---
title: "#housecaughtfire | ചെക്യാട് ഇടിമിന്നലിൽ വീടിന് തീ പിടിച്ചു; വൃക്ഷങ്ങളും കത്തിനശിച്ചു, വീട്ടുകാർ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് "
english_title: "#housecaughtfire #Chekyad #lightning #trees #burnt #family #lucky #escape"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/153966/housecaughtfire-chekyad-lightning-trees-burnt-family-lucky-escape"
published_at: "2023-10-15T21:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652c123061ada_idi.jpg"
keywords: []
---

# #housecaughtfire | ചെക്യാട് ഇടിമിന്നലിൽ വീടിന് തീ പിടിച്ചു; വൃക്ഷങ്ങളും കത്തിനശിച്ചു, വീട്ടുകാർ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് 

> **Lead Summary:** **നാദാപുരം: [** ചെക്യാട് പഞ്ചായത്തിലെ കണ്ടിവാതുക്കലിൽ ശക്തമായ ഇടിമിന്നലിൽ വീടിന് തീ പിടിച്ചു. കണ്ടിവാതുക്കൽ അഭയ ഗിരിയിലെ പുറപ്പുഴയിൽ മേരിയുടെ വീടിനാണ് തീ പിടിച്ചത്.

## Article Content

**നാദാപുരം: [** ചെക്യാട് പഞ്ചായത്തിലെ കണ്ടിവാതുക്കലിൽ ശക്തമായ ഇടിമിന്നലിൽ വീടിന് തീ പിടിച്ചു. കണ്ടിവാതുക്കൽ അഭയ ഗിരിയിലെ പുറപ്പുഴയിൽ മേരിയുടെ വീടിനാണ് തീ പിടിച്ചത്.

ശനിയാഴ്ച രാത്രി ഏഴര മണിയോടെയാണ് സംഭവം. ശക്തമായ മഴയോടൊപ്പം ഉണ്ടായ ഇടിമിന്നലിൽ വീടിന് സമീപത്തെ തെങ്ങിനാണ് ആദ്യം തീ പിടിച്ചത്. ഇതോടൊപ്പം ഇലക്ട്രിക് ലൈനിൽ നിന്ന് വീടിലേക്കുള്ള വയറിലൂടെ തീ വീടിന്റെ മേൽക്കൂരയിലേക്കും വ്യാപിച്ചു.

ഓലയും ടാർ പോളിനും ഉപയോഗിച്ചുള്ള മേൽക്കൂരയിൽ രണ്ട് ഭാഗത്ത് തീ പിടിച്ചെങ്കിലും കനത്ത മഴയിൽ തീ അണഞ്ഞതിനാൽ കൂടുതൽ സ്ഥലത്തേക്ക് വ്യാപിച്ചില്ല. മൺ കട്ട കൊണ്ട് നിർമ്മിച്ച വീടിന്റെ മുൻഭാഗത്തെ മൺ കട്ടകൾ ചിതറി തെറിച്ചു പോയി.

വീടിന്റെ സമീപത്തെ പ്ളാവിനും ഇടിമിന്നലേറ്റു. പ്ലാവിന്റെ ചുവട്ടിൽ വൻ കുഴി രൂപപ്പെട്ടിട്ടുണ്ട്. വീട്ടിലെ ഇലക്ട്രിക് മീറ്ററും വയറിംഗ്യം കത്തി നശിച്ചു. ടിവി പൊട്ടിത്തെറിച്ചു.

സംഭവം നടക്കുമ്പോൾ മേരിയും (60) മകൻ പ്രിൻസും (40) വീട്ടിലുണ്ടായിരുന്നു. വീട്ടുകാർ അത്ഭുത കരമായി രക്ഷപ്പെടുകയായിരുന്നു. മിന്നലിന്റെ ആഘാതത്തിൽ മേരിയും, മകൻ പ്രിൻസും ഷോക്കേറ്റ് തെറിച്ച് വീണു.

മേരിക്ക് കേൾവി നഷ്ടപ്പെട്ട സ്ഥിതിയാണ്. അയൽ വീടുകളിലെ താമസക്കാർക്കും മിന്നലേറ്റു. ജോസ് കൂവത്തോട്, ആലിസ് പുറപ്പുഴയിൽ, ഗീത മാക്കൂൽ ചിറ്റേരി എന്നിവർക്കും മിന്നലേറ്റു. കണ്ടി വാതുക്കൽ ട്രാൻസ് ഫോർമറിനും തകരാർ സംഭവിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/153966/housecaughtfire-chekyad-lightning-trees-burnt-family-lucky-escape)