---
title: "#pocso   | പോക്സോ കേസ്; പ്രതിക്ക് രണ്ട് കേസുകളിലായി ഏഴ് വർഷം കഠിനതടവും 35000 രൂപ പിഴയും"
english_title: "#POCSO #Case #Accused #sentenced #seven #years #rigorous #imprisonment #Rs35000 #fine #two #cases"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/171145/pocso-case-accused-sentenced-seven-years-rigorous-imprisonment-rs35000-fine-two-cases"
published_at: "2023-12-21T20:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65844d05597bc_court.jpg"
keywords: []
---

# #pocso   | പോക്സോ കേസ്; പ്രതിക്ക് രണ്ട് കേസുകളിലായി ഏഴ് വർഷം കഠിനതടവും 35000 രൂപ പിഴയും

> **Lead Summary:** **നാദാപുരം: **ബാലികയെ ലൈംഗിക ദൃശ്യങ്ങൾ ഉള്ള വീഡിയോകൾ കാണിച്ച് ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ രണ്ട് കേസുകളിലെ പ്രതിക്ക് ഏഴ് വർഷം കഠിന തടവിനും 35000 രൂപ പിഴയടക്കാനും ശിക്ഷിച്ചു.

## Article Content

**നാദാപുരം: **ബാലികയെ ലൈംഗിക ദൃശ്യങ്ങൾ ഉള്ള വീഡിയോകൾ കാണിച്ച് ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ രണ്ട് കേസുകളിലെ പ്രതിക്ക് ഏഴ് വർഷം കഠിന തടവിനും 35000 രൂപ പിഴയടക്കാനും ശിക്ഷിച്ചു.

പേരാമ്പ്ര കല്ലോട് സ്വദേശി കുരിയാടി കുനിയിൽ കുഞ്ഞമ്മദ് (56) നെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (പോക്സോ) ജഡ്ജ് എം.സുഹൈബ് ശിക്ഷിച്ചത്. 2022 സപ്തംബർ മാസമാണ് രണ്ട് കേസുകൾക്കും ആസ്പദമായ സംഭവങ്ങൾ നടന്നത്.

പേരാമ്പ്രക്ക് അടുത്തുള്ള വീട്ടിൽ അതിക്രമിച്ചു കയറി സെക്സ് വീഡിയോ കാണിച്ച് ലൈംഗികാതിക്രമത്തിന് വിധേയമാക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്തതായ ഒരു കേസിൽ ആറ് വർഷം കഠിന തടവിനും 30000 രൂപ പിഴയടക്കാനുമാണ് കുഞ്ഞമ്മദിനെ ശിക്ഷിച്ചത്.

പേരാമ്പ്ര പൊലീസ് ചാർജ്ജ് ചെയ്ത കേസിൽ ഒമ്പത് സാക്ഷികളെ വിസ്തരിക്കുകയും 17 രേഖകൾ ഹാജരാക്കുകയും ചെയ്തു. പേരാമ്പ്ര സബ് ഇൻസ്പെക്ടർ എം.എ. രഘുനാഥൻ ആണ് കേസന്വേഷണം പൂർത്തീകരിച്ച് കുറ്റപത്രം സമർപ്പിച്ചത്.

സീനിയർ സിവിൽ പൊലീസ് ഓഫിസർ പി.കെ. ബീനയാണ് കേസ് രജിസ്റ്റർ ചെയ്തത്. 2022 സപ്തംബർ മാസം തന്നെയുണ്ടായ മറ്റൊരു സംഭവത്തിൽ പേരാമ്പ്രക്ക് അടുത്ത മറ്റൊരു വീട്ടിൽ വെച്ച് പ്രായപൂർത്തിയാവാത്ത പെൺകുട്ടികളോട് ലൈംഗിക ചേഷ്ടകളോടെ സംസാരിക്കുകയും മാനഹാനി വരുത്തുകയും ചെയ്ത കേസിൽ കുഞ്ഞമ്മദിന് ഒരു വർഷം കഠിന തടവും 5000 രൂപ പിഴയും കോടതി വിധിച്ചു. പേരാമ്പ്ര എ.എസ്.ഐ. സുമ. പി. മൊഴി രേഖപ്പെടുത്തി.

പൊലീസ് സബ് ഇൻസ്പെക്ടർ ഹബീബുള്ള കുറ്റപത്രം സമർപ്പിച്ച കേസിൽ 13 സാക്ഷികളെ വിസ്തരിക്കുകയും 13 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രസ്തുത കേസുകളിൽ പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.

സീനിയർ സിവിൽ പൊലീസ് ഓഫീസറും ആയി പി.എം.ഷാനി പ്രോസിക്യൂഷൻ നടപടികളെ ഏകോപിപ്പിച്ചു. കേസിലെ പ്രതി പിഞ്ചു ബാലികയെ ബലാത്സംഗം ചെയ്ത മറ്റൊരു കേസു കൂടി കോടതിയിൽ വിചാരണ നടക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/171145/pocso-case-accused-sentenced-seven-years-rigorous-imprisonment-rs35000-fine-two-cases)