---
title: "#replacedpost | കാത്തിരിപ്പിന് വിട; റോഡിലെ പോസ്റ്റ് മാറ്റി സ്ഥാപിച്ച് കെ.എസ്.ഇ.ബി "
english_title: " #waiting #KSEB #replaced #post #road"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/159297/waiting-kseb-replaced-post-road"
published_at: "2023-11-03T22:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654525e81fcdf_road.jpg"
keywords: []
---

# #replacedpost | കാത്തിരിപ്പിന് വിട; റോഡിലെ പോസ്റ്റ് മാറ്റി സ്ഥാപിച്ച് കെ.എസ്.ഇ.ബി 

> **Lead Summary:** **എടച്ചേരി: [ **വർഷങ്ങളുടെ നാട്ടുകാരുടെ കാത്തിരിപ്പിന് വിരാമം. എടച്ചേരി- ഇരിങ്ങണ്ണൂർ റോഡിലെ എം.എ ഹൗസ് ബസ്റ്റോപ്പിന് സമീപമുള്ള ഇ.ഐ.40ാം നമ്പർ ഇലക്ട്രിക് പോസ്റ്റ് മാറ്റി സ്ഥാപിച്ചു.

## Article Content

**എടച്ചേരി: [ **വർഷങ്ങളുടെ നാട്ടുകാരുടെ കാത്തിരിപ്പിന് വിരാമം. എടച്ചേരി- ഇരിങ്ങണ്ണൂർ റോഡിലെ എം.എ ഹൗസ് ബസ്റ്റോപ്പിന് സമീപമുള്ള ഇ.ഐ.40ാം നമ്പർ ഇലക്ട്രിക് പോസ്റ്റ് മാറ്റി സ്ഥാപിച്ചു.

എടച്ചേരി- ഇരിങ്ങണ്ണൂർ റോഡ് വീതി കൂട്ടിയതിനു ശേഷം വാഹന യാത്രക്കാർക്ക് അപകടകരമാം വിധം നിലനിന്നിരുന്ന നിരവധി പോസ്റ്റുകളിൽ ഒന്നാണിത്.

കഴിഞ്ഞ ദിവസമാണ് എടച്ചേരി കെഎസ്ഇബി ഉദ്യോഗസ്ഥരുടെയും, ജോലിക്കാരുടെയും നേതൃത്വത്തിൽ പഴയ പോസ്റ്റ് മാറ്റി പുതിയത് സ്ഥാപിച്ചത്.

സദാ സമയവും തിരക്കേറിയ എടച്ചേരി- ഇരിങ്ങണ്ണൂർ റോഡിലെ വാഹന യാത്രക്കാർക്കും നാട്ടുകാർക്കും വലിയ ആശ്വാസമായിത് മാറി.

രാവിലെയും, വൈകിട്ടും മേഖലയിലെ പ്രധാന സ്കൂളുകളിലേക്ക് വിദ്യാർത്ഥികളുൾപ്പെടെ ഇതുവഴിയാണ് കടന്നു പോകുന്നത്. കൂടാതെ കണ്ണൂർ എയർപോർട്ട് ലക്ഷ്യമാക്കി നിരവധി വാഹനങ്ങളും ഇതുവഴി സഞ്ചരിക്കുന്നു.

വടകര- ഇരിങ്ങണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന ബസുകൾ, എടച്ചേരി ടൗൺ ലക്ഷ്യമാക്കി വരുന്ന ജീപ്പ് സർവീസുകൾ ഉൾപ്പെടെ നിരവധി ടാക്സി വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും സഞ്ചരിക്കുന്ന തിരക്കേറിയ റോഡാണിത്.

വർഷങ്ങൾക്കു മുമ്പ്, ജീപ്പിന്റെ പിൻഭാഗത്ത് തൂങ്ങി നിന്ന് യാത്ര ചെയ്യുന്നതിനിടയിൽ അബദ്ധവശാൽ ഇതേ പോസ്റ്റിൽ തട്ടി ഒരു വിദ്യാർത്ഥി മരണമടഞ്ഞിരുന്നു. അപകടം നടന്നയുടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അതിനുശേഷം സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നും എടച്ചേരി- ഇരിങ്ങണ്ണൂർ റോഡിലെ അപകടകരമായ പോസ്റ്റുകൾ മാറ്റണമെന്ന ആവശ്യം ശക്തമായിരുന്നു.

ഭരണ ഉദ്യോഗസ്ഥ തലങ്ങളിൽ ഇതു സംബന്ധിച്ച് ചിലർ പരാതിയുമയച്ചിരുന്നു. അല്പം വൈകിയാണെങ്കിലും ഒരു വിദ്യാർത്ഥിക്ക് ജീവഹാനി സംഭവിച്ച പോസ്റ്റ് മാറ്റിയതിന്റെ ആനന്ദത്തിലാണ് എടച്ചേരിയിലെ പ്രദേശവാസികൾ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/159297/waiting-kseb-replaced-post-road)