---
title: "#NavaKeralaSadas | നാദാപുരത്ത് നാളെ മന്ത്രിസഭ; നവ കേരള സദസ്സ്, കല്ലാച്ചിയിൽ 30,000 പേർ പങ്കെടുക്കും, ഒരുക്കങ്ങൾ പൂർത്തിയായി "
english_title: "#Cabinet #tomorrow #Nadapuram #NavaKeralaSadas #30,000 #people #participate #Kallachi #preparations #complete"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/164454/cabinet-tomorrow-nadapuram-navakeralasadas-30000-people-participate-kallachi-preparations-complete"
published_at: "2023-11-23T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655ee7d92c40c_jada.jpg"
keywords: []
---

# #NavaKeralaSadas | നാദാപുരത്ത് നാളെ മന്ത്രിസഭ; നവ കേരള സദസ്സ്, കല്ലാച്ചിയിൽ 30,000 പേർ പങ്കെടുക്കും, ഒരുക്കങ്ങൾ പൂർത്തിയായി 

> **Lead Summary:** **നാദാപുരം: [ **മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടക്കുന്ന നവകേരള സദസിന്റെ കോഴിക്കോട് ജില്ലയിലെ ആദ്യ പരിപാടി വെള്ളിയാഴ്ച രാവിലെ 10 മണിക്ക് നാദാപുരം കല്ലാച്ചിയിൽ നടക്കും.

## Article Content

**നാദാപുരം: [ **മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടക്കുന്ന നവകേരള സദസിന്റെ കോഴിക്കോട് ജില്ലയിലെ ആദ്യ പരിപാടി വെള്ളിയാഴ്ച രാവിലെ 10 മണിക്ക് നാദാപുരം കല്ലാച്ചിയിൽ നടക്കും.

പരിപാടിയുടെ എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി ഇ കെ വിജയൻ എംഎൽഎ, നോഡൽ ഓഫീസർ ഡോ. ജോസഫ് എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. നിയോജക മണ്ഡലത്തിലെ 10 പഞ്ചായത്തുകളിൽ നിന്നായി മുപ്പതിനായിരം പേർ പരിപാടിക്ക് എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

കല്ലാച്ചി സംസ്ഥാന പാതയുടെ ഓരത്ത് പ്രത്യേകം സജ്ജമാക്കിയ ഗ്രൗണ്ടിൽ പരിപാടി നടക്കുന്നതിനാൽ ഗതാഗത ക്രമീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ എട്ടു മണി മുതൽ 15 കൗണ്ടറുകൾ പരാതികളും നിവേദനകളും സ്വീകരിക്കാനായി ഇവിടെ പ്രവർത്തിക്കും.

9 മണിക്ക് സംഗീതവിരുന്നും മറ്റു കലാപരി പാടികളും അരങ്ങേറും. 10 മണിക്ക് മന്ത്രിമാർ വേദിയിലെത്തും. തുടർന്ന് ഔപചാരിക പരിപാടി ആരംഭിക്കും. 11 മണിയോടെ മുഖ്യമന്ത്രിയും വേദിയിൽ എത്തിച്ചേരും. ഉച്ചയോടു കൂടി പരിപാടി സമാപിക്കും.

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഉച്ചഭക്ഷണവും കല്ലാച്ചിയിലാണ് ഏർപ്പാടാക്കിയത്. പരിപാടിയുടെ മുന്നോടിയായി നിയോജക മണ്ഡലത്തിലെ 384 കേന്ദ്രങ്ങളിൽ വീട്ടുമുറ്റം കുടുംബ സദസ്സുകൾ നടന്നിട്ടുണ്ട്. പരിപാടിയുടെ നടത്തിപ്പിന് സ്പോൺസർമാരെ കണ്ടെത്തിയിട്ടുണ്ട്.

പഞ്ചായത്തുകൾ അവരുടെ വിഹിതവും ഇതിന്റെ ചെലവിലേക്കായി നൽകും എന്നാണ് പ്രതീക്ഷിക്കുന്നത്. പരിപാടിക്ക് രാഷ്ട്രീയ ഭേദമന്യേ എല്ലാവരെയും ക്ഷണിച്ചിട്ടുണ്ടെന്നും ആരും വൈമനസ്യം പ്രകടിപ്പിച്ചിട്ടില്ലെന്നും എംഎൽഎ പറഞ്ഞു.

കല്ലാച്ചി സ്വാഗതസംഘം ഓഫീസിൽ നടന്ന വാർത്താ സമ്മേളനത്തിൽ സ്വാഗതസംഘം ഭാരവാഹികളായ വി പി കുഞ്ഞി കൃഷ്ണൻ, പി പി ചാത്തു, ടി കെ രാജൻ മാസ്റ്റർ, പി എം നാണു, കെ പി കുമാരൻ മാസ്റ്റർ, നാദാപുരം ഡിവൈഎസ്പി: വി വി ലതീഷ്, പോലീസ് ഇൻസ്പെക്ടർ ഫായിസ് അലി, ഫുഡ് സേഫ്റ്റി ഓഫീസർ ഫെബിനാ മുഹമ്മദ് അഷ്റഫ് തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/164454/cabinet-tomorrow-nadapuram-navakeralasadas-30000-people-participate-kallachi-preparations-complete)