---
title: "#Waste | മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്തു; സ്ഥാപനത്തിനും കെട്ടിട ഉടമകൾക്കുമെതിരെ ഗ്രാമപഞ്ചായത്തിന്റെ നടപടി "
english_title: "#Waste #handled #carelessly #Grampanchayat #action #buildiowners"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/153522/waste-handled-carelessly-grampanchayat-action-buildiowners"
published_at: "2023-10-14T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652a3ddb6d4ff_waste.jpg"
keywords: []
---

# #Waste | മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്തു; സ്ഥാപനത്തിനും കെട്ടിട ഉടമകൾക്കുമെതിരെ ഗ്രാമപഞ്ചായത്തിന്റെ നടപടി 

> **Lead Summary:** **നാദാപുരം: [** നാദാപുരം പഞ്ചായത്തിലെ ചേലക്കാട് മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്യുകയും മലിനജലം പുറത്തേക്ക് ഒഴുക്കി വിടുകയും ചെയ്ത സ്ഥാപനത്തിനും കെട്ടിട ഉടമകൾക്കുമെതിരെ ഗ്രാമപഞ്ചായത്തിന്റെ നടപടി.

## Article Content

**നാദാപുരം: [** നാദാപുരം പഞ്ചായത്തിലെ ചേലക്കാട് മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്യുകയും മലിനജലം പുറത്തേക്ക് ഒഴുക്കി വിടുകയും ചെയ്ത സ്ഥാപനത്തിനും കെട്ടിട ഉടമകൾക്കുമെതിരെ ഗ്രാമപഞ്ചായത്തിന്റെ നടപടി.

ചേലക്കാട് സഹകരണ ബാങ്ക് കെട്ടിടത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന മുറികളിൽ നിന്നുള്ള മാലിന്യം റൂമിന് പുറത്തും കെട്ടിടത്തിന് പരിസരത്തും കൂട്ടിയിട്ട നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് കെട്ടിട ഉടമയ്ക്ക് 3000 രൂപ പിഴ ചുമത്തി.

ചേലക്കാട് ബസ്റ്റോപ്പിന് പിറകുവശത്തെ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിലെ മലിനജലം പൈപ്പ് പൊട്ടി പുറത്തേക്ക് ഒഴുകുന്ന നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് കെട്ടിടത്തിന്റെ കൈവശക്കാരന് 5000 രൂപ പിഴ ചുമത്തി.

കുളിർമ കൂൾബാർ എന്ന സ്ഥാപനത്തിലെ മാലിന്യം പരിസരത്ത് അലക്ഷ്യമായി കൂട്ടിയിട്ടതിനെ തുടർന്ന് കടയുടമക്ക് 3000 രൂപ പിഴ ചുമത്തി. മൂന്ന് പേർക്കും 24 മണിക്കൂറിനകം മാലിന്യങ്ങൾ നീക്കം ചെയ്യാനും നാല് ദിവസത്തിനകം പിഴ അടക്കാനും കാണിച്ചുകൊണ്ട് നോട്ടീസ് നൽകി.

നിർദ്ദേശം ലംഘിക്കുന്ന പക്ഷം പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും അധികൃതർ അറിയിച്ചു. പരിശോധനയിൽ ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി ടി പ്രേമാനന്ദൻ, ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/153522/waste-handled-carelessly-grampanchayat-action-buildiowners)