---
title: "#road | ആ സ്വപ്‌നം പൂവണിയുമോ ? ചുരമില്ലാതെ വയനാട്ടിലേക്ക് യാത്ര ചെയ്യാന്‍ വിലങ്ങാട് - വയനാട് ബദല്‍ റോഡ്"
english_title: "#Will #dream #blossom #Vilangad #Wayanad #alternative #road #travel #Wayanad #pass"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/160847/will-dream-blossom-vilangad-wayanad-alternative-road-travel-wayanad-pass"
published_at: "2023-11-09T17:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654cc5d0e5810_nadapuram.jpg"
keywords: []
---

# #road | ആ സ്വപ്‌നം പൂവണിയുമോ ? ചുരമില്ലാതെ വയനാട്ടിലേക്ക് യാത്ര ചെയ്യാന്‍ വിലങ്ങാട് - വയനാട് ബദല്‍ റോഡ്

> **Lead Summary:** **നാദാപുരം:[ **നാല് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പറഞ്ഞ് കേട്ട വിലങ്ങാട് - വയനാട് ബദല്‍ റോഡ് വീണ്ടും ചര്‍ച്ചകളില്‍ നിറയുന്നു. വയനാട്ടിലേക്കുള്ള യാത്രാ അനുദിനം ദുരിതമായി തീരുന്ന സാഹചര്യത്തിലാണ് വിലങ്ങാട് പാനോത്ത് നിന്ന് ആരംഭിക്കുന്ന ചുരമില്ലാത്ത ബദല്‍ റോഡിന് വേണ്ടി ആവശ്യം ശക്തമാകുന്നത്.

## Article Content

**നാദാപുരം:[ **നാല് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പറഞ്ഞ് കേട്ട വിലങ്ങാട് - വയനാട് ബദല്‍ റോഡ് വീണ്ടും ചര്‍ച്ചകളില്‍ നിറയുന്നു. വയനാട്ടിലേക്കുള്ള യാത്രാ അനുദിനം ദുരിതമായി തീരുന്ന സാഹചര്യത്തിലാണ് വിലങ്ങാട് പാനോത്ത് നിന്ന് ആരംഭിക്കുന്ന ചുരമില്ലാത്ത ബദല്‍ റോഡിന് വേണ്ടി ആവശ്യം ശക്തമാകുന്നത്.

താമരശ്ശേരി ചുരം റോഡിലും പക്രതളം ചുരം റോഡിലും ഗതാഗതകുരുക്ക് രൂക്ഷമാണ്. കോഴിക്കോട് - വയനാട് ജില്ലാ അതിര്‍ത്തിയിലെ മലയോരവാസികളുടെ സ്വപ്നമാണ് ചുരമില്ലാത്ത ആ ബദല്‍ റോഡ്. കേരളത്തിന്റെ വികസന നേട്ടങ്ങളില്‍ ഇടം പിടിച്ച മലയോര ഹൈവേയിലും പ്രസ്തുത റോഡ് ഇടം പിടിക്കാതെ പോയി.

വിലങ്ങാട് മഞ്ഞക്കുന്ന് വഴിയാണ് മലയോര ഹൈവേ കടന്ന് പോയത്. വിലങ്ങാട് പാനോത്ത് നിന്ന് ആറു കീലോമീറ്റര്‍ സഞ്ചരിച്ചാല്‍ വയനാട് ജില്ലയിലെ കുഞ്ഞോത്ത് എത്തിച്ചേരാം. ചുരമില്ലാതെ. ഇപ്പോള്‍ ഇവിടെ 6 മീറ്റര്‍ വീതിയില്‍ മണ്ണ് റോഡ് നിലവിലുണ്ട്. ഇത് വഴി റോഡ് നിര്‍മ്മിച്ചാല്‍ കോഴിക്കോട് -വയനാട് ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ചുരമില്ലാത്ത സഞ്ചാരപാത ഒരുക്കാം.

നിലവില്‍ വയനാട്ടിലേക്കുള്ള താമരശ്ശേരി ചുരം റോഡിനും പക്രതളം ചുരം റോഡിനും അറ്റകുറ്റപണികള്‍ക്കായി വര്‍ഷം തോറും ലക്ഷക്കണക്കിന് രൂപയാണ് ചെലവഴിക്കുന്നത്. ഇതിന്റെ മൂന്നിലൊന്ന് ചെലവില്ലാതെ ബദല്‍ റോഡ് യാഥാര്‍ത്ഥ്യമായാല്‍ വയനാട്ടിലേക്ക് സുരക്ഷിതമായ ഗതാഗത സൗകര്യമൊരുക്കാം.

പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ കുങ്കിച്ചിറ വഴിയാണ് വിലങ്ങാട് - കുഞ്ഞോം ബദല്‍ റോഡ് കടന്ന് പോകുന്നത്. ഇത് വഴിയുള്ള റോഡ് വികസനം ഇരുജില്ലകളിലേയും ടൂറിസം വികസനത്തിനും ഗുണകരമാണ്. 1977 ല്‍ അന്നത്തെ വനംവകുപ്പ് മന്ത്രി കുഞ്ഞമ്പു നിര്‍ദ്ദഷ്ട റോഡിന്റെ സാധ്യതകള്‍ പഠിക്കാനായി വിദഗ്ദ സമിതി രൂപീകരിച്ചെങ്കിലും ഒന്നും വെളിച്ചം കണ്ടിട്ടില്ല.

എംഎല്‍എമ്മാരായ എ കണാരനും സത്യന്‍ മെകേരിയും ബദല്‍ റോഡിനായി പദയാത്ര നടത്തിയിരുന്നു. വനഭൂമി വിട്ട്കിട്ടാനുള്ള പരിസ്ഥിതി ലഭിക്കാത്തതിനെ തുടര്‍ന്ന് ബദല്‍ റോഡ് സ്വപ്നങ്ങള്‍ അവസാനിക്കുകയായിരുന്നു. നാദാപുരത്തിന് നിന്ന് തെരഞ്ഞെടുക്കപ്പെട്ട ബിനോയ് വിശ്വം വനംമന്ത്രിയാപ്പോഴും മുല്ലപ്പള്ളി രാമചന്ദ്രന്‍ വടകര പാർല്മെന്റ് മണ്ഡലത്തിൽ നിന്നും കേന്ദ്ര മന്ത്രി സഭയില്‍ ഇടം പിടിച്ചപ്പോഴും ബദല്‍ റോഡ് സ്വപ്നം യാഥാര്‍ത്ഥ്യമായില്ല.

വനംഭൂമി വിട്ട് കിട്ടുന്നതിനായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണം. നിലവിലുള്ള 8 കിലോമീറ്റര്‍ റോഡില്‍ 2.67 കിലോമീറ്റര്‍ മാത്രമാണ് വനഭൂമിയിലൂടെ കടന്ന് പോകുന്നത്. ഏറ്റെടുക്കുന്ന വനഭൂമിക്കായി പകരം ഭൂമി പൊന്നുവിലക്ക് ഏറ്റെടുത്തു നല്‍കാമെന്ന് വാണിമ്മേല്‍ (കോഴിക്കോട്), തൊണ്ടര്‍നാട് (വയനാട്) ഗ്രാമ പഞ്ചായത്തുകള്‍ വ്യക്തമാക്കിയിട്ടുണ്ട്.

വന സംരക്ഷണ നിയമ ഭേഗതി പ്രകാരം പൊതു ആവശ്യങ്ങള്‍ക്ക് വേണ്ടി വനഭൂമി ഏറ്റെടുക്കാമെന്നതും ബദല്‍ റോഡിന് അനുകൂലമാണ്. വയനാടിനെ ബദല്‍ റോഡ് വഴി വിലങ്ങാടുമായി ബന്ധിപ്പിച്ചാല്‍ വയനാട്ടുകാര്‍ക്ക് കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്കുള്ള ദൈര്‍ഘ്യം കുറഞ്ഞ സഞ്ചാര പാതയും ഇത് വഴിയാകും.

നിലവില്‍ വിലങ്ങാട് നിന്ന് 13 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കുറ്റല്ലൂര്‍ വഴി കൊട്ടിയൂരിനടുത്ത നെടുംപൊയിലെത്താം. വടക്കേ മലബാറിന്റെ റെയില്‍വെ വികസനത്തിന് നാഴികക്കല്ലായി മാറുന്ന തല്ലശ്ശേരി- മൈസൂര്‍ റെയില്‍പാതയ്ക്കും ഏറ്റവും ചെലവ് കുറഞ്ഞതും ലാഭകരമായി കണ്ടെത്തിയതും വിലങ്ങാട് പാനോം വഴിയുള്ള പാതയാണ്.

നാദപുരം നിയോജക മണ്ഡലത്തിന്റെ തലവര മാറ്റിയെഴുതാവുന്ന വിലങ്ങാട് - വയനാട് ബദല്‍ റോഡിന് വേണ്ടി നാടിനെ പ്രതിനീധികരിക്കുന്ന ജനപ്രതിനിധികള്‍ കാര്യക്ഷമായി ഇടപെടുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. സ്വാതന്ത്യ സമര കാലഘട്ടത്തില്‍ പഴശ്ശിരാജ് ഇത് വഴിയാണ് പടയോട്ടം നടത്തിയതെന്നും ചരിത്ര രേഖകളില്‍ പരമാര്‍ശിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/160847/will-dream-blossom-vilangad-wayanad-alternative-road-travel-wayanad-pass)