---
title: "#donation  |  തേനൂറും തനിമ; മാതൃകയായി ഹ്യൂമാനിറ്റീസ് പൂർവ്വ വിദ്യാർത്ഥികൾ"
english_title: "#purity #Humanities #alumni #rolemodels"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/159463/thenurum-tanima-humanities-alumni-as-role-models"
published_at: "2023-11-04T16:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65461f9749e81_donation_1.jpg"
keywords: []
---

# #donation  |  തേനൂറും തനിമ; മാതൃകയായി ഹ്യൂമാനിറ്റീസ് പൂർവ്വ വിദ്യാർത്ഥികൾ

> **Lead Summary:** **പേരോട്:** **[** പഠിച്ചിറങ്ങിയ കലാലയത്തോടുള്ള അനുകമ്പ അന്വർത്ഥമാക്കിയിരിക്കുകയാണ് പ്ലസ് ടു ഹ്യൂമാനിറ്റീസ് വിദ്യാർത്ഥികൾ. 2006-2008 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പേരോട് എം.ഐ.എം ഹയർ സെക്കൻണ്ടറി സ്കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനായുള്ള തുക കൈമാറി.

## Article Content

**പേരോട്:** **[** പഠിച്ചിറങ്ങിയ കലാലയത്തോടുള്ള അനുകമ്പ അന്വർത്ഥമാക്കിയിരിക്കുകയാണ് പ്ലസ് ടു ഹ്യൂമാനിറ്റീസ് വിദ്യാർത്ഥികൾ. 2006-2008 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പേരോട് എം.ഐ.എം ഹയർ സെക്കൻണ്ടറി സ്കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനായുള്ള തുക കൈമാറി.

ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസം പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഹ്യുമാനിറ്റീസ് കുടുംബസംഗമം സംഘടിപ്പിച്ചിരുന്നു. നീണ്ട 15 വർഷങ്ങൾക്ക് ശേഷം നടന്ന വിദ്യാർഥി കുടുംബ സംഗമം എന്തുകൊണ്ടും ആവേശമായിരുന്നു. 2008 മാർച്ച് മാസം പരീക്ഷയെഴുതി പുറത്തിറങ്ങിയതിനു ശേഷം പിന്നീട് പലരും പരസ്പരം കാണുന്നത് കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ്.

ഇത് വിദ്യാർത്ഥികളിൽ എന്നപോലെ കണ്ടു നിന്ന അധ്യാപകരിലും വേറിട്ട അനുഭവമായി മാറി. കാലം മനുഷ്യരെ മാറ്റിയെങ്കിലും, പഴയകാല ഓർമ്മകളും, സൗഹൃദ സംഭാഷണങ്ങളും അവരെ വീണ്ടും 2006-08 കാലഘട്ടത്തിലേക്ക് തിരികെ കൊണ്ടുപോയി.

ഇത്രയൊന്നും വിവരസാങ്കേതിക സാഹചര്യം മെച്ചപ്പെട്ടില്ലാത്ത അക്കാലത്ത് ഭാവിയിൽ നമ്മളിങ്ങനെ ഒരുമിച്ച് കൂടുമെന്ന പ്രതീക്ഷ വിദ്യാർത്ഥികളിൽ ഒട്ടുമില്ലായിരുന്നു. അതുകൊണ്ടുതന്നെ ഈയൊരു യാദൃശ്ചികത വിദ്യാർഥികളുടെ മുഖത്ത് പ്രകടമായിരുന്നു.

പഠനശേഷം പലരും ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുവാൻ വേണ്ടി നാട്ടിലും വിദേശത്തുമായി വിവിധ തൊഴിലുകളിൽ ഏർപ്പെടുകയായിരുന്നു. ഇനിയൊരു കൂടിച്ചേരലോ, ഒരുവട്ടം കൂടി പ്ലസ് ടു ഹ്യൂമാനിറ്റീസ് ക്ലാസിൽ ഒരുമിക്കുമോ എന്ന് കരുതിയിരുന്നില്ല. 2014 ഫെബ്രുവരിയിൽ 2006-2008 ഹ്യൂമാനിറ്റീസ് ബാച്ച് എന്ന പേരിൽ വാട്ട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിക്കുകയുണ്ടായി.

തുടക്കത്തിൽ വളരെ ചുരുങ്ങിയ വിദ്യാർഥികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് നാട്ടിലെയും വിദേശത്തേയുമുള്ള വിദ്യാർത്ഥി സൗഹൃദം ഉപയോഗിച്ചാണ് നീണ്ട വർഷങ്ങൾക്കിപ്പുറം നിരവധി ചർച്ചകൾക്ക് ശേഷം ഒരു കുടുംബസംഗമം യാഥാർത്ഥ്യമാക്കുവാൻ സാധിച്ചത്. ആൺകുട്ടികൾക്ക് പുറമെ, പെൺകുട്ടികളുടെ സജീവ സാന്നിധ്യവും ചടങ്ങിന് മാറ്റു കൂട്ടി.

തങ്ങളുടെ അച്ഛനും അമ്മയും പഠിച്ച സ്കൂൾ കണ്ടതിന്റെ നിർവൃതിയിലായിരുന്നു അവരുടെ മക്കൾ. പലരും കൈകുഞ്ഞിനെ തോളിലേറ്റിയാണ് ഈ ചരിത്ര സംഗമത്തിൽ പങ്കെടുത്തത്. അന്ന് ഉരുത്തിരിഞ്ഞ ആശയങ്ങളുടെ അടിസ്ഥാനത്തിൽ പ്ലസ് ടു ഹ്യുമാനിറ്റീസ് ബാച്ചിന്റെ മധുരമൂറും തനിമ നിലനിർത്തി സ്കൂളിനുവേണ്ടി എന്തെങ്കിലും ചെയ്യുവാൻ തീരുമാനമെടുത്തു.

പിന്നീട് വിവിധ ഘട്ടങ്ങളിലായി സ്കൂൾ മാനേജ്മെന്റു മായും അധ്യാപകർ മുഖേനയും ആശയവിനിമയം നടത്തി ഒരന്തിമ തീരുമാനത്തിൽ പ്രവേശിച്ചു. പ്ലസ് ടു ഹ്യൂമാനിറ്റീസ് ക്ലാസിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് വേണ്ടി സംഭാവന നൽകാം എന്നതായിരുന്നു അത്.

ഇതിന്റെ ഭാഗമായി 2006-2008 ഹ്യൂമാനിറ്റീസ് ബാച്ച് വിദ്യാർത്ഥികളിൽ നിന്നും സ്വരൂപിച്ച സംഖ്യ ക്ലാസ് പ്രതിനിധി നിയാസ്, ഷബീർ അലി എന്നിവരിൽ നിന്നും ബാച്ചിന്റെ ക്ലാസ് ടീച്ചർ റഷീദ് മാസ്റ്ററുടെ സാന്നിധ്യത്തിൽ സ്കൂൾ പ്രിൻസിപ്പൽ നസീർ മാസ്റ്റർക്ക് കൈമാറി.

വിദേശ വിദ്യാർത്ഥി പ്രതിനിധി സാലിം തൻ്റെ സഹ വിദ്യാർത്ഥികളോട് ഈ മഹത്തായ ഉദ്യമത്തിൽ പങ്കെടുത്തതിന്റെ നന്ദി രേഖപ്പെടുത്തി. 2006-08 ഹ്യൂമാനിറ്റീസ് ബാച്ചിന്റെ അടയാളമായി എന്നും ഈയൊരു സംരംഭം നിലനിൽക്കട്ടെ എന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/159463/thenurum-tanima-humanities-alumni-as-role-models)