടർ ചികിത്സ നടത്താൻ ജമാൽ തയ്യാറായില്ലെന്നും യുവതിയുടെ ബന്ധുക്കൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/14971/witchcraft-treatment-the-womans-body-was-taken-into-custody-in-vadakara-relatives-said)